ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാഡ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നു. എന്നാൽ പ്രിയപ്പെട്ട ക്ലബായ ലിവർപൂളിന്‍റെ അമരത്തേക്കല്ല ജെറാഡിന്‍റെ റീഎൻട്രി. ആസ്റ്റൺ വില്ലയുടെ പരിശീലകക്കുപ്പായത്തിലാണ് ജെറാഡിനെ നമുക്ക് പ്രീമിയർ ലീഗിൽ കാണാനാകുക.
സ്കോട്ടിഷ് ജേതാക്കളായ റേഞ്ചേഴ്സിൽ നിന്നാണ് ജെറാഡ് ഇംഗ്ലണ്ടിലേക്ക് തിരികെയെത്തുന്നത്. 10 വർഷത്തിന് ശേഷം റേഞ്ചേഴ്സിനെ വീണ്ടും ലീഗ് ജേതാക്കളാക്കിയതിന്‍റെ പകിട്ടുമായാണ് താരം മടങ്ങുന്നത്. സ്േകാട്ടിഷ് ലീഗിൽ തുടർച്ചയായി ഒമ്പത് വർഷം ജേതാക്കളായ സെൽറ്റിക്കിന്‍റെ അപരാജിത കുതിപ്പിനാണ് ജെറാഡ് അന്ത്യം കുറിച്ചത്. അപരാജിതരായാണ് അവർ സീസൺ പൂർത്തിയാകിയത്.
41കാരനായ ജെറാഡ് പുറത്താക്കപ്പെട്ട ഡീൻ സ്മിത്തിന്റെ പകരക്കാരനായാണ് വില്ലയിലെത്തുന്നത്. ലീഗിൽ തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റതോടെയാണ് സ്മിത്തിന്റെ കസേര തെറിച്ചത്.
സൂപ്പർ താരമായിരുന്നു ജാക്ക് ഗ്രീലിഷിനെ മാഞ്ചസ്റ്റർ സിറ്റിക്ക് വിറ്റതോടെ വില്ല ലീഗിൽ തപ്പിത്തടയുകയാണ്. 11 കളികളിൽ നിന്ന് 10 പോയിന്‍റുമായി 16ാം സ്ഥാനത്തുള്ള ടീമിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷപെടുത്തുകയെന്നനതാണ് ജെറാഡിന്‍റെ മുമ്പിലുള്ള ആദ്യ കടമ്പ.
20ാം തിയതി ബ്രൈറ്റനെതിരായ മത്സരത്തിലൂടെ ജെറാഡ് ആസ്റ്റൺ വില്ല ബോസ് ആയി അരങ്ങേറും. ഡിസംബർ 11ന് ലിവർപൂളിനെ നേരിടാൻ ജെറാഡ് ആൻഫീൽഡിലും എത്തും.
പ്രീമിയർ ലീഗ് ചരിത്രത്തിലെ ഇതിഹാസങ്ങളിലൊന്നായാണ് ജെറാഡ് കണക്കാക്കപ്പെടുന്നത്. ഏഴാം വയസ്സില്‍ (1987) ലിവര്‍പൂള്‍ അക്കാദമിയിലത്തെിയ ജെറാഡ്, 1998ല്‍ സീനിയര്‍ ടീമിന്‍റെ ഭാഗമായി. തുടര്‍ന്ന് 17 വര്‍ഷംകൊണ്ട് 710 മത്സരങ്ങളിൽ കളത്തിലിറങ്ങി. 186 ഗോളുകളും ചാമ്പ്യന്‍സ് ലീഗ്, യുവേഫ കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങിയ ഒരുപിടി കിരീടവും നേടിയാണ് വിസ്മയ കരിയര്‍ അവസാനിപ്പിച്ചത്. 2015 സീസണ്‍ കഴിഞ്ഞ് ലിവര്‍പൂള്‍ വിട്ട ജെറാഡ് അമേരിക്കയിലെ ലോസ് ആഞ്ജലസ് ഗാലക്സിയില്‍ ഒരു സീസണ്‍ കളിച്ചശേഷം നവംബറില്‍ ഫുട്ബാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.