മ്യൂണിക്: യൂറോ കപ്പിനെത്തിയ കൗമാരക്കാരിൽ ഇതിനകം ആരാധകരുടെ ഇഷ്ടതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് സ്പെയിൻ മുന്നേറ്റ നിരയിലെ ലാമിൻ യമാൽ. ടൂർണമെന്റിനായി യമാൽ ജർമനിയിലേക്ക് തിരിക്കുമ്പോൾ മറ്റൊരു ദൗത്യം കൂടി ഒപ്പം നിർവഹിക്കാനുണ്ടായിരുന്നു -പഠനം. സ്പെയിനിലെ ഇ.എസ്.ഒ (നിര്‍ബന്ധിത സെക്കന്‍ഡറി വിദ്യാഭ്യാസം) നാലാം വര്‍ഷ വിദ്യാര്‍ഥിയായ യമാല്‍ കളികഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ പഠനകാര്യങ്ങളിൽ മുഴുകുകയാണ്. താരം ഹോട്ടൽ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. പഠിക്കുന്ന പ്രായത്തിൽ കളിക്കാനിറങ്ങിയാൽ ഇതൊക്കെ വേണ്ടിവരുമെന്നാണ് തമാശ കലർത്തിയുള്ള ചിലരുടെ കമന്റ്. താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
സ്കൂളിലെ ഹോം വർക്കുമായാണ് താൻ യൂറോ കപ്പിനെത്തിയിരിക്കുന്നതെന്ന് ബാഴ്സലോണ താരം കൂടിയായ യമാൽ നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ വഴി ക്ലാസുകൾ കേൾക്കുന്ന താരത്തിന് പൂർണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട്. യൂറോ കപ്പിന് ശേഷം പഠനത്തിനും വിശ്രമത്തിനുമായി മൂന്നാഴ്ച ബാഴ്സലോണയും അനുവദിച്ചിട്ടുണ്ട്.
16കാരനായ ലാമിൻ യമാൽ യൂറോ കപ്പ് ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാണ്. ഒറ്റ മത്സരം കൊണ്ട് ഫുട്ബാൾ ആരാധകരുടെ മനം കവർന്ന യമാൽ ഇറ്റലിക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ സ്പെയിനിനായി മിന്നിത്തിളങ്ങാമെന്ന പ്രതീക്ഷയിലാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും ഡാനി കാര്‍വഹാലിന്‍റെ മൂന്നാം ഗോളിന് അസിസ്റ്റ് നല്‍കിയത് യമാല്‍ ആയിരുന്നു. ഇതോടെ യൂറോ ചരിത്രത്തിൽ അസിസ്റ്റ് നല്‍കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇന്ന് ഇറ്റലിക്കെതിരെ ഗോളടിച്ചാൽ യൂറോ കപ്പിലെ പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനുമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.