ലയണൽ മെസ്സി ക്ലബ് വിടുന്നത് ബാഴ്‌സലോണ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കരുതിയത് ബാഴ്‌സയുടെ സോഷ്യല്‍ മീഡിയ ശൃംഖല ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ്. അതൊരു തമാശയാണെന്നാണ് കരുതിയത്! -മെസ്സിയുടെ സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ ഒരഭിമുഖത്തില്‍ പറഞ്ഞതാണിത്.
ബാഴ്‌സലോണക്കായി 520 മത്സരങ്ങളില്‍നിന്ന് 474 ഗോളുകള്‍ നേടിയ ഇതിഹാസ താരമായ മെസ്സി മറ്റൊരു ക്ലബിനായി കളിക്കുമെന്നത് വിദൂരസാധ്യത മാത്രമായിരുന്നു. എന്നാല്‍, ഫുട്‌ബാള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബാഴ്‌സലോണയും മെസ്സിയും പിരിഞ്ഞു.
അന്താരാഷ്ട്ര ഫുട്‌ബാളില്‍ അര്‍ജന്റീന ജഴ്‌സിയില്‍ ഒരുമിച്ച് കളിച്ചവരാണ് മെസ്സിയും അഗ്യൂറോയും. ക്ലബ് തലത്തിലും ഇവര്‍ ഒരുമിക്കുന്നത് കാണാന്‍ അര്‍ജന്റീന ആരാധകര്‍ കൊതിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും ടോപ് സ്‌കോററായി മാറിയ അഗ്യൂറോയെ ബാഴ്‌സയിലെത്തിക്കാന്‍ മെസ്സി നിരന്തരം ശ്രമിച്ചിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ ആ ട്രാന്‍സ്ഫര്‍ നീക്കം വൈകി. ഒടുവില്‍ അഗ്യൂറോ ബാഴ്‌സലോണയിലെത്തിയപ്പോള്‍ മെസ്സി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് പോവുകയും ചെയ്തു. ബാഴ്‌സയില്‍ ശമ്പളം കുറവായിട്ടും താന്‍ കളിക്കാന്‍ തയാറായത് മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം കാരണമായിരുന്നെന്ന് അഗ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു.
2021 ആഗസ്റ്റിലാണ് മെസ്സി നൗകാംപ് ക്ലബിനോട് വിടപറഞ്ഞത്. പി.എസ്.ജിയുമായി 2023 വരെ കരാര്‍ ഒപ്പുവെച്ചു. ഫ്രഞ്ച് ക്ലബിനായി ലീഗ് വണ്‍ അരങ്ങേറ്റം നടത്തിയത് റെയിംസിനെതിരെ ആയിരുന്നു. ഇതുവരെ 26 മത്സരങ്ങള്‍ പി.എസ്.ജിക്കായി കളിച്ചു. എന്നാൽ, ബാഴ്‌സലോണയിലെ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. ആറ് ഗോള്‍ മാത്രമാണ് ഇതിഹാസ താരത്തിന് നേടാനായത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജി ലീഗ് ചാമ്പ്യന്മാരായെങ്കിലും യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.