കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം താമസിച്ച്​ ലോകകപ്പ്​ കാണാം

ദോഹ: ഖത്തറിലെ ആകെ ജനസംഖ്യ 28 ലക്ഷം. അവരിൽ ഏഴു ലക്ഷവും ഇന്ത്യക്കാരെങ്കിൽ അതിൽതന്നെ നാലു ലക്ഷം പേരും മലയാളികളാണ്. ജനസംഖ്യയുടെ വലിയൊരു ശതമാനം മലയാളികളുള്ള ഖത്തറിന്‍റെ മണ്ണിൽ ലോകകപ്പ് ഫുട്ബാൾ പോലൊരു വലിയൊരു മേളയെത്തുമ്പോൾ മലയാളികൾക്കത് നാട്ടിൽ നടക്കുന്ന കാൽപന്തുത്സവമാണ്. അതുകൊണ്ടുതന്നെ, 92 വർഷത്തെ ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിൽ മലയാളി ആരാധകർക്ക് ഉള്ളംകൈയിലെന്ന പോലെയൊരു ലോകകപ്പിനാണ് ഖത്തർ വേദിയൊരുക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായി കേരളത്തിലെ വലിയൊരു വിഭാഗം ആളുകൾക്കുമുണ്ടാവും ഒരു ഖത്തർ ടച്ച്. അതുകൊണ്ടുതന്നെ, അങ്ങനെയൊരു ലോകകപ്പിൽ ടിക്കറ്റെടുത്ത് കളികാണാൻ മോഹിച്ചാലും തെറ്റില്ല.

നിലവിൽ ഖത്തറിലുള്ള പ്രവാസി മലയാളികളിൽ വലിയൊരു ശതമാനം പേർ ലോകകപ്പിന് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിപ്പിലാണ്. ഖത്തർ ഐ.ഡി സ്വന്തമായുള്ളവർ എന്നനിലയിൽ ടിക്കറ്റ് ലഭിക്കാൻ അവർക്ക് എളുപ്പവുമായി. ഇന്ത്യയിൽനിന്നുള്ളവരും ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്തവർക്ക് ഖത്തറിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിച്ച് കളി കാണാനാവുമോയെന്നായിരുന്നു ലോകകപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഉയർന്ന ഏറ്റവും വലിയ ചോദ്യം. അതിന്, അതെയെന്ന് ഉത്തരം നൽകുകയാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അടുത്തിടെയാണ് അധികൃതർ ഇതുസംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകിയത്.

എങ്ങനെ താമസമൊരുക്കാം?

ലോകകപ്പ് നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ റെസിഡന്‍റ് അല്ലാത്തവരാണെങ്കിൽ മാച്ച് ടിക്കറ്റ് എടുത്തെങ്കിലേ ഖത്തറിലേക്ക് പ്രവേശനമുണ്ടാവൂ. എന്നാൽ, ടിക്കറ്റ് കൈവശമുള്ളവർക്കാകട്ടെ യാത്രാ പെർമിറ്റിന് ഫാൻ ഐ.ഡിയായ 'ഹയ്യാ' കാർഡും വേണം. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്തവർ ലോകകപ്പ് സംഘാടകരുടെ hayya.qatar2022.qa പോർട്ടലിൽ പ്രവേശിച്ച് ഹയ്യാ കാർഡിന് രജിസ്റ്റർ ചെയ്യണം. വിദേശ കാണികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഖത്തറിലെ താമസം ബുക്ക്ചെയ്യലും നിർബന്ധമാണ്.

ഹോട്ടലും അപ്പാർട്മെന്‍റും വില്ലകളുമെല്ലാം താമസത്തിനുണ്ടെങ്കിലും ചുരുങ്ങിയ ചെലവിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാനും സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഹയ്യാ കാർഡിന് അപേക്ഷിക്കുമ്പോൾതന്നെ താമസം സംബന്ധിച്ചും സ്ഥിരീകരണം ആവശ്യമാണ്. ഇതിന്, വിദേശ കാണികൾക്ക് ആതിഥ്യമൊരുക്കുന്ന വ്യക്തി ലോകകപ്പ് സംഘാടകരുടെ വെബ്സൈറ്റിൽ ആൾട്ടർനേറ്റിവ് അക്കമഡേഷൻ ടാബ് വഴി തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച വിശദാംശങ്ങളും അതിഥികളുടെ വിവരങ്ങളും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട നടപടികൾ രണ്ടാഴ്ച മുമ്പു തന്നെ അധികൃതർ പുറത്തുവിട്ടിരുന്നു. ഒരാൾക്ക് അഞ്ചു വസ്തുക്കൾ വരെ രജിസ്റ്റർ ചെയ്യാം.

10 പേരെ വരെ അതിഥികളായി വരവേൽക്കുകയും ചെയ്യാം. ഇനി, വിദേശ ആരാധകർ രജിസ്റ്റർ ചെയ്യുമ്പോൾ ഖത്തറിലെ ആതിഥേയന്‍റെ വിവരങ്ങൾ അപേക്ഷക്കൊപ്പം നൽകുകയും, അത് അയാൾ സ്ഥിരീകരിക്കുകയും ചെയ്യുന്നതോടെ ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാവും. ഹയ്യാ കാർഡും താമസവും സജ്ജമായിക്കഴിഞ്ഞു. നവംബർ ഒന്ന് മുതൽ 2023 ജനുവരി 23 വരെ ഇങ്ങനെ നാട്ടിലുള്ള അതിഥികളെ വരവേൽക്കാമെന്ന് സംഘാടകർ വ്യക്തമാക്കുന്നു. അതേസമയം, ഖത്തറിൽ സ്വന്തം താമസത്തിനു പുറമെ, അതിഥികളെ വരവേൽക്കാൻ കൂടി സൗകര്യമുള്ളവർക്കായിരിക്കും ബന്ധുക്കൾക്കും സുഹൃത്തുക്കർക്കും താമസമൊരുക്കാൻ കഴിയുക.

കൂ​ടു​ത​ല​റി​യാം

ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം താ​മ​സ​മൊ​രു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ അ​റി​യാ​ൻ info@hayya.qa എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ബ​ന്ധ​പ്പെ​ടാം. ഖ​ത്ത​റി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ 8002022 എ​ന്ന ന​മ്പ​റി​ലും വി​ദേ​ശ അ​തി​ഥി​ക​ള്‍ക്ക് +974 44412022 എ​ന്ന ന​മ്പ​റി​ലും വി​വ​ര​ങ്ങ​ള്‍ അ​റി​യാം.

Tags:    
News Summary - Stay with friends and relatives and watch the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.