ഇട്ടനഗർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് ഇന്ന് നാലാം മത്സരം. ഗ്രൂപ് എ പോരാട്ടത്തിൽ ആതിഥേയരായ അരുണാചൽ പ്രദേശാണ് എതിരാളികൾ. മൂന്നു മത്സരങ്ങളിൽ ഓരോ ജയവും തോൽവിയും സമനിലയുമായി നാല് പോയന്റോടെ നാലാംസ്ഥാനത്ത് നിൽക്കുകയാണ് കേരളം. അരുണാചലിനെതിരെ സമനിലപോലും ക്വാർട്ടർ ഫൈനൽ സാധ്യതകളെ ബാധിച്ചുകൂടെന്നില്ല. മലയാളി സംഘത്തിന് അതു കഴിഞ്ഞ് ഏറ്റുമുട്ടാനുള്ളത് കരുത്തരായ സർവിസസിനോടാണ്. ആദ്യ നാല് സ്ഥാനക്കാർക്കാണ് നോക്കൗട്ട് പ്രവേശനം.
ഗോവ (7), സർവിസസ് (6), അസം (6) ടീമുകളാണ് ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിൽ. ബുധനാഴ്ച അരുണാചലിനെ തോൽപിച്ചാൽ കേരളത്തിന് അവസാന എട്ടിലേക്ക് അടുക്കാം. അഞ്ചും ആറും സ്ഥാനങ്ങളിൽ മേഘാലയക്കും അരുണാചലിനും ഓരോ പോയന്റ് വീതമാണുള്ളത്. കേരളത്തെ അരുണാചൽ അട്ടിമറിച്ചാൽ കാര്യങ്ങൾ കുഴയും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മേഘാലയക്കും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ചുരുക്കത്തിൽ ഗ്രൂപ്പിലെ അവസാന കളി തീരുംവരെ കാത്തിരിക്കേണ്ടി വരും ചിത്രം വ്യക്തമാവാൻ.
കഴിഞ്ഞ വർഷം സെമി ഫൈനൽ കാണാതെ കേരളം പുറത്തായിരുന്നു. ഇക്കുറി ഫൈനൽ റൗണ്ടിൽ അസമിനെ വീഴ്ത്തി തുടങ്ങിയ ടീം ഗോവയോട് തോൽക്കുകയും മേഘാലയയോട് സമനില വഴങ്ങുകയും ചെയ്തു. ഗ്രൂപ് ബിയിൽ മണിപ്പൂർ (7), മിസോറം (4), ഡൽഹി (4), റെയിൽവേസ് (4) എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.