യൂറോപ്പ ലീഗ് പ്രീ-ക്വാർട്ടറിലെ രണ്ടാംപാദ മത്സരത്തിലും ചെക്ക് ക്ലബ് സ്പാർട്ട പ്രാഗിനെ ഗോളിൽ മുക്കി ലിവർപൂൾ. ഒരു ഗോൾ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം മുഹമ്മദ് സലാഹും ഇരട്ട ഗോൾ നേടിയ കോഡി ഗാക്പോയും നിറഞ്ഞുനിന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളിനാണ് യുർഗൻ ക്ലോപ്പിന്റെ സംഘം ജയിച്ചുകയറിയത്. ആദ്യപാദ മത്സരത്തിൽ 5-1നായിരുന്നു ചെമ്പടയുടെ വിജയഭേരി. ഇതോടെ ഇംഗ്ലീഷുകാർ 11-2 അഗ്രഗേറ്റിൽ ക്വാർട്ടറിലേക്ക് മുന്നേറി.
ഒന്നാം പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ വീണ മത്സരത്തിൽ ഏഴാം മിനിറ്റിൽ ഡാർവിൻ നൂനസിലൂടെയാണ് ലിവർപൂൾ ഗോൾവേട്ട തുടങ്ങിയത്. വലതുവിങ്ങിൽനിന്ന് സൊബോസ്‍ലായ് നൽകിയ ക്രോസ് നൂനസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോളുമെത്തി. എതിർ പ്രതിരോധതാരത്തിന്റെ പിഴവിനെ തുടർന്ന് സലാഹിന്റെ കാലിൽ തട്ടി വഴിമാറിയ പന്ത് ബോബി ക്ലാർക്ക് ഫിനിഷ് ചെയ്യുകയായിരുന്നു.
രണ്ടാം ഗോളിന്റെ ചൂടാറും മുമ്പ് വീണ്ടും പിഴവ് വരുത്തിയ സ്പാർട്ട മൂന്നാം ഗോൾ ചോദിച്ചുവാങ്ങുകയായിരുന്നു. ഇത്തവണ ബോബി ക്ലാർക്ക് തട്ടിയെടുത്ത പന്ത് ഗോളാക്കിയത് സലാഹ് ആണെന്ന് മാത്രം. 14 മിനിറ്റ് തികയും മുമ്പ് നാലാം ഗോളും വീണു. ഇത്തവണയും സ്പാർട്ട പ്രതിരോധത്തിന്റെ പിഴവ് തന്നെയായിരുന്നു വില്ലനായത്. പന്ത് കിട്ടിയ സലാഹ് ബോക്സിലേക്ക് ഓടിയെത്തിയ കോഡി ഗാക്പോക്ക് ക്രോസ് ചെയ്യുകയും താരം അനായാസം ലക്ഷ്യത്തിലെത്തിക്കുകയുമായിരുന്നു.
തുടർന്ന് സലാഹ് ഒരുക്കിയ അവസരങ്ങൾ സൊബോസ്‍ലായിയും ഡാർവിൻ നൂനസും തുലച്ചു. ശേഷം ബോബി ക്ലാർക്കിന്റെ തകർപ്പൻ ഷോട്ട് സ്പാർട്ട ഗോൾകീപ്പർ തടഞ്ഞിടുകയും ചെയ്തത് ലീഡ് വർധിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി. 42ാം മിനിറ്റിൽ സ്പാർട്ട ഒരു ഗോൾ തിരിച്ചടിച്ചു. പ്രസിയാഡോ നീട്ടിനൽകിയ പാസ് ഓടിപ്പിടിച്ച് ബിർമാൻസെവിക് ആണ് ഗോൾ നേടിയത്.
രണ്ടാം പകുതി തുടങ്ങിയയുടൻ സലാഹിന്റെ പാസിൽ സൊബോസ്‍ലായ് അഞ്ചാം ഗോളും നേടി. 55ാം മിനിറ്റിൽ എലിയട്ടിന്റെ ഷോട്ട് മനോഹര ഫ്ലിക്കിലൂടെ വലയിലെത്തിച്ച് കോഡി ഗാക്പോ ലിവർപൂളിന്റെ പട്ടിക തികച്ചു. തുടർന്ന് ഹാട്രിക്കിനുള്ള അവസരം മൂന്നുതവണ ഗാക്പോ പാഴാക്കി. മറ്റൊരു തവണ സലാഹിന്റെ പാസിൽ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. ഇതിനിടെ എലിയട്ടിന്റെ ഗോൾശ്രമം എതിർഗോൾകീപ്പർ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ 78 ശതമാനവും പന്ത് ലിവർപൂളിന്റെ നിയന്ത്രണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.