കൊച്ചി: കേരളം വേദിയാകുന്ന ഹീറോ സൂപർ കപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ അഡ്രിയാൻ ലൂണ ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ താരം അവധി ആവശ്യപ്പെടുകയും ടീം മാനേജ്‌മെന്റ് അത് അംഗീകരിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച കുറിപ്പ് ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. ടൂർണമെന്റിന്റെ പ്രാധാന്യം മനസ്സിലാക്കുന്നെങ്കിലും ലൂണയുടെ ആവശ്യത്തെ ബഹുമാനിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് കുറിപ്പിൽ വ്യക്തമാക്കുന്നു. വൈകാതെ താരത്തിന് ടീമിനൊപ്പം ചേരാനാവുമെന്ന പ്രതീക്ഷയും മാനേജ്മെന്റ് പങ്കുവെക്കുന്നു.
മികച്ച ഫോമിലുള്ള ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് ഐ.എസ്.എല്‍ സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച താരമായി ആരാധകര്‍ തെരഞ്ഞെടുത്തത് ലൂണയെയായിരുന്നു. 2021-2022 സീസണില്‍ 23 മത്സരങ്ങളില്‍ ആറ് ഗോളും ഏഴ് അസിസ്റ്റും സംഭാവന ചെയ്തപ്പോൾ 2022-2023 സീസണില്‍ 20 മത്സരങ്ങളില്‍ നാല് ഗോളും ആറ് അസിസ്റ്റും താരത്തിന്റെ വകയുണ്ടായി. ഐ.എസ്.എല്ലില്‍ 43 മത്സരങ്ങളില്‍ 10 ഗോളും 13 അസിസ്റ്റുമാണ് സംഭാവന.
ഏപ്രിൽ മൂന്ന് മുതൽ 25 വരെ നടക്കുന്ന സൂപർ കപ്പിന് കോഴിക്കോടിന് പുറമെ മഞ്ചേരിയാണ് വേദിയാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഏപ്രിൽ മൂന്ന് മുതൽ ആറു വരെ ക്വാളിഫൈയിങ് മത്സരങ്ങളാണ്. വൈകീട്ട് 5.30നും 8.30നും ആണ് മത്സരങ്ങൾ. ഏപ്രിൽ 16ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ ബംഗളൂരു എഫ്.സിയുമായും ബ്ലാസ്റ്റേഴ്‌സിന് മത്സരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.