ലുസൈൽ സ്റ്റേഡിയം

സ്വർണക്കൂടാരത്തിന് ട്രയൽ റൺ; ലുസൈലിൽ സൗദി-ഈജിപ്ഷ്യൻ ചാമ്പ്യൻ ക്ലബുകൾ ഏറ്റുമുട്ടും

ദോഹ: വലിയ പൂരത്തിനു മുമ്പായി ചെറു പൂരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകകപ്പ് കലാശപ്പോരാട്ടവേദിയായ ലുസൈൽ സ്റ്റേഡിയം. വിശ്വമേളക്ക് പന്തുരുളാനായി കാത്തിരിക്കുന്ന കളിമുറ്റത്ത് വെള്ളിയാഴ്ച രാത്രിയിൽ സാംപ്ൾ പൂരം. ആകെ ശേഷിയായ 80,000 ഇരിപ്പിടങ്ങളിലേക്കും കാണികൾക്ക് പ്രവേശനം നൽകി, പശ്ചിമേഷ്യയുടെ ഏറ്റവും മികച്ച ക്ലബുകൾ മാറ്റുരക്കുന്ന അങ്കത്തിനാണ് ലുസൈൽ വേദിയൊരുക്കുന്നത്.

ഡിസംബർ 18ന് രാത്രിയിൽ ലോകഫുട്ബാളിലെ പുതുചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കളിവേദിക്കിത് ഉദ്ഘാടന രാവ് കൂടിയാണ്. ലുസൈൽ സൂപ്പർ കപ്പ് ഫുട്ബാൾ എന്ന പേരിൽ അങ്കം മുറുക്കുന്ന മത്സരത്തിൽ സൗദി അറേബ്യൻ ടോപ് ഡിവിഷൻ ലീഗായ പ്രോ ലീഗിലെ ജേതാക്കളായ അൽ ഹിലാലും, ഈജിപ്ഷ്യൻ പ്രീമിയർലീഗ് ജേതാക്കളായ അൽ സമാലെകും ഏറ്റുമുട്ടും. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങിയ സ്റ്റേഡിയത്തിനും നഗരത്തിനും ഇത് ഉത്സവച്ഛായ പകരുന്ന പോരാട്ട ദിനം കൂടിയാണ്.

മുഴുവൻ നിർമാണങ്ങളും പൂർത്തിയാക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ ആഗസ്റ്റിൽ ഖത്തർ സ്റ്റാർസ് ലീഗ് മത്സരം നടന്നിരുന്നു. 20,000ത്തോളം കാണികൾക്ക് പ്രവേശനം നൽകിയാണ് സ്റ്റാർസ് ലീഗിലെ ആഭ്യന്തര ടീമുകൾ മാറ്റുരച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 16,000ത്തോളം പേർ പങ്കെടുത്ത ഫിഫ വളന്റിയർ ഓറിയന്‍റേഷൻ പരിപാടികൾക്കും വേദിയായി. ഇനി, പൂർണ ശേഷിയിൽ കാണികൾക്ക് പ്രവേശനം നൽകി, ഒരു ലോകകപ്പ് പോരാട്ടത്തിന് സമാനമായ കളിയാവേശം സൃഷ്ടിച്ചാണ് രണ്ടു ദിനം കഴിഞ്ഞ് കളമുണരുന്നത്.

ഖത്തർ സമയം രാത്രി ഒമ്പതിനാണ് കിക്കോഫ്. കളിക്കു മുമ്പായി അറേബ്യൻ സംഗീതലോകത്തെ താരസാന്നിധ്യം അമർ ദിയാബിന്‍റെ ഉജ്വല സംഗീത വിരുന്നും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. അറബ് മേഖലയിലെ ഏറ്റവും പ്രബലമായ രണ്ട് ലീഗുകളിലെ ചാമ്പ്യൻ ടീമുകളുടെ പോരാട്ടം എന്ന നിലയിൽ സൗദി, ഈജിപ്ഷ്യൻ കാണികളും വെള്ളിയാഴ്ച ലുസൈലിലേക്ക് ഒഴുകിയെത്തും. ആഗസ്റ്റ് മൂന്നാം വാരത്തിൽ ടിക്കറ്റ് വിൽപന ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ വിഴിഞ്ഞിരുന്നു.

Tags:    
News Summary - Saudi-Egyptian champion clubs meet at Lusail Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.