അബൂദബി: സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ ഹിലാലിനോട് നാണംകെട്ട തോൽവി വഴങ്ങിയതിനു പിന്നാലെ അൽ ഇത്തിഹാദ് താരത്തെ ചാട്ടവാർ കൊണ്ടടിച്ച് ആരാധകൻ. ഇത്തിഹാദിന്റെ മൊറോക്കൻ സ്ട്രൈക്കർ അബ്ദുറസാഖ് ഹംദല്ലക്ക് നേരെയായിരുന്നു ആക്രമണം.
ഗാലറിയിൽ നിൽക്കുകയായിരുന്ന ആരാധകന്റെ ശരീരത്തിലേക്ക് ഹംദല്ല കുപ്പിയിൽ നിന്ന് വെള്ളമൊഴിക്കുന്നതും തുടർന്ന് താരത്തെ ഇയാൾ രണ്ട് തവണ ചാട്ടവർ വീശിയടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ളവർ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. അൽ ഹിലാലിനെതിരായ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഹംദല്ല, പക്ഷെ ടീമിന്റെ ആശ്വാസ ഗോൾ സ്കോർ ചെയ്തിരുന്നു. സൂപ്പർതാരം കരീം ബെൻസേമ നയിച്ച ഇത്തിഹാദിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ഹിലാൽ തരിപ്പണമാക്കിയത്.
ഹിലാലിനായി ബ്രസീലിയൻ ഫോർവേഡ് മാൽക്കം ഇരട്ട ഗോളുമായി തിളങ്ങി. തുടർച്ചയായ 34ാം മത്സരം ജയിച്ചുകയറിയ അൽ ഹിലാൽ കഴിഞ്ഞ 42 മത്സരങ്ങളിൽ പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്. സൗദി പ്രോ ലീഗിൽ 12 പോയന്റ് ലീഡുമായി കിരീടത്തിലേക്ക് കുതിക്കുകയാണവർ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും കിരീടപ്പോരിലുള്ള അവർ ഏപ്രിൽ 30ന് കിങ്സ് കപ്പ് സെമിഫൈനലിൽ അൽ ഹിലാലുമായി വീണ്ടും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.