ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിലെ രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താനെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളിന് ഇന്ത്യ തോറ്റതിനു പിന്നാലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ മിക്സഡ് സോണിൽ കളിക്കാരുടെ വരവും കാത്തിരിക്കുകയാണ് ഇന്ത്യയിലെയും ഉസ്ബകിസ്താനിലെയും മാധ്യമപ്രവർത്തകരുടെ സംഘം. ആദ്യമെത്തിയത് ഉസ്ബക് താരങ്ങൾ. തങ്ങളുടെ നാട്ടിൽനിന്നുള്ള മാധ്യമപ്രവർത്തകരുമായി സംസാരിച്ചും വിജയത്തിലെ സന്തോഷം പങ്കുവെച്ചും അവർ നടന്നുനീങ്ങി.
പിന്നെയാണ് ഇന്ത്യൻ ടീം അംഗങ്ങളുടെ വരവ്. തോൽവിയുടെ നിരാശ പ്രകടമായ ശരീരഭാഷ. ആരും മാധ്യമപ്രവർത്തകർക്ക് മുഖം നൽകുന്നില്ല. സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും ഗുർപ്രീതും ഒഴിഞ്ഞുമാറി നടന്നുനീങ്ങി. രണ്ടാം പകുതിയിലിറങ്ങി ഗോളെന്നു തോന്നിപ്പിച്ച മികച്ച നീക്കങ്ങളുമായി പ്രതീക്ഷ നൽകിയ കെ.പി. രാഹുലിനെ പേരെടുത്തു വിളിച്ചുവെങ്കിലും ഇന്ന് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് നടന്നു.
ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ മികച്ച പ്രതിരോധം പുറത്തെടുത്ത് തോൽവിഭാരം കുറച്ച ഇന്ത്യൻ ടീം രണ്ടാം അങ്കത്തിൽ കൂടുതൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മത്സരശേഷമുള്ള അവരുടെ ശരീരഭാഷ തന്നെ പറയുന്നു. ഒരു സമനില, അല്ലെങ്കിൽ തോൽവിഭാരം കുറക്കാൻ ഒരു മറുപടി ഗോൾ... ഗാലറിയിൽ ആരവമായെത്തിയ 38,000ത്തോളം ആരാധകർ പ്രതീക്ഷിച്ചതൊന്നും നൽകാൻ കഴിയാത്തതിന്റെ നിരാശയുമായാണ് രണ്ടാം അങ്കം കഴിഞ്ഞ് കോച്ച് ഇഗോർ സ്റ്റിമാകും കുട്ടികളും കളംവിട്ടത്.
കരുത്തരായ ആസ്ട്രേലിയക്കെതിരെ മികച്ച പ്രതിരോധം നടത്തിയ ആത്മവിശ്വാസവുമായാണ് ടീം രണ്ടാം അങ്കത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിലും മറ്റും ടീം അംഗങ്ങൾ മികച്ച പ്രകടനവും ഒത്തിണക്കവും ആത്മവിശ്വാസവും പ്രകടിപ്പിച്ചതായി കോച്ച് സ്റ്റിമാക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേ ആത്മവിശ്വാസവുമായി ഉസ്ബകിസ്താനെതിരെ ബൂട്ടുകെട്ടിയെങ്കിലും ആദ്യ മിനിറ്റിൽ വഴങ്ങിയ ഗോൾ ടീമിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
എതിരാളികൾ, ചെറിയ അവസരങ്ങൾപോലും ഫലപ്രദമായി ഉപയോഗപ്പെടുത്തിയപ്പോൾ, പന്തു കൈവശംവെക്കാനും, മുൻമത്സരത്തേക്കാൾ കൂടുതൽ പാസുകളും സെറ്റ്പീസുകളും സൃഷ്ടിക്കാനും കഴിഞ്ഞിട്ടും ഇന്ത്യക്ക് ഒരു തവണപോലും ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. മാത്രമല്ല, പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തി കുതിച്ചുകയറുന്ന എതിരാളിയെ തടയാനും സന്ദേശ് ജിങ്കാനും രാഹുൽ ഭെകെയും പരാജയപ്പെട്ടു.
മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് നടത്തിയ താരതമ്യത്തിലുണ്ട് ഇന്ത്യൻ ഫുട്ബാളും മേഖലയിലെ മറ്റു ഫുട്ബാളുകളും തമ്മിലെ വളർച്ചയുടെ വ്യത്യാസം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിലായി അതിവേഗത്തിൽ വളരുന്ന ഫുട്ബാൾ രാജ്യമാണ് ഉസ്ബകിസ്താൻ. ഒരു വർഷം മുമ്പ് 77ാം റാങ്കുകാരായിരുന്നവരാണ് ഇപ്പോൾ 68ലേക്ക് കുതിച്ചുകയറിയത്. ഇതിനു കാരണമായി ഇന്ത്യൻ പരിശീലകൻ ചൂണ്ടിക്കാട്ടുന്നത് അണ്ടർ 18, 20 തുടങ്ങിയ യൂത്ത്തല ഫുട്ബാളിൽ ഉസ്ബകിന്റെ വളർച്ചയാണ്.
ഒരുപിടി യുവതാരങ്ങളെ ദേശീയതലത്തിലേക്ക് സൃഷ്ടിക്കാനും അവരെ പ്രമുഖ ക്ലബുകളിലൂടെ മുൻനിരയിലെത്തിക്കാനും കഴിഞ്ഞതോടെ ഉസ്ബകിസ്താൻ ശക്തമായ ഫുട്ബാൾ കരുത്തായി മാറുന്നു. അതേസമയം, ഇന്ത്യൻ ഫുട്ബാളിന് ഉള്ള വിഭവങ്ങളെ ആശ്രയിക്കാൻ മാത്രമേ കഴിയൂവെന്നും ഇഗോർ തുറന്നുപറയുന്നു. കാര്യമായ നീക്കങ്ങളോ ടീമിന് പ്രചോദനമോ നൽകാൻ കഴിയാതെ വലയുന്ന നായകൻ സുനിൽ ഛേത്രിയെ മാറ്റിനിർത്തുമോ എന്ന വിദേശ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ‘നോ..’ എന്ന് അതിവേഗത്തിലായിരുന്നു കോച്ചിന്റെ മറുപടി.
ഛേത്രിക്കു പകരംവെക്കാൻ സെന്റർ ഫോർവേഡ് ഇല്ലെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യക്ക് മികച്ച സെന്റർ ഫോർവേഡ് ഇല്ലെന്നും ക്ലബുകളിൽനിന്നുള്ള മികച്ച താരങ്ങളെ ദേശീയ ടീമിലേക്ക് എടുക്കാനേ കഴിയൂവെന്നും പറഞ്ഞുവെക്കുമ്പോൾ മുന്നിലുള്ള പരിമിതമായ വിഭവങ്ങൾകൊണ്ടു മാത്രം കേമമായ സദ്യ ഒരുക്കാൻ വിധിക്കപ്പെട്ട പാചകക്കാരനെപ്പോലെ നിസ്സഹായനാവുന്നു കോച്ചും.
ഗ്രൂപ് റൗണ്ടിൽ രണ്ടു തോൽവി വഴങ്ങിയതോടെ പ്രീക്വാർട്ടർ എന്ന ഇന്ത്യൻ സ്വപ്നങ്ങൾ പാതിയോളം അടഞ്ഞുകഴിഞ്ഞു. ഇനി 23ന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ മൂന്നാം അങ്കം. അതേസമയം, ഗ്രൂപ്പിൽ പോയന്റൊന്നുമില്ലാതെ നാലാമതുള്ള ഇന്ത്യക്ക് സിറിയക്കെതിരെ ജയിച്ചാൽ ലഭിക്കുന്നത് മൂന്നു പോയന്റ് മാത്രം. ഇപ്പോൾ വഴങ്ങിയ അഞ്ചു ഗോൾ കൂടിയാകുമ്പോൾ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായി പ്രീക്വാർട്ടറിൽ ഇടംനേടുകയെന്നത് വിദൂര സാധ്യതയാണ്.
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ അങ്കത്തിൽ ജപ്പാനെതിരെ ഇറാഖിന് 2-1ന്റെ ജയം. അയ്മൻ ഹുസൈന്റെ ഇരട്ട ഗോളുകളാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മുൻ ജേതാക്കളുടെ കളിയിൽ ഇറാഖിന് തുണയായത്. അഞ്ചാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തുമാണ് അയ്മൻ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് വാട്ടരു എൻഡോ ജപ്പാന്റെ ഏകഗോൾ നേടി. രണ്ട് കളികളിൽ നിന്ന് ആറ് പോയന്റുമായി ഇറാഖ് അടുത്ത റൗണ്ടിലേക്ക് പ്രവേശനമുറപ്പിച്ചു. ജപ്പാന് മൂന്ന് പോയന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.