ഗാലറിയിലെ ഹൂളിഗാനിസത്തിനും വംശീയ വെറിപ്രകടനങ്ങൾക്കും കുപ്രസിദ്ധിയാർജിച്ചവരാണ് ക്രോട്ട് കാൽപന്താരാധകർ. അതിരുവിട്ട ‘പുറംകളി’കളുടെ പേരിൽ, കാണികളില്ലാതെ കളിക്കാൻ വരെ നിർബന്ധിതരായിട്ടുണ്ട് ക്രൊയേഷ്യൻ ദേശീയ ഫുട്ബാൾ ടീം. അത്രയും വൈകാരിക സ്വഭാവമുള്ള കാണികൾ, കഴിഞ്ഞ ദിവസത്തെ യുവേഫ നേഷൻസ് ലീഗ് കലാശപ്പോരിലെ ദേശീയ ടീമിന്റെ തോൽവിക്കുശേഷം തങ്ങളുടെ തനിനിറം പുറത്തെടുക്കുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്.
എന്നാൽ, ക്യാപ്റ്റൻ ലൂക മോഡ്രിച്ചിന്റെ കണ്ണീരുപറ്റിയ നിൽപിനൊപ്പം, എഴുന്നേറ്റുനിന്ന് ചാൻറുകൾ ചൊല്ലി അഭിവാദ്യം ചെയ്യുകയായിരുന്നു അവർ. കളിക്കുശേഷം, പ്രതികരണം തേടിയ മാധ്യമങ്ങളോടെല്ലാം, തങ്ങളുടെ ടീമിന്റെ തോൽവിയെക്കുറിച്ചല്ല അവർ സങ്കടപ്പെട്ടത്, തങ്ങളുടെ പ്രിയപ്പെട്ട ലൂക ഒരു കിരീടം അർഹിച്ചിരുന്നു എന്നാണ്. കാരണം, ക്രൊയേഷ്യക്ക് ലോക ഫുട്ബാൾ ഭൂപടത്തിൽ അഭിമാനകരമായ മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് അയാളാണ്. രാജ്യത്തിന്റെ ഏക ബാലൻ ദി ഓർ, ഫിഫ ബെസ്റ്റ് മെൻസ് െപ്ലയർ പുരസ്കാരജേതാവ്. മെസ്സിയും റൊണാൾഡോയും മാത്രം 12 വർഷം മാറി മാറി ഉയർത്തിപ്പോന്ന, ബാലൻ ദി ഓർ, അവരുടെ പ്രതാപകാലത്ത്, അവരോട് മല്ലിട്ടുതന്നെ സ്വന്തം പേരിലാക്കിയ മധ്യനിരയിലെ കളിമെനച്ചിലുകാരൻ.
സകല പ്രവചനങ്ങളെയും കാറ്റിൽപറത്തി, 2018 ലോകകപ്പിന്റെ കലാശപ്പോരുവരെ ടീമിനെയെത്തിച്ച ഒറ്റയാൻ. 2022ൽ മൂന്നാം സ്ഥാനത്ത് ടീമിനെ നിർത്തിയ കപ്പിത്താൻ. നാലു ലോകകപ്പും നാലു യൂറോകപ്പുമടക്കം പത്തിലേറെ അന്താരാഷ്ട്ര ടൂർണമെൻറുകൾ കളിച്ചിട്ടും, ഒരു കിരീടംപോലും അയാളുടെ കരിയറിന് അലങ്കാരമായി എത്തിയില്ല. സമകാലിക ഫുട്ബാളിലെ ഏറ്റവും പ്രതിഭാധനനായ ഡിഫൻസിവ് മിഡ്ഫീൽഡർ എന്ന വിശേഷണത്തിന് ലൂക മോഡ്രിച്ചിനോളം അർഹതപ്പെട്ട മറ്റാരെങ്കിലും ഉണ്ടോ എന്നത് സംശയമാണ്. ഏതു യുവതാരത്തോടും കിടപിടിക്കുന്ന പേസും അഗ്രഷനും ക്രിയാത്മകതയും കൃത്യതയും ആ കാലുകളിൽ 37കഴിഞ്ഞിട്ടും ബാക്കിയുണ്ട്. ഏതു പ്രതിരോധക്കോട്ടയും പൊളിച്ചുകയറുന്ന ത്രൂപാസുകൾ നിർബാധം അയാളിൽനിന്ന് പ്രവഹിക്കുന്നു- ദി കംപ്ലീറ്റ് മിഡ്ഫീൽഡർ.
കരിയർ അസ്തമയവും കഴിഞ്ഞ് സന്ധ്യയോടടുക്കുമ്പോഴും റയൽ മഡ്രിഡിന്റെയും ക്രൊയേഷ്യൻ ദേശീയ ടീമിന്റെയും നെടുന്തൂണായി അദ്ദേഹം തുടരുന്നത് അതുകൊണ്ടുതന്നെയാണ്. റയൽ മഡ്രിഡിനായി അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കി. 2012ൽ റയൽ മഡ്രിഡ് ടോട്ടനമിൽനിന്ന് ലൂകയെ സൈൻ ചെയ്യുമ്പോൾ, റയലിന്റെ ഏറ്റവും മോശം സൈനിങ് എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക അതിനെ വിശേഷിപ്പിച്ചത്.
പക്ഷേ, പതിറ്റാണ്ടിനിപ്പുറവും ലൂകയില്ലാത്ത ഒരു മധ്യനിരയെക്കുറിച്ച് ചിന്തിക്കാൻപോലുമാകാത്തവിധം അദ്ദേഹം, ആ ടീമിന്റെ അനിവാര്യതയായി മാറി. ക്രിസ്റ്റ്യാനോയും റാമോസും ഒടുവിൽ ബെൻസിമയും അടക്കം തനിക്കൊപ്പം വന്നവരെല്ലാം സാൻറിയാഗോ ബെർണബ്യൂ വിട്ടിട്ടും ലൂക റയൽ വിടാത്തതും റയൽ വിട്ടുകൊടുക്കാത്തതും അതുകൊണ്ടാണ്. നേഷൻസ് ലീഗ് ഫൈനലിലും തനിക്കാവുന്നതെല്ലാം ചെയ്തു, പക്ഷേ, നിർഭാഗ്യത്തിന്റെ ഷൂട്ടൗട്ടിൽ വിധി അയാൾക്കും സഹപടയാളികൾക്കും നേരെ ഒരിക്കൽകൂടി വട്ടംനിന്നു. 2016ൽ യൂറോകപ്പ് നേടുന്നതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോയും 2021ൽ കോപ അമേരിക്ക നേടുന്നതുവരെ, ലയണൽ മെസ്സിയും ഇതേ അവസ്ഥകളിലൂടെ കടന്നുപോയവരാണ്. ഇരുവരെയും കുറിച്ച് ഫുട്ബാൾ പണ്ഡിതർ മുമ്പ് പറഞ്ഞിരുന്നത് ലൂകയുടെ കാര്യത്തിലും ശരിയാണ്.
അവർ കിരീടം അർഹിച്ചിരുന്നു എന്നതിനേക്കാൾ, കിരീടം അവരെ അർഹിച്ചിരുന്നു എന്നതത്രെ നേര്. കിരീടനേട്ടത്തിനുശേഷം സ്പാനിഷ് താരം ആൽവാരോ മോറാട്ടയും ഇക്കാര്യം ആവർത്തിച്ചു. അദ്ദേഹത്തിന്റെ കളിമികവിന് ഒരു കിരീടവും സാക്ഷ്യംപറയേണ്ടെന്ന്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.