അഞ്ചു വട്ടം ചാമ്പ്യൻസ് ലീഗിലും മൂന്നുവട്ടം ലാ ലിഗയിലും കിരീടം നേടുമ്പോൾ റയൽ മഡ്രിഡിന്റെ മുന്നണിപ്പോരാളിയായുണ്ടായിരുന്ന സൂപർ താരം ഇസ്കോക്ക് പുതിയ സീസണിൽ എവിടെയും ചുവടുറക്കുന്നില്ല. സെവിയ്യയിലെത്തി നാലു മാസത്തിനിടെ ക്ലബ് താരവുമായുള്ള കരാർ അവസാനിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ 10,000 ഓളം ആരാധകരുടെ സാന്നിധ്യത്തിൽ ആഘോഷപൂർവം ടീമിലെത്തിയ 30കാരനാണ് ഒടുവിൽ പുതിയ ട്രാൻസ്ഫർ വിപണി തുറക്കാനിരിക്കെ പുറത്താകുന്നത്. ടീമിനായി 17 കളികൾ മാത്രമാണ് ഇസ്കോ ഇതുവരെ ഇറങ്ങിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് 30കാരനായ അറ്റാക്കിങ് മിഡ്ഫീൽഡറുടെ സമ്പാദ്യം.
എന്നാൽ, പ്രകടനത്തിലെ വീഴ്ചകളല്ല, താരത്തിന് പുറത്തേക്ക് വഴിതുറന്നതെന്നാണ് സൂചന. ക്ലബ് സ്പോർട്ടിങ് ഡയറ്ക്ടർ മൊഞ്ചിയുമായി കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങൾ പുറത്താകലിലേക്ക് നീങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റയൽ മഡ്രിഡിനായി വർഷങ്ങൾ കളിച്ച താരം സ്പാനിഷ് ദേശീയ ടീമിലെയും മുൻനിര സാന്നിധ്യമായിരുന്നു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ കടന്ന് റയൽ കപ്പുയർത്തുമ്പോൾ ഇസ്കോയും ടീമിനൊപ്പമുണ്ടായിരുന്നു. അതുകഴിഞ്ഞാണ് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് താരത്തെ വിൽക്കുന്നത്. സ്പെയിനിനായി 38 കളികളിൽ 12 ഗോളുകൾ നേടിയിട്ടുണ്ട്. 2019ലാണ് ദേശീയ ടീമിനൊപ്പം അവസാനം ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.