അക്രമി ബോക്സറായപ്പോൾ ഗോളി ഗുസ്തിക്കാരനായി; ആരാധകനെ മലർത്തിയടിച്ച് സെവിയ്യ ഗോൾ കീപ്പർ

ഫുട്‌ബാള്‍ മത്സരത്തിനിടെ താരങ്ങളും ആരാധകരും തമ്മിലുള്ള വാക്കുതർക്കവും കൈയാങ്കളിയും അപൂർവമല്ല. പല തരത്തിലുള്ള സംഘർഷങ്ങൾക്കും ഫുട്ബാൾ ലോകം സാക്ഷിയായിട്ടുണ്ട്.

എന്നാൽ, നെതർലൻഡ്സിലെ ഫിലിപ്സ് സ്റ്റേഡിയത്തിൽ നടന്ന പി.എസ്.വി അയിൻഥോഫനും സെവിയ്യയും തമ്മിലുള്ള യൂറോപ്പ ലീഗ് പ്രീ-ക്വാർട്ടർ മത്സരം അപൂർവമായൊരു കൈയാങ്കളിക്ക് സാക്ഷിയായി. ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കടന്ന ഡച്ച് ക്ലബിന്‍റെ ആരാധകനും സെവിയ്യ ഗോൾ കീപ്പർ മാര്‍ക്കോ ദിമിത്രോവിച്ചും തമ്മിലായിരുന്നു കൈയാങ്കളി. ഒരു ബോക്സറും ഗുസ്തിക്കാരനും തമ്മിലുള്ള അസ്സലൊരു പോരാട്ടം.

മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ സെവിയ്യയെ 2-0ത്തിന് ഡച്ച് ക്ലബായ അയിൻഥോഫൻ വീഴ്ത്തിയെങ്കിലും ആദ്യ പാദത്തിലെ 0-3 വിജയത്തിന്‍റെ ബലത്തിൽ സ്പാനിഷ് ക്ലബ് അവസാന പതിനാറിലെത്തി. അഗ്രഗേറ്റ് സ്കോർ 2-3. മത്സരത്തിനിടെ സുരക്ഷ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് ഡച്ച് ക്ലബ് ആരാധകൻ നേരെ ഓടിയെത്തിയത് ഡിമിത്രോവിച്ചിന്റെ അടുത്ത്. പിന്നാലെ ഗോളിയുടെ മുഖം നോക്കി ഒരു ഇടികൊടുത്തു. എന്നാൽ ബോക്സിങ് രീതിയിലുള്ള ആ പഞ്ച് മിന്നൽ വേഗത്തിൽ ഡിമിത്രോവിച്ച് തട്ടിയകറ്റി.

പിന്നാലെ ഗുസ്തി സ്റ്റൈലിൽ അക്രമിയെ നിഷ്പ്രയാസം മലർത്തിയടിച്ചു. അപ്പോഴേക്കും സഹകളിക്കാരും സുരക്ഷാ ജീവനക്കാരും ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റി. ആരാധകനെ ഗ്രൗണ്ടിനു പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധകന്‍റെ മോശം പെരുമാറ്റത്തിൽ ക്ലബിനെതിരെ അച്ചടക്ക നടപടി ഉണ്ടാകും.

ആരാധകന്‍റെ പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല. അസുഖത്തെ തുടര്‍ന്ന് സെവിയ്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോ ആദ്യ ഇലവനിലുണ്ടായിരുന്നില്ല. പകരക്കാരനായാണ് സെര്‍ബിയന്‍ താരമായ ദിമിത്രോവിച് വല കാക്കാന്‍ നിയുക്തനായത്. ‘ഫുട്ബാളിന് ഇത് ഒരിക്കലും നല്ലതല്ല. അത് സംഭവിക്കാൻ പാടില്ല, ഇത്തരം കാര്യങ്ങൾ നന്നായി ശിക്ഷിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -ദിമിത്രോവിച്ച് പറഞ്ഞു.

അവൻ പിന്നിലൂടെ വന്ന് തള്ളുകയായിരുന്നു. മത്സര ഫലമാകാം അവന്‍റെ ദേഷ്യത്തിനു കാരണം. അവൻ തല്ലാൻ ശ്രമിച്ചു, പിന്നാലെ അവനെ കീഴ്പ്പെടുത്തി സുരക്ഷാ ജീവനക്കാർ വരുന്നതുവരെ കാത്തിരുന്നുവെന്നും ഗോൾകീപ്പർ പറഞ്ഞു.

ഒക്‌ടോബറിലെ യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിനിടെ എമിറേറ്റ്‌സിൽ ആഴ്‌സണലിനോട് 1-0ന് തോറ്റതിനു പിന്നാലെ ആരാധകരുടെ മോശം പെരുമാറ്റത്തിന്‍റെ പേരിൽ പി.എസ്‌.വിക്ക് യുവേഫ 40,000 യൂറോ പിഴ ചുമത്തിയിരുന്നു.

Tags:    
News Summary - Sevilla goalkeeper Marko Dmitrović punched by pitch invader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.