റഫറിക്ക് പണം നൽകി മത്സരഫലങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബാഴ്സലോണക്കെതിരെ നിൽക്കുമെന്ന് നയം വ്യക്തമാക്കി സ്പാനിഷ് സർക്കാർ. പരാതിയുമായി കോടതിയിലെത്തിയ മറ്റു ടീമുകൾക്കൊപ്പം സർക്കാറും ചേരുന്നതോടെ കറ്റാലന്മാർക്ക് കുരുക്ക് മുറുകുമെന്നാണ് ആശങ്ക. ലാ ലിഗയിൽ ടീം കരുത്തുകാട്ടിയ കാലത്ത് റഫറിമാർക്ക് ദശലക്ഷക്കണക്കിന് ഡോളർ നൽകിയെന്നാണ് കണ്ടെത്തൽ. മത്സരങ്ങൾക്കിടെ അനുകൂലമായ ഇടപെടലുകൾക്കും അതുവഴി ജയം പിടിക്കാനും ലക്ഷ്യമിട്ടാണ് തുക നൽകിയതെന്ന് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തുന്നു. എന്നാൽ, എല്ലാ ക്ലബുകളും നൽകുംപോലെ സാങ്കേതിക സഹായം ആവശ്യപ്പെട്ടാണ് തങ്ങളും പണം നൽകിയതെന്ന് ക്ലബും വിശദീകരിക്കുന്നു.
ഞായറാഴ്ച അടിയന്തര ബോർഡ് യോഗം ചേർന്ന് ബദ്ധവൈരികളായ റയൽ മഡ്രിഡ് ബാഴ്സക്കെതിരെ കക്ഷി ചേരാൻ തീരുമാനമെടുത്തിരുന്നു. സ്പാനിഷ് ലീഗ്, സ്പാനിഷ് സോക്കർ ഫെഡറേഷൻ എന്നിവയും കക്ഷി ചേരുമെന്നാണ് സൂചന.
റഫറീയിങ് കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ പേരിലുള്ള കമ്പനിക്ക് വൻതുക നൽകിയതായി കഴിഞ്ഞ മാസമാണ് വാർത്ത വന്നത്. 2001 മുതൽ 2018 വരെ കാലയളവിൽ ഹോസെ മരിയ എന്റിക്വസ് നെഗ്രേരയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ബാഴ്സ 78 ലക്ഷം ഡോളർ നൽകിയെന്നാണ് കേസ്. 1993-2018 കാലയളവിൽ സ്പാനിഷ് ഫുട്ബാൾ അസോസിയേഷനു കീഴിലെ റഫറീയിങ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു എന്റിക്വസ് നെഗ്രേര. റഫറിമാരുടെ തീരുമാനങ്ങൾ ബാഴ്സക്ക് അനുകൂലമാകുംവിധം ക്ലബും എന്റിക്വസ് നെഗ്രേരയും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ, പ്രഫഷനൽ റഫറീയിങ് സംബന്ധിച്ച ടെക്നിക്കൽ റിപ്പോർട്ടുകളാണ് എന്റിക്വസ് നെഗ്രേരയിൽനിന്ന് തേടിയതെന്നും പ്രഫഷനൽ ഫുട്ബാൾ ക്ലബുകൾക്കിടയിൽ വ്യാപകമായി നിലനിൽക്കുന്നതാണ്- ബാഴ്സ പറയുന്നു. 2014- 18 കാലയളവിൽ കൈമാറിയ 29 ലക്ഷം യൂറോയാണ് അന്വേഷണ പരിധിയിലുള്ളത്.
അതേ സമയം, റഫറിമാർ മത്സര ഫലങ്ങളെ സ്വാധീനിച്ചതായി തെളിവുകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.