ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു മുതൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക്. കലിംഗ സ്റ്റേഡിയത്തിൽ ഗ്രൂപ് ബിയിലെ ആദ്യ കളിയിൽ ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങാണ് എതിരാളികൾ. പരിക്കു കാരണം പുറത്തായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഏഷ്യൻ കപ്പ് ഇന്ത്യൻ ടീമിൽ അംഗങ്ങളായ കെ.പി. രാഹുൽ, പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിത തുടങ്ങിയ പ്രമുഖരില്ലെങ്കിലും വമ്പൻ താരനിരയുമായിത്തന്നെയാണ് ഇവാൻ വുകുമനോവിച് ഭുവനേശ്വറിലെത്തിയിരിക്കുന്നത്.
ഒന്നാംനിരക്കാരായ ചിലരുടെ അഭാവം ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനുള്ള അവസരംകൂടിയാണ് ബ്ലാസ്റ്റേഴ്സിന്. ഉജ്ജ്വല ഫോമിൽ കളിക്കുന്ന സ്ട്രൈക്കർമാരായ ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര, ഡൈസുകെ സകായ് തുടങ്ങിയവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ലജോങ് പാടുപെടും. മധ്യ, പ്രതിരോധനിരകളും ശക്തമാണ്. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കുശേഷം വിദേശ കളിക്കാരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നാണ് ടീം ഭുവനേശ്വറിലേക്കു തിരിച്ചത്. ഓരോ മത്സരം കഴിയുമ്പോഴും പരിശീലനത്തിനായി കൊൽക്കത്തയിലേക്കു പറക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പദ്ധതി.
സൂപ്പർ കപ്പിലെ നവാഗതരാണ് ലജോങ്. ഐ.എസ്.എൽ ടീമുകളായി കളിക്കുന്ന അനുഭവം അവർക്ക് ഐ ലീഗിൽ ഗുണംചെയ്യും. ഉച്ചക്ക് രണ്ടിനാണ് ബ്ലാസ്റ്റേഴ്സ്-ലജോങ് കളി. രാത്രി 7.30ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഐ.എസ്.എൽ ക്ലബുകളായ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ജാംഷഡ്പുർ എഫ്.സിയും ഏറ്റുമുട്ടും.
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ. രണ്ടിനെതിരെ മൂന്നു ഗോളിനാണ് കൊൽക്കത്തക്കാർ കളി പിടിച്ചത്. ഈസ്റ്റ് ബംഗാളിനായി ക്ലീറ്റൻ സിൽവ ഇരട്ട ഗോൾ നേടി.
33ാം മിനിറ്റിൽ സിൽവയിലൂടെ ലീഡ് പിടിച്ചു. ആദ്യ പകുതി തീരാൻ നേരം റാംലൻചുൻഗ (45) ഗോൾ മടക്കി. 54ാം മിനിറ്റിൽ സിൽവ വീണ്ടും സ്കോർ ചെയ്തു. എന്നാൽ, നിം ഡോർജിയിലൂടെ (79) ഹൈദരാബാദിന്റെ മറുപടിയെത്തിയതോടെ 2-2. തൊട്ടടുത്ത മിനിറ്റിൽ സോൾ ക്രെസ്പോ ഗോൾ നേടി ഈസ്റ്റ് ബംഗാളിനെ ജയത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.