കോഴിക്കോട്: സ്വന്തം മൈതാനത്ത് ഗോളടിയേറ്റ് ഗോകുലം വലഞ്ഞു. മറുവശത്ത് ഐ.എസ്.എൽ ചാമ്പ്യന്മാർ എന്ന പെരുമ കാത്ത് എ.ടി.കെ മോഹൻബഗാൻ അടിയോടടി. സൂപ്പർ കപ്പിലെ സൂപ്പർ പോരാട്ടത്തിൽ എ.ടി.കെ മോഹൻബഗാൻ 5-1ന് ഗോകുലം കേരള എഫ്.സിയെ തറപറ്റിച്ചു. 07, 27, 45, 63, 90+3 മിനിറ്റുകളിലായിരുന്നു എ.ടി.കെയുടെ ഗോളർമാദം. 71ാം മിനിറ്റിൽ ഗോകുലം ആശ്വാസ ഗോൾ നേടി.
മൂന്നാം മിനിറ്റിൽ ആദ്യ കോർണർ നേടി ആധിപത്യമുറപ്പിച്ച എ.ടി.കെക്കു മുന്നിൽ ഗോകുലത്തിന്റെ സർവതന്ത്രങ്ങളും പാളുന്ന കാഴ്ചയാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ കണ്ടത്. ഏഴാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയുടെ ഗോളിലൂടെ എ.ടി.കെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചു. മിഡ്ഫീൽഡർ ഹ്യൂഗോ അദ്നാൻ ബൗമൗസ് കൊടുത്ത ക്രോസ് ഗോകുലം പോസ്റ്റിന്റെ ഇടതു വിങ്ങിൽനിന്ന് ഏറ്റുവാങ്ങിയ ലിസ്റ്റിൻ കൊളാസോ തൊടുത്ത ലോങ് റേഞ്ചർ ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ആഴ്ന്നിറങ്ങുന്ന സുന്ദരമായ കാഴ്ചയായിരുന്നു ആദ്യ ഗോൾ. 27ാം മിനിറ്റിൽ ആദ്യ ഗോളിന്റെ റീപ്ലേ പോലെ ലിസ്റ്റൻ വീണ്ടും ഗോകുലത്തെ കുലുക്കി. ഗോകുലം ഹാഫിന്റെ വലതുമൂലയിൽനിന്ന് ആഷിഷ് റായ് മൈതാനത്തിനു കുറുകെ ഇടതു മൂലയിലേക്ക് നീട്ടിക്കൊടുത്ത ലോങ് പാസ് കാലിൽ കൊരുത്ത ലിസ്റ്റൻ ഗോൾപോസ്റ്റിന് 30 വാര അകലെനിന്നു തൊടുത്ത ലോങ് റേഞ്ചറാണ് വല തുളച്ചത്.
ഗോളി ഷിബിൻരാജിനെ അനങ്ങാൻ പോലും അനുവദിക്കാതെയായിരുന്നു രണ്ടു ഗോളുകളും വലയിൽ പതിച്ചത്. 45ാം മിനിറ്റിൽ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ് ഗോൾ പട്ടിക മൂന്നാക്കി ഉയർത്തി. പ്രതിരോധിക്കണമെന്ന ഓർമപോലുമില്ലാതെ നിന്ന ഗോകുലം താരങ്ങൾക്കിടയിലൂടെ കിയാൻ നസീരി മുനകൂർപ്പിച്ചു കൊടുത്ത ക്രോസ് ഹ്യൂഗോ ഒട്ടും ആയാസമില്ലാതെ വലയിലേക്ക് നയിച്ചു. മറുപടിയില്ലാത്ത മൂന്നു ഗോളുകൾ വഴങ്ങി രണ്ടാം പകുതിക്കിറങ്ങിയ ഗോകുലം കുറച്ചുകൂടി ഒത്തിണക്കം കാണിച്ചെങ്കിലും എ.ടി.കെ അധികം വിയർപ്പൊഴുക്കാതെ എതിരാളികളെ ഒതുക്കിനിർത്തി. 63ാം മിനിറ്റിൽ ഹ്യൂഗോ ബൗമൗസ് കൊടുത്ത ക്രോസ് നിയന്ത്രിച്ചുനിർത്തിയ മൻവീർ സിങ് ഗോകുലം വലയിലേക്ക് പായിച്ച് ഗോളെണ്ണം നാലാക്കി.
അതിനിടയിൽ ഗോകുലം ആശ്വാസ ഗോൾ കുറിച്ചു. 71ാം മിനിറ്റിൽ സ്പാനിഷ് താരം ജൂലിയൻ ഒമർ റാമോസിന്റെ ക്രോസ് ഹെഡ് ചെയ്ത ഗോകുലം ക്യാപ്റ്റൻ ബൗബ അമിനൗ ഫോർവേഡ് സെർജിയോ മെൻഡിഗുചിയ ഇഗ്ലേഷ്യസിന് മറിച്ചുകൊടുത്തു. സെർജിയോ പന്ത് എ.ടി.കെ ഗോളി അർഷ് അൻവർ ശൈഖിനെ കബളിപ്പിച്ച് ഹെഡറിലൂടെ തന്നെ വലയിലാക്കി (4-1). കളിയൊക്കെ കഴിഞ്ഞെന്നു കരുതി പ്രതിരോധനിരയും തുറന്നിട്ട് കളിക്കാർ കളംവിടാൻ ഒരുങ്ങുമ്പോഴാണ് ഇഞ്ചുറി ടൈമിൽ കിയാൻ നസീരിയുടെ വക അഞ്ചാം ഗോൾ ഗോകുലം വലയിൽ അവിചാരിതമായി പാഞ്ഞു കയറിയത്.
സബ്സ്റ്റിറ്റ്യൂട്ട് അടക്കം ഒമ്പതു മലയാളി താരങ്ങളുമായാണ് ഗോകുലം മൈതാനത്തിറങ്ങിയത്. കളിയുടെ ഒരു ഘട്ടത്തിലും ഒത്തിണക്കമുള്ള ഒരു നീക്കവും ഗോകുലത്തിൽ നിന്നുണ്ടായില്ല.
കോഴിക്കോട്: ഗോൾമഴ പെയ്ത ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോവ എഫ്.സിക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്-സിയിൽ ജാംഷഡ്പുർ എഫ്.സി 5-3ന് ചാമ്പ്യന്മാരെ മലർത്തിയടിച്ചു. ജാംഷഡ്പുരിനായി റാഫേൽ ഷൂളർ ക്രിവല്ലാറോ ഇരട്ട ഗോൾ നേടിയപ്പോൾ പ്രതിക് ചൗധരി, ഹാരിസൺ ഹിക്കി സായർ എന്നിവർ ഓരോ ഗോൾ നേടി. ഗോവക്കായി നോവ വെയ്ൽ സദൗയി രണ്ടുവട്ടം സ്കോർ ചെയ്തു. ഐക്കർ ഗ്വാരോത്സേനയും വലകുലുക്കി. ഒന്ന് സെൽഫ് ഗോളുമായി.
ആദ്യ ഗോൾകുറിച്ചത് ചാമ്പ്യന്മാരായിരുന്നു. ആറാം മിനിറ്റിൽ സദൗയിയാണ് ഗോൾ നേടിയത്. 11ാം മിനിറ്റിൽ ജാംഷഡ്പുർ പ്രതിക് ചൗധരിയിലൂടെ സമനില പിടിച്ചു. 27ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് റാഫേൽ ഷൂളർ ക്രിവല്ലാറോ ജാംഷഡ്പുരിനെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ജാംഷഡ്പുർ താരം പ്രണോയിയുടെ ഷോട്ട് ഗോവ ഡിഫൻഡർ മുഹമ്മദ് ഫാരിസ് അൽ അർനൗതിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ പതിച്ചു. 59ാം മിനിറ്റിൽ ഋതിക് കുമാർ ദാസിന്റെ ക്രോസിൽനിന്ന് റാഫേൽ ഷൂളർ ക്രിവല്ലാറോ ജാംഷഡ്പുരിനായി വീണ്ടും ഗോൾ നേടി. രണ്ടു മിനിറ്റിനുശേഷം ഗോവയുടെ ഐക്കർ ഗ്വാരോത്സേന ഗോൾ മടക്കി. 70ാം മിനിറ്റിൽ സദൗയി ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടി. 81ാം മിനിറ്റിൽ ഹിക്കി സായർ വക ജാംഷഡ്പുരിന്റെ അഞ്ചാം ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.