തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ‘ബ്രസീൽ- സ്പെയിൻ പോരാട്ടം’. ആറ് ബ്രസീലിയന്‍ താരങ്ങളുടെ കരുത്തുമായി തിരുവനന്തപുരം കൊമ്പൻസും അഞ്ച് സ്പാനിഷ് താരങ്ങളുടെ തലയെടുപ്പുമായി കണ്ണൂർ വാരിയേഴ്സും ഇന്ന് രാത്രി 7.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലിറങ്ങുമ്പോൾ പുൽനാമ്പുകൾക്ക് തീപിടിക്കും.
ആദ്യമത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് സമനില വഴങ്ങേണ്ടിവന്നതിന്റെ അരിശം തൃശൂർ മാജിക് എഫ്.സിയോട് തീർത്താണ് കൊമ്പൻപടയുടെ വരവ്. നാല് പോയന്റുമായി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള കൊമ്പന്മാരെ തളക്കാൻ കണ്ണൂരിന്റെ സ്പാനിഷ് കോച്ച് മാനുവല്‍ സാഞ്ചസ് മുരിയാസിന്റെയും തന്ത്രങ്ങൾക്ക് കഴിയുമോയെന്നാണ് ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നത്.
വമ്പ് കാട്ടാൻ കൊമ്പൻപട
ആറ് ബ്രസീലിയൻ താരങ്ങളാണ് കൊമ്പന്മാരുടെ കരുത്ത്. അവരിൽ ഏറ്റവും അപകടകാരി ക്യാപ്ടൻ പാട്രിക് മോട്ടതന്നെയാണ്. മോട്ടക്കൊപ്പം കളമറിഞ്ഞ് പോരാടാൻ ബ്രസീലിയന്‍ രണ്ടാം ഡിവിഷനില്‍ കളിച്ചിട്ടുള്ള മധ്യനിര താരങ്ങളായ ഡേവി കുനിന്, മുന്നേറ്റതാരം ഓട്ടേമേര് ബിസ്പോ, മാര്‍ക്കോസ് വൈല്‍ഡര്‍, പ്രതിരോധ താരം റനൻ ജനുവാരിയോ റോച്ചെ, ഗോളി മൈക്കേല്‍ അമേരികോ എന്നിവരും അണിചേരുമ്പോൾ കൊമ്പന്മാരുടെ ഗോൾ വലകുലുക്കാൻ എതിരാളികൾക്ക് ഏറെ വിയർപ്പൊഴിക്കേണ്ടിവരും. കൊമ്പന്മാർ ലീഗിൽ ഇതുവരെ അടിച്ച മൂന്നു ഗോളും ഇന്ത്യക്കാരുടെ വകയായിരുന്നു. ഇതിൽ രണ്ടെണ്ണം മലയാളികളും ടീമിലെ മുന്നേറ്റതാരങ്ങളുമായ മുഹമ്മദ് അഷറിന്റെയും ടി.എം. വിഷ്ണുവിന്റെയും സംഭാവനയാണ്. റെനൻ റോച്ച നേതൃത്വം നൽകുന്ന പ്രതിരോധനിരയെ തകർക്കാൻ കണ്ണൂരിന്റെ പോരാളികൾക്ക് കൈയ് മെയ് മറന്ന് പോരാടേണ്ടിവരും.
കണ്ണൂരിന് സ്പെയിനിന്റെ പീരങ്കികൾ
കണ്ണൂരിന്റെ ആദ്യ പ്രഫഷനല്‍ ഫുട്ബാള്‍ ടീം എന്ന ഗരിമയുമായി കളത്തിലിറങ്ങുന്ന കണ്ണൂര്‍ വാരിയേഴ്സ് പന്ത് അടവുകളുടെ പെരുന്തച്ഛനാണ്. പരിശീലകൻ മാനുവല്‍ സാഞ്ചസ് മുരിയാസിന് പുറമെ ടീമിലെ ആറ് വിദേശതാരങ്ങളില്‍ അഞ്ചുപേരും സ്പെയിനില്‍ നിന്നുള്ളവരാണ്. ക്യാപ്റ്റൻ അഡ്രിയാന്‍ സാര്സിനേറോ സ്പാനിഷ് ലാലിഗയില്‍ കളിച്ചിട്ടുണ്ട്.
മികച്ച ത്രോ-ഇന്നുകള്‍ക്ക് പേരുകേട്ട ഫ്രാന്‍സിസ്കോ ഡേവിഡ് ഗ്രാന്‍ഡേ ഐ.എസ്.എലില്‍ ജംഷദ്പുരിനു കളിച്ച താരമാണ്. ഗോളടിയന്ത്രം അല്‍വാരോ അല്‍വാരെസ്, അസീര്‍ ഗോമസ്, ഇലോയ് ഒര്‍ഡോണെസ് എന്നിവരാണ് കണ്ണൂർ സ്പെയിനിൽനിന്നിറക്കിയ പീരങ്കികൾ. നൈജീരിയ സ്വദേശി ലാവ സാസ ആണ് മറ്റൊരു വിദേശതാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.