ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരിൽ പിറകോട്ടില്ലെന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഹാമിന്റെ വലയിൽ ആറു ഗോൾ അടിച്ചുകയറ്റി ആഴ്സണൽ. ബുകായോ സാക ഇരട്ട ഗോൾ നേടിയ മത്സരത്തിൽ വെസ്റ്റ്ഹാമിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
മുന്നേറ്റത്തിൽ സാക, ഹാവെർട്സ്, മാർട്ടിനെല്ലി ത്രയത്തെ അണിനിരത്തിയാണ് ഗണ്ണേഴ്സ് കളി തുടങ്ങിയത്. എന്നാൽ, ആദ്യ ഗോൾ പിറക്കാൻ 32ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആഴ്സണലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ തലവെച്ച് വില്യം സാലിബയാണ് അക്കൗണ്ട് തുറന്നത്. തുടർന്ന് സാകക്ക് ലഭിച്ച മികച്ച രണ്ട് അവസരങ്ങൾ പാഴാക്കി. എന്നാൽ, ആദ്യപകുതിക്ക് പിരിയാൻ നാല് മിനിറ്റുള്ളപ്പോൾ താരം പെനാൽറ്റിയിലൂടെ വലകുലുക്കി. സ്വന്തം ഹാഫിൽനിന്ന് ഉയർത്തി ലഭിച്ച പന്തുമായി മുന്നേറവേ എതിർ ഗോൾകീപ്പർ സാകയെ ബോക്സിൽ വീഴ്ത്തിയപ്പോൾ പെനാൽറ്റിയിലേക്ക് വിസിലൂതാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കിക്കെടുത്ത സാക അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
മൂന്ന് മിനിറ്റിനകം മൂന്നാം ഗോളും വീണു. ആഴ്സണലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഡെക്ലാൻ റൈസ് ഗോൾമുഖത്തേക്ക് ഉയർത്തിയടിച്ചപ്പോൾ ഉയർന്നുചാടിയ ഗബ്രിയേൽ മഗലേസ് പന്ത് എതിർവലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നാലാം ഗോളുമെത്തി. ഒഡേഗാർഡ് നാൽകിയ മനോഹര പാസ് ലിയാൻഡ്രോ ട്രൊസ്സാർഡ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
63ാം മിനിറ്റിൽ സാകയുടെ രണ്ടാമതും ലക്ഷ്യം കണ്ടതോടെ ലീഡ് അഞ്ചിലെത്തി. രണ്ട് മിനിറ്റിനകം ഡെക്ലാൻ റൈസിന്റെ തകർപ്പൻ ലോങ് റേഞ്ചറിൽ ഗണ്ണേഴ്സ് പട്ടിക പൂർത്തിയായി. 1935ൽ ആസ്റ്റൻ വില്ലക്കെതിരെ 7-1ന്റെ വിജയം നേടിയ ശേഷമുള്ള ആഴ്സണലിന്റെ ഏറ്റവും വലിയ വിജയമാണ് വെസ്റ്റ്ഹാമിനെതിരെ നേടിയത്. 1963ന് ശേഷമുള്ള വെസ്റ്റ്ഹാമിന്റെ ഏറ്റവും വലിയ തോൽവികൂടിയാണിത്.
24 മത്സരങ്ങളിൽ 54 പോയന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാമത്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റി 52 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. 24 മത്സരങ്ങൾ കളിച്ച ആഴ്സണലിനും 52 പോയന്റുണ്ടെങ്കിലും മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.