ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോളിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. മത്സരത്തിൽ അധിക സമയത്തിന്‍റെ 96ാം മിനിറ്റിൽ ഫ്രീകിക്കിൽ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിച്ച് മൈതാനം വിടുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട ചേത്രി ഞൊടിയിടയിൽ പന്ത് വലയിലെത്തിക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. പിന്നാലെയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിച്ചത്. മാച്ച് കമീഷണർ റഫറിയുമായി നടത്തിയ ചർച്ചക്കുശേഷം ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്കും. താരത്തിന്‍റെ സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ബ്ലാസ്റ്റേഴ്സ് ആരാധകരും ഫുട്ബാൾ പ്രേമികളും കടുത്ത ഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പലതും അതിരുവിടുകയും ചെയ്തു. റഫറി അനുവദിച്ചിട്ടാണ് കിക്കെടുത്തതെന്നായിരുന്നു ഛേത്രിയുടെ വാദം. ഇന്ത്യൻ മുന്നേറ്റ താരത്തിന്‍റെ കോലം വരെ കത്തിക്കുന്ന തരത്തിലുള്ള വിഡിയോയും ഇതിനിടെ പുറത്തുവന്നു.
താരത്തിന്‍റെ ഭാര്യ സോനം ഭട്ടാചാര്യയും ആരാധക രോഷം അറിഞ്ഞു. അവരുടെ സമൂഹമാധ്യമങ്ങളിലും വിമർശന പോസ്റ്റുകൾ വ്യാപകമായി നിറഞ്ഞു. ഒടുവിൽ ഇൻസ്റ്റഗ്രാമിലൂടെ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് അവർ. കുടുംബത്തെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്തെന്ന് കരുതുന്നതായി അവർ കുറിച്ചു.
‘ഫുട്ബാൾ, അഭിനിവേശം, പിന്തുണ എന്നിവക്കിടയിൽ പരസ്പരം ദയ കാണിക്കാനും മാന്യമായി പെരുമാറാനും നമ്മൾ എങ്ങനെ മറന്നു? സമൂഹമാധ്യമങ്ങളിൽ വെറുപ്പും വിദ്വേഷവും നിരാശയും എല്ലാം ഉപേക്ഷിച്ച് നിങ്ങൾ വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം സമാധാനത്തോടെ ഇരിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്തെന്ന് ഞാൻ കരുതുന്നു. ഊഷ്മളതയും ആതിഥ്യമര്യാദയും അറിയുന്നവർ വസിക്കുന്ന മനോഹര സംസ്ഥാനമാണ് കേരളം. അതിനാൽ വെറുപ്പ് നിറഞ്ഞ പരാമർശങ്ങളൊന്നും എന്റെ ധാരണ മാറ്റില്ല. ഫൈനൽ വിസിൽ ഉയരുന്നതോടെ, ഫുട്ബാൾ കൊണ്ടുവരുന്ന എല്ലാ വികാരങ്ങൾക്കും മുകളിലായി ദയയെ പ്രതിഷ്ഠിക്കുക’ -സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിനെതിരെ വരുംദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.