മലപ്പുറം: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ. സൂപ്പർ ലീഗ് കേരള നാലാം റൗണ്ട് മത്സരത്തിൽ ഹോം ഗ്രൗണ്ടിലെ കന്നി ജയം തേടി മലപ്പുറം എഫ്.സി കണ്ണൂർ വാരിയേഴ്സിനെതിരെ പന്ത് തട്ടും. രാത്രി 7.30നാണ് കിക്കോഫ്. പരമ്പരാഗത ശക്തികളായ മലപ്പുറവും കണ്ണൂരും ഏറെ നിർണായകമായ മത്സരത്തിനാണ് ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്. പോരാട്ടവീര്യത്തിന് പേരുകേട്ട രണ്ട് തുല്യശക്തികൾ ഏറ്റുമുട്ടുമ്പോൾ ആവേശം അലതല്ലുന്ന സ്വപ്നസുന്ദര സോക്കറിനാണ് ആരാധകർ കാത്തിരിക്കുന്നത്. തോൽവിയറിയാത്ത കുതിപ്പ് തുടരാൻ കണ്ണൂരും സ്വന്തം ഗ്രൗണ്ടിൽ ആദ്യജയം തേടി മലപ്പുറവും കൊമ്പുകോർക്കുമ്പോൾ ക്ലാസിക് പോരാട്ടത്തിനാണ് മൈതാനം സാക്ഷ്യം വഹിക്കുക.
ജീവൻ കൊടുത്തും ജയിക്കാൻ മലപ്പുറം
തട്ടകത്തിൽ രണ്ട് മത്സരം കളിച്ചെങ്കിലും സ്വന്തം കാണികൾക്ക് മുമ്പിൽ വിജയത്തിന്റെ ആനന്ദനൃത്തമാടാൻ മലപ്പുറം എഫ്.സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ കോഴിക്കോട് എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരെ തകർത്തത്. തൃശൂർ മാജിക് എഫ്സിക്കെതിരെ നടന്ന രണ്ടാം ഹോം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുന്നേറ്റത്തിലെ മൂർച്ചക്കുറവും ദുർബല മധ്യനിരയുമായിരുന്നു വിജയം അകലാൻ കാരണമായത്. മൂന്ന് കളികളിൽ നിന്ന് നാല് പോയന്റുമായി മലപ്പുറം എഫ്.സി നിലവിൽ ടേബിളിൽ നാലാമതാണ്. സ്വന്തം മൈതാനത്ത് ഇതുവരെ ഒറ്റ ഗോളും നേടാനായില്ലെന്നതും മലപ്പുറത്തിന്റെ ആരാധകരെ നിരാശരാക്കുന്നുണ്ട്. ഗോളും വിജയവും നേടി ആരാധകരുടെ വിശ്വാസം നേടിയെടുക്കുകയെന്ന വലിയ ദൗത്യമാണ് മലപ്പുറം എഫ്.സിക്ക് നിർവഹിക്കാനുള്ളത്.
കഴിഞ്ഞ ഐ ലീഗിലെ സൂപ്പർ താരം അലക്സ് സാഞ്ചസ്, ഉറുഗ്വായ്ക്കാരൻ പെഡ്രോ മൻസി എന്നിവരെ മുന്നേറ്റനിരയിൽ കെട്ടഴിച്ചുവിട്ടാവും ഇന്ന് ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി മലപ്പുറത്തിന്റെ ഗോൾ ദാരിദ്ര്യത്തിന് പരിഹാരം തേടുക. സ്പാനിഷ് താരങ്ങളായ റൂബൻ ഗാർഷ്യ, ജോസബ ബാറ്റിയ എന്നിവർക്കൊപ്പം കഴിഞ്ഞ മത്സരത്തിൽ തകർത്ത് കളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. നായകൻ അനസ് എടത്തൊടിക ഫോമിലേക്ക് ഉയർന്നതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഫിനിഷിങ് കുറവുകൾ പരിഹരിച്ച് ആരാധകർ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകൻ അനസ് എടത്തൊടിക പറഞ്ഞു.
ആത്മവിശ്വാസ കരുത്തിൽ കണ്ണൂർ
ലീഗിൽ ഇതുവരെ തോൽവിയറിയാത്തതിന്റെ തികഞ്ഞ ആത്മവിശ്വാസവുമായാണ് കണ്ണൂർ വാരിയേഴ്സ് നാലാം മത്സരത്തിനിറങ്ങുന്നത്. പയ്യനാട് സ്റ്റേഡിയത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ജയിച്ചതിന്റെ ആവേശം കണ്ണൂർ ടീമിന് കൂടുതൽ കരുത്ത് പകരും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമാണ് കണ്ണൂരിന്റെ സമ്പാദ്യം. പോയന്റ് പട്ടികയിൽ അഞ്ച് പോയന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്താണ്. പരിശീലകനും അഞ്ച് കളിക്കാരും ഉൾപ്പെടെ അടിമുടി സ്പാനിഷ് കരുത്തുമായാണ് കണ്ണൂർ എഫ്.സി പോരാട്ടത്തിനിറങ്ങുന്നത്.
മികവോടെ പന്ത് തട്ടുന്ന ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താതെയാവും കോച്ച് മനോലോ സാഞ്ചസ് മുരിയാസ് ഇന്ന് ടീമിനെ വിന്യസിക്കുക. അജ്മൽ ഗോൾവല കാക്കുമ്പോൾ വികാസും അൽവാരോയും പ്രതിരോധമതിൽ കെട്ടും. റിഷാദും അക്ബറും സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സെർദിനെറോയും ഐസിയർ ഗോമസും മുന്നേറ്റത്തിന് കരുത്ത് പകരും. തകർപ്പൻ ഷോട്ടുകളും പാസുകളുമായി കളം വാഴുന്ന കാമറൂൺകാരൻ ലവ്സാംബയുൾപ്പെടെയുള്ളവർ മധ്യനിരയിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.