ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ എന്നും ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ്. അതിനെ അന്വർഥമാക്കുംവിധം പ്രിയപ്പെട്ട താരത്തിന് വ്യത്യസ്ത രീതിയിൽ ആദരവ് അർപ്പിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ബേക്കറിയുടമ.
ഫുട്ബാൾ തട്ടുന്ന മറഡോണയുടെ രൂപത്തിലുള്ള പൂർണകായ കേക്കാണ് ഫുട്ബാൾ ഇതിഹാസത്തിന് ആദരവ് എന്ന നിലക്ക് രാമനാഥപുരത്തെ ബേക്കറി നിർമിച്ചിരിക്കുന്നത്. ആറടി ഉയരമുള്ള കേക്ക് ബേക്കറിക്ക് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. അറുപത് കിലോ പഞ്ചസാരയും 270 മുട്ടയുമാണ് കേക്ക് നിർമിക്കാനായി ഉപയോഗിച്ചത്. നാല് ദിവസമെടുത്തു കേക്ക് പൂർത്തിയാക്കാനെന്ന് ബേക്കറിയിലെ തൊഴിലാളിയായ സതീഷ് രംഗനാഥൻ പറഞ്ഞു.
എല്ലാ വർഷവും ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് വ്യത്യസ്തമായ കേക്കുകൾ ബേക്കറി നിർമിക്കാറുണ്ടെന്ന് സതീഷ് പറഞ്ഞു. 'മുമ്പ് ഇളയരാജ, അബ്ദുൽ കലാം, ഭാരതിയാർ തുടങ്ങിയവരുടെയെല്ലാം രൂപത്തിലുള്ള കേക്കുകൾ നിർമിച്ചിട്ടുണ്ട്. മറഡോണ വിടപറഞ്ഞതിനാലാണ് ഈ വർഷം അദ്ദേഹത്തിന്‍റെ രൂപം ഉണ്ടാക്കാൻ തീരുമാനിച്ചത്. കളിക്കേണ്ടത് മൈതാനത്താണ്, മൊബൈലിലും കമ്പ്യൂട്ടറിലുമല്ല എന്ന സന്ദേശം യുവജനങ്ങൾക്ക് നൽകാനും ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നു'- സതീഷ് രംഗനാഥൻ വ്യക്തമാക്കി. അതേസമയം, വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേക്കിന് മറഡോണയുടെ രൂപസാദൃശ്യമില്ലെന്ന് വിമർശിച്ച് ധാരാളം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.