ദോഹ: ഏഷ്യൻ കപ്പിന്റെ ഗ്രൂപ് ബിയിൽ നിന്നും ഗ്രൂപ് ജേതാക്കളായി ആസ്ട്രേലിയ നോക്കൗണ്ട് റൗണ്ടിലെത്തിയപ്പോൾ അവസാന മത്സരത്തിൽ സോക്കറൂസിനെ തളച്ച് ഉസ്ബകിസ്താനും രണ്ടാം റൗണ്ട് ഉറപ്പാക്കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നേരത്തേ തന്നെ നോക്കൗട്ട് റൗണ്ടിലെത്തിയ ആസ്ട്രേലിയയുടെ മുഴുവൻ മത്സരങ്ങളും ജയിച്ച് പൂർണാധിപത്യത്തോടെ മുന്നേറാമെന്ന മോഹമാണ് ഉസ്ബകിസ്താൻ ഉടച്ചുകളഞ്ഞത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാർട്ടിൻ ബോയിലിന്റെ പെനാൽട്ടിയിൽ മുന്നിലെത്തിയ ആസ്ട്രേലിയക്കെതിരെ മത്സരത്തിന്റെ 78ാം മിനിറ്റിലെ അസീസ്ബെക്ക് തുർഗെൻബോവിന്റെ വൈകിയുള്ള ഹെഡറാണ് ഉസ്ബകിന് നിർണായക പോയന്റ് സമ്മാനിച്ചത്.
ഞായറാഴ്ച നോക്കൗട്ട് റൗണ്ടുകൾക്ക് തുടക്കം കുറിക്കുമ്പോൾ ഉസ്ബകിസ്താൻ ഗ്രൂപ് എഫിലെ രണ്ടാം സ്ഥാനക്കാരെ നേരിടുമ്പോൾ ആസ്ട്രേലിയയെ കാത്തിരിക്കുന്നത് മികച്ച മൂന്നാം സ്ഥാനക്കാരായി വരുന്ന ടീമായിരിക്കും. വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ സിറിയക്കെതിരെ കളിച്ച ടീമിൽ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് ഗ്രഹാം അർണോൾഡ് സോക്കറൂസിനെ കളിക്കാനിറക്കിയത്. ആദ്യ ഇലവനിൽ കളിക്കാനിറങ്ങിയ പോർട്സ്മൗത്ത് സ്ട്രൈക്കറായ കുസിനി യെംഗി 11ാം മിനിറ്റിൽ ഹെഡറിലൂടെ ആസ്ട്രേലിയയെ മുന്നിലെത്തിച്ചെങ്കിലും ഓഫ്സൈഡ് ട്രാപ്പിൽ കുരുങ്ങി ഗോൾ നിഷേധിക്കപ്പെട്ടു.
മറുവശത്ത് യുവതാരം അബോസ്ബെക്ക് ഫൈസുലേവ് നിരന്തരം ആസ്ട്രേലിയൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് ആസ്ത്രേലിയക്ക് ബ്രേക്ക് ത്രൂ നൽകിക്കൊണ്ട് ബോയിലിന് പെനാൽട്ടി ലഭിച്ചത്. മക്ഗ്രീയുടെ ഷോട്ട് പ്രതിരോധിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഉസ്ബക് താരം സാംറെബെക്കോവിന്റെ കൈയിൽ പന്തുതട്ടി. പെനാൽട്ടി സ്ഥിരീകരിക്കുന്നതിന് റഫറി യുസുകെ അരാകിക്ക് വാറിന്റെ സഹായം തേടേണ്ടി വന്നു. ഇഞ്ചുറി ടൈമിൽ ഗോളി ഉത്കിർ യൂസുപോവിനെ കബളിപ്പിച്ച് ബോയ്ൽ പന്ത് വലയിലെത്തിച്ചു.
മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് അസീസ്ബെക് തുർഗെൻബോവ് സോക്കറൂസിനെ ഞെട്ടിച്ചുകൊണ്ട് ഉസ്ബകിസ്താനു വേണ്ടി വല കുലുക്കിയത്. ജയത്തിനായി അവസാനനിമിഷം വരെ ഇരുടീമുകളും പോരടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.