ന്യൂഡൽഹി: ഐ.എസ്.എൽ സംഘാടകർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ ഗെയിംസിന് മികച്ച താരങ്ങളെ വിട്ടുനൽകാൻ മുൻനിര ടീമുകൾ വിസമ്മതിച്ചതോടെ രണ്ടാംനിരക്കാരെ വെച്ച് ടീം തട്ടിക്കൂട്ടാൻ നിർബന്ധിതനായതാണ് പരിശീലകനെ ചൊടിപ്പിച്ചത്. ഗെയിംസിനായി ടീം പുറപ്പെടും മുമ്പ് ഓൺലൈനായി മാധ്യമങ്ങളുമായി സംസാരിക്കവെയായിരുന്നു വിമർശനം.
ടീമുകൾ താരങ്ങളെ വിട്ടുനൽകില്ലെന്ന് അറിയുമായിരുന്നെങ്കിൽ ഐലീഗിൽ മികച്ച പ്രകടനം നടത്തിയ എല്ലാവരെയും പരിശീലനത്തിന് വിളിക്കുമായിരുന്നെന്ന് സ്റ്റിമാക് പറഞ്ഞു. രണ്ടു മാസ പരിശീലനം നൽകിയാൽ ഏറ്റവും മികച്ച ടീം ഒരുക്കാനാകുമായിരുന്നു. അതാണ് ഇല്ലാതായത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നേരത്തെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് എന്നിവരടങ്ങുന്നതായിരുന്നു ടീം. എന്നാൽ, ജിങ്കാനും ഒന്നാം നമ്പർ ഗോളി ഗുർപ്രീത് അടക്കമുള്ളവരെ ടീമുകൾ തുടക്കത്തിൽ വിട്ടുനൽകിയില്ല. വെള്ളിയാഴ്ച മാറ്റി പ്രഖ്യാപിച്ച ടീമിലും ജിങ്കാൻ ഉൾപ്പെട്ടിട്ടുണ്ട്. മുതിർന്ന താരങ്ങളായ ചിങ്ഗളൻസന സിങ്, ലാൽചുങ്നുങ്ഗ എന്നിവർക്കും ഇടം ലഭിച്ചിട്ടുണ്ട്. ഐ.എസ്.എൽ മത്സരങ്ങൾ കുറച്ചു ദിവസങ്ങൾ നീട്ടിവെക്കുകയും ടീമംഗങ്ങളെ വിട്ടുനൽകുകയും ചെയ്യണമെന്ന ആവശ്യമാണ് ഐ.എസ്.എൽ അധികൃതർ നിരസിച്ചത്. തിങ്കളാഴ്ച ഹാങ്ഷുവിലെത്തുന്ന ഇന്ത്യക്ക് ചൊവ്വാഴ്ച ചൈനക്കെതിരെയാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.