എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കിയ ഉത്തരവിന് സ്റ്റേ. ഡൽഹി ഹൈകോടതിയാണ് താൽക്കാലികമായി സ്റ്റേ ചെയ്തത്.

ഏകപക്ഷീയ തീരുമാനങ്ങൾ എ.ഐ.എഫ്‌.എഫ് പ്രസിഡന്റ്, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ പുറത്താക്കിയത്. നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ഷാജി പ്രഭാകരൻ കോടതിയെ സമീപിച്ചതിലാണ് 20ന് അടുത്ത വാദം കേൾക്കൽ വരെ സ്റ്റേ.

13 വർഷം പദവിയിലിരുന്ന പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതിയെ മാറ്റി കല്യാൺ ചൗബേ അധ്യക്ഷനായ സമിതി 2022 സെപ്റ്റംബറിലാണ് അധികാരമേറ്റത്. കഴിഞ്ഞ നവംബർ എട്ടിനാണ് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കിയത്. ‘വിശ്വാസ വഞ്ചന’യെ തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കുന്നതെന്നാണ് എ.ഐ.എഫ്.എഫ് വൃത്തങ്ങൾ അറിയിച്ചത്. തീരുമാനത്തിന് ഫെഡറേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരവും നൽകിയിരുന്നു.

സെക്രട്ടറി ജനറലിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും എ.ഐ.എഫ്.എഫ് പ്രസിഡന്റിന്റെയും എക്സിക്യുട്ടിവ് അംഗങ്ങളുടെയും അതൃപ്തിക്ക് പാത്രമായിരുന്നുവെന്ന് ഫെഡറേഷനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ‘സ്പോർട്സ്റ്റാർ’ അന്ന് റിപ്പോർട്ട് ചെയ്തു. ചൗബേയും ഷാജി പ്രഭാകരനും ഉൾപ്പെട്ട പുതിയ ഭരണസമിതി ‘വിഷൻ 2047’ എന്ന പേരിൽ പുതിയ സ്‍ട്രാറ്റജിയുമായി രംഗത്തു വന്നെങ്കിലും നിലയുറപ്പിക്കുംമുമ്പേ സെക്രട്ടറി ജനറലിനെതിരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അതൃപ്തി പടരുകയായിരുന്നു. സെക്രട്ടറി ജനറലിന്റെ ഉയർന്ന വേതനവും സാമ്പത്തികമായ ചില തീരുമാനങ്ങളുമൊക്കെയാണ് അതിനു വഴിയൊരുക്കിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

തന്നെ പുറത്താക്കാനുള്ള ഫെഡറേഷൻ തീരുമാനം ഞെട്ടിച്ചെന്നാണ് ഷാജി പ്രഭാകരൻ പ്രതികരിച്ചത്. ഒരു ടീമെന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു തങ്ങളെന്നും ‘വിശ്വാസവഞ്ചന’ തന്റെ മേൽ ചുമത്തുന്നത് കടുത്ത ആരോപണമാണെന്നുമായിരുന്നു മുൻ സെക്രട്ടറി ജനറലിന്റെ വാദം.

Tags:    
News Summary - Stay on the removal of Shaji Prabhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.