ആലിക്കോയ

കോഴിക്കോട്: കളിയാവേശത്തിന്‍റെ അലകടലിരമ്പുന്ന സെവൻസ് മൈതാനങ്ങളിൽ അതിമിടുക്കോടെ വിസിലൂതി ഫുട്ബാൾ പ്രേമികളുടെ മനസ്സകങ്ങളിലേക്ക്​ ഡ്രിബ്​ൾ ചെയ്​തു കയറിയ 'സെലിബ്രിറ്റി റഫറി' ആയിരുന്നു വെള്ളിയാഴ്ച നിര്യാതനായ കോയക്ക. ആലിക്കോയ എന്ന കോഴിക്കോട്ടുകാരൻ റഫറിയെന്ന നിലയിൽ കേരളത്തിലെ സെവൻസ് മൈതാനങ്ങളിലെല്ലാം ആവേശമേറുന്ന കാഴ്ചയായി. ദേശീയ, അന്തർദേശീയ താരങ്ങൾ ആ കാർക്കശ്യവും സ്നേഹവും അനുഭവിച്ചു.

മലപ്പുറത്തായിരുന്നു ഏറ്റവും കൂടുതൽ മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചത്. അരീക്കോടും അരപ്പറ്റയും മുതൽ മൂവാറ്റുപുഴയിലും അങ്കമാലിയിലും തൃശൂരും വളപട്ടണത്തുമെല്ലാം കോയക്ക മൈതാനം ഭരിച്ചു. കർക്കശക്കാരനായി കളി നിയന്ത്രിക്കുന്ന കോയക്ക, ചിലപ്പോൾ സംഘാടകരുടെ ആവശ്യങ്ങൾക്ക് സ്നേഹപൂർവം കീഴടങ്ങുന്ന തരള ഹൃദയനായിരുന്നെന്ന് അടുപ്പമുള്ളവർ പറയുന്നു. ഗേറ്റ് കളക്ഷൻ കൂടുതൽ കിട്ടാൻ സാധ്യതയുള്ള ടീമിനെ ടൂർണമെൻറിൽ നിലനിർത്താൻ കമ്മിറ്റിക്കാർ കോയക്കായോട് സൂചിപ്പിക്കാറുണ്ടായിരുന്നു.

ഉണ്ടക്കണ്ണുകളും മൊട്ടത്തലയുമായി രാജ്യാന്തര ഫുട്​ബാളിൽ തിളങ്ങിനിന്ന പിയർലൂയിജി കൊളീന എന്ന ഫിഫ റഫറിയോടാണ്​ കോയാക്കയെ മലയാളക്കരയിലെ കളിക്കമ്പക്കാർ കൂടുതലും ഉപമിച്ചത്​. കളിയാക്കലിലും പ്രോത്സാഹനങ്ങളിലും സങ്കടമോ അമിതാഹ്ലാദമോ ആലിക്കോയക്കുണ്ടായിരുന്നില്ല. സത്യസന്ധമായി തന്നെ മത്സരം നിയന്ത്രിച്ചാണ് സെവൻസിൽ സ്വന്തം പേര് പതിപ്പിച്ചതും. വിസിലൂതാനില്ലാത്തപ്പോൾ നഗരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ച് നടന്നു.


പിയർലൂയിജി കൊളീന

കോഴിക്കോട് തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപത്തെ മൈതാനത്താണ് ആലിക്കോയ പന്ത് തട്ടി തുടങ്ങിയത്. ഈട്ടിത്തടിയുടെ കാതൽ പോലെ ഉറപ്പുള്ള സ്റ്റോപ്പർ ബാക്കായിരുന്നു അന്ന്. ലോക്കൽ സെവൻസ് ടൂർണമെൻറുകളിൽ കളിച്ചുതുടങ്ങിയ അദ്ദേഹം പിന്നീട് കോഴിക്കോട് യങ്​ ഇന്ത്യൻസിലെത്തി.

കളിയിലെ 'ജീവപര്യന്തം' വിലക്ക്

മികച്ച താരമായിരുന്ന ആലിക്കോയ 24ാം വയസിൽ കളി നിർത്തി സെവൻസ് റഫറിയിങ്ങിലേക്ക് ചുവട് മാറ്റിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്. 1982-83 ൽ കോഴിക്കോട് ജില്ല ബി ഡിവിഷൻ ചാമ്പ്യൻഷിപ്​ നടക്കുന്നു. ലീഡേഴ്സ് സ്പോർട്സ് ക്ലബുമായുള്ള നിർണായക മത്സരം. ജയിച്ചാൽ യങ്​ ഇന്ത്യൻസ് ബി ഡിവിഷൻ ജേതാക്കളാകും. സമനിലയായാൽ ലീഡേഴ്സിന് കിരീടം നേടാം. യങ്​ ഇന്ത്യൻസ് ലീഡ് നേടിയതോടെ റഫറി എതിരാളികൾക്ക്​ അനുകൂലമായി. പ്രമുഖനായ സംഘാടകനും അസോസിയേഷൻ ഭാരവാഹിയുമായിരുന്നു റഫറി. ഓഫ്സൈഡ് ഗോളുകളടക്കം എതിരാളികൾക്ക് സമ്മാനിച്ചു. പ്രകോപിതരായ ആലിക്കോയയും ക്യാപ്റ്റൻ അബ്ദുൽ ഹമീദും അടക്കമുള്ളവർ റഫറിയെ കൈകാര്യം ചെയ്തു. അത്യാവശ്യം പരിക്കുപറ്റി. ടൗൺ പൊലീസ് കേസെടുത്തു.



പിറ്റേന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ ആലിക്കോയയും ഹമീദുമുൾപ്പെടെ മൂന്ന് പേർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി. ഹമീദിനെ തിരിച്ചെടുത്തെങ്കിലും കോയക്കയെ പുറത്തു നിർത്തി. അന്ന് മുതൽ അംഗീകൃത ടൂർണമെൻറുകളിൽ കളിക്കാനായില്ല. ചുരുക്കം സെവൻസുകളിൽ പങ്കെടുത്തു. ഈ സമയത്താണ് തിരൂരങ്ങാടിയിൽ നടന്ന ടൂർണമെന്‍റിലേക്ക്​ റഫറിയായി ആലിക്കോയയെ അബ്ദുൽ ഹമീദ് ശിപാർശ ചെയ്യുന്നത്. തുടക്കം മോശമായില്ല. പിന്നീട് 2019 വരെ കോയക്ക കളിക്കളങ്ങൾ അടക്കിവാണിരുന്നു.

Tags:    
News Summary - The ‘Celebrity Referee’ Who Ruled The Sevens Football Is No More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.