രാജകീയം കേരളം; സന്തോഷ് ട്രോഫിയിൽ മിസോറാമിനെയും തകർത്ത് ഫൈനൽ റൗണ്ടിൽ

കോഴിക്കോട്: മിസോറമിനും തടയാനായില്ല കേരളത്തിന്റെ കുതിപ്പ്. നിലവിലെ ചാമ്പ്യന്മാർ എന്ന വിശേഷണത്തിന് ഒട്ടും മങ്ങലേൽപിക്കാതെ അവസാന മത്സരത്തിൽ മിസോറമിനെ 5-1ന് തകർത്ത് 67ാമത് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് കേരളം അനായാസം കടന്നു.

അഞ്ചു കളികളിൽ ഒന്നിൽ പോലും തോൽവിയറിയാതെ 15 പോയന്റും നേടിയാണ് തികച്ചും രാജകീയമായി 12 ടീമുകൾ കളിക്കുന്ന ഫൈനൽ റൗണ്ടിന് കേരളം യോഗ്യത നേടിയത്. നരേഷ് ഭാഗ്യനാഥന്റെ ഇരട്ട ഗോളുകളും നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹൻ എന്നിവർ നേടിയ ഗോളുകളുമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. മാൽസാംഫെല മിസോറമിന്റെ ആശ്വാസ ഗോൾ നേടി. മുന്നേറ്റ നിരയിൽ വിഘ്നേഷും നിജോ ഗിൽബർട്ടും കാഴ്ചവെച്ച ഒത്തിണക്കമാണ് വിജയം അനായാസമാക്കിയത്.

12 പോയന്റുകളുമായി അവസാന മത്സരത്തിനിറങ്ങുമ്പോൾ ജയം മാത്രമായിരുന്നു ഇരു ടീമുകളുടെയും അജണ്ട. പരാജയപ്പെട്ടാൽ ഫൈനൽ റൗണ്ട് തന്നെ നഷ്ടപ്പെട്ടേക്കാമെന്ന ഉറപ്പിൽ കടുത്ത പോരാട്ടത്തിന് ഇറങ്ങിയപ്പോൾ തുടക്കം മുതൽ കേരളം ആക്രമിച്ചുതന്നെ കളിച്ചു. കഴിഞ്ഞ കളികളിലെ പോലെ വിങ്ങുകളിലൂടെ ആക്രമണം നടത്തുന്നതിനു പകരം മധ്യഭാഗത്തുകൂടിയായിരുന്നു കേരളം ആക്രമണം കടുപ്പിച്ചത്.

30 ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് റിസ്വാൻ അലി പായിച്ച തകർപ്പൻ ഷോട്ട് മിസോറം ഗോളി ലാൽമൗനമായുടെ പിടിയിൽ നിന്ന് വഴുതി വീണത് ഗേൾമുഖത്ത് കാത്തുനിന്ന നരേഷ് ഭാഗ്യനാഥന്റെ മുന്നിൽ. ഗോളിയെയും തടയാനെത്തിയ ഡിഫൻഡർ ലാൽറുവാത്ഫെലയെയും കബളിപ്പിച്ച് ബാക് ഹീൽ കൊണ്ട് നരേഷ് പന്ത് വലയിലാക്കി.

1-0 എന്ന നിലയിൽ ആദ്യ പകുതി കഴിഞ്ഞിറങ്ങിയ കേരളം രണ്ടാം പകുതിയിൽ മിസോ ഗോൾമുഖത്തേക്ക് തുടർച്ചയായി ഇരച്ചുകയറി. 47ാം മിനിറ്റിൽ മിസോ ഗോൾ മുഖത്തെ ഡി സർക്കിളിനു മുന്നിൽ ഡിഫൻഡർ ലാൽറുവാത്ഫെലയുടെ കൈയിൽ തട്ടിയതിന് കിട്ടിയ ഫ്രീ കിക്ക് നിജോ ഗിൽബർട്ട് നേരിട്ട് വലയിലാക്കിയപ്പോൾ പിറന്നത് ടൂർണമെന്റിലെ മനോഹരമായ ഗോളുകളിലൊന്ന്.

65ാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥൻ തന്റെ രണ്ടാമത്തെ ഗോൾ കുറിച്ചു. 77ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു മുന്നിൽ നിന്ന് ഗിഫ്റ്റി ഗ്രേഷ്യസ് തൊടുത്ത ഷോട്ട് വല പിന്നെയും കിലുക്കി. തൊട്ടുടൻ 80ാം മിനിറ്റിൽ ഫ്രീ കിക്കിൽ നിന്ന് മാൽസാംഫെല തൊടുത്ത തകർപ്പൻ ഷോട്ട് മിസോറമിന്റെ അക്കൗണ്ട് തുറന്നു. നിജോ ഗിൽബർട്ടിന്റെ ഗോളിന്റെ അതേ പകർപ്പ്. 84ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ അതിവേഗക്കാരൻ അബ്ദുൽ റഹീമിന്റെ ഗംഭീര ക്രോസിൽ നിന്ന് വിശാഖ് മോഹൻ കേരളത്തിന്റെ പട്ടിക പൂർത്തിയാക്കി.

അഞ്ചു കളികളിൽ നിന്ന് 24 ഗോളുകൾ കുറിച്ച കേരളം ആകെ വഴങ്ങിയത് രണ്ട് ഗോളുകൾ മാത്രമായിരുന്നു. ബിഹാറിനു മാത്രമാണ് മിസോറമിന് മുമ്പ് കേരളത്തിന്റെ ഗോൾ വലയിൽ പന്തെത്തിക്കാനായത്. ടീം ഫോർമേഷനിൽ വരുത്തിയ മാറ്റങ്ങൾ കേരളത്തിന്റെ ആക്രമണം ശക്തമാക്കിയതായി കോച്ച് പി.ബി. രമേഷും അസി. കോച്ച് ബിനീഷ് കിരണും പറഞ്ഞു.

യോഗ്യരായി ഗോവ, ഡൽഹി, മേഘാലയ, മിസോറം, കർണാടക ടീമുകളും

ന്യൂഡൽഹി: ഇപ്രാവശ്യം മുതൽ ഗ്രൂപ്, ഫൈനൽ റൗണ്ട് മത്സരങ്ങളായി നടത്തുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി ഡൽഹി, ഗോവ, മേഘാലയ, കർണാടക, മിസോറം ടീമുകളും. ഗ്രൂപ് ഒന്ന് ചാമ്പ്യന്മാരായാണ് ഡൽഹി ഫൈനൽ റൗണ്ടിൽ കടന്നത്.

രണ്ടിൽ നിന്ന് കേരളവും മൂന്നിൽ നിന്ന് ഗോവയും അഞ്ചിൽ നിന്ന് മേഘാലയയും ഒന്നാമന്മാരായെത്തി. ഗ്രൂപ് ഒന്ന് റണ്ണറപ്പായ കർണാടകയും രണ്ടിലെ രണ്ടാമന്മാരായ മിസോറമും കടന്നിട്ടുണ്ട്. നാലിലെയും ആറിലെയും മത്സരങ്ങൾ പൂർത്തിയാവാനുണ്ട്. ഏറ്റവും മികച്ച നാല് റണ്ണറപ്പുകൾക്കും റെയിൽവേസ്, സർവിസസ് ടീമുകൾക്കുമാണ് യോഗ്യത. ഇങ്ങനെ 12 ടീമുകളാണ് കളിക്കുക.

ആതിഥേ‍യ ടീമിനും നേരിട്ട് യോഗ്യത ലഭിക്കേണ്ടതാണ്. ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ മികച്ച മൂന്ന് റണ്ണറപ്പിന് ‍യോഗ്യത എന്നത് നാലാക്കുകയായിരുന്നു.

Tags:    
News Summary - Santosh Trophy, Kerala defeated Mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT