ദോഹ: വൻകരയുടെ പോരിടത്തിൽ ആരാവും ഗ്രൂപ് റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ. കരുത്തരായ ജപ്പാനും, ഇറാനും, ആസ്ട്രേലിയയും ഉൾപ്പെടെയുള്ളവരിൽ ഏത് വമ്പനായിരിക്കും ‘ബ്ലൂ ടൈഗേഴ്സി’നെതിരെ ബൂട്ടുകെട്ടുന്നത്. ഇന്ത്യൻ ഫുട്ബാൾ ലോകം കാത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരത്തിലേക്ക് മണിക്കൂറുകളുടെ മാത്രം ദൈർഘ്യം. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പിന് ഇന്ന് ആതിഥേയ നഗരിയായ ദോഹ വേദിയാവും.
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കഴിഞ്ഞ വേദികളിൽ 2024 ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് പോരാട്ടത്തിന്റെ പോരാട്ടചിത്രം ഇന്നറിയാം. ആതിഥേയരും, നിലവിലെ ചാമ്പ്യന്മാരുമായ ഖത്തർ ഉൾപ്പെടെ യോഗ്യത നേടിയ 24 ടീമുകളെ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് (ഖത്തർ സമയം ഉച്ചക്ക് രണ്ട് ) കതാറ ഒപേറ ഹൗസിലാണ് ഏഷ്യാകപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കുന്നത്.
ഏപ്രിൽ ആദ്യ വാരത്തിലെ ഫിഫ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ നാല് പോട്ടുകളായി തിരിച്ചാണ് നറുക്കെടുപ്പ്. ഖത്തറും, റാങ്കിങ്ങിൽ മുൻനിരയിലുള്ള ജപ്പാൻ (20), ഇറാൻ (24), ദക്ഷിണ കൊറിയ (27), ആസ്ട്രേലിയ (29), സൗദി അറേബ്യ (54) ടീമുകളുമാണ് ഒന്നാം പോട്ടിലുള്ളത്. 101 റാങ്കുകാരായ ഇന്ത്യ നാലാം പോട്ടിലാണ് ഇടം പിടിച്ചത്. നറുക്കെടുപ്പിലൂടെ ഓരോ പോട്ടിൽനിന്നും ഒരു ടീം എന്ന നിലയിൽ ഗ്രൂപ്പിൽ നാല് ടീമുകളാണുണ്ടാവുക. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ അണിനിരക്കുന്നതാവും ഏഷ്യൻ കപ്പ് പ്രാഥമിക റൗണ്ട് പോരാട്ടങ്ങൾ.
ഈ വർഷം ജൂലൈയിൽ ചൈനയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ആതിഥേയരുടെ പിന്മാറ്റത്തെ തുടർന്നാണ് മാറ്റിയത്. ചൈന പ്രഖ്യാപിച്ച ‘സീറോ കോവിഡ് പോളിസിയുടെ പശ്ചാത്തലത്തിൽ അവർ പിന്മാറിയതോടെ ആസ്ട്രേലിയ, ദക്ഷിണ കൊറിയ രാജ്യങ്ങൾ ഖത്തറിനൊപ്പം വേദിക്കായി രംഗത്തെത്തി. എന്നാൽ, ലോകകപ്പിനൊരുക്കിയ അടിസ്ഥാന സൗകര്യങ്ങളും സംഘാടന വിജയവും പരിഗണിച്ച് ഖത്തറിനെ ആതിഥേയരായി പ്രഖ്യാപിക്കുകയായിരുന്നു.
ലോകകപ്പിന് സാക്ഷ്യം വഹിച്ച എട്ടിൽ ആറ് വേദികളും ഉൾപ്പെടുത്തിയാണ് അടുത്തവർഷം ജനുവരിയിൽ ടൂർണമെന്റിന് കിക്കോഫ് കുറിക്കുന്നത്. ജനുവരി 12ന് അൽ ബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അൽ ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയാണ് വേദി. ഫെബ്രുവരി 10നായിരിക്കും കലാശപ്പോരാട്ടം.
ദോഹ: ഏഷ്യൻ ഫുട്ബാളിലെ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന നറുക്കെടുപ്പ് ചടങ്ങിൽ ഇന്ത്യക്ക് അഭിമാനമായി ഒരു മലയാളി സാന്നിധ്യവും. ദോഹയിലെ കതാറ ഒപേറ ഹൗസിൽ ടീമുകളും ആരാധകരും തങ്ങളുടെ എതിരാളികൾ ആരെന്നറിയാൻ നെഞ്ചിടിപ്പോടെ കാത്തിരിക്കുമ്പോൾ പാത്രത്തിൽ നിന്നും നറുക്കെടുക്കുന്നവരുടെ പട്ടികയിൽ പാതി മലയാളിയായ മുൻ ഇന്ത്യൻ പരിശീലക മെയ്മോൾ റോക്കിയാണ് ഇടം പിടിച്ചത്.
അങ്കമാലിയിൽ ജനിച്ച് ഗോവയിൽ കളിച്ചു വളർന്ന മെയ്മോൾ ഇന്ത്യൻ സീനിയർ വനിത ടീം പരിശീലകയായ ആദ്യ വനിതയായിരുന്നു. നിലവിൽ ഇന്ത്യ വനിത അണ്ടർ 20 ടീം പരിശീലകയും, സീനിയർ ടീം സഹപരിശീലകയുമാണ്. 2001 മുതൽ 2007 വരെ ഇന്ത്യക്കായി കളിക്കുകയും ചെയ്തിരുന്നു.
ഖത്തറിന്റെ നായകൻ ഹസൻ ഹൈദോസ്, മുൻ ഉസ്ബക് സൂപ്പർതാരം സെർവർ ജെപറോവ്, ലോകകപ്പ് മത്സരം നിയന്ത്രിച്ച ജപ്പാൻ റഫറി യോഷിമി യമാഷിത, ദ. കൊറിയയുടെ മുൻ മാഞ്ചസ്റ്റർ താരം പാർക് ജി സുങ്, ആസ്ട്രേലിയയുടെ ടിം കാഹിൽ ഉൾപ്പെടെ സൂപ്പർ താരങ്ങൾക്കൊപ്പമാണ് മെയ്മോൾ റോക്കിയും നറുക്കെടുക്കാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.