‘ആനപ്പട’യുടെ ആക്രമണം; ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം ഐവറി കോസ്റ്റിന്

ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം ആതിഥേയരായ ഐവറി കോസ്റ്റിന്. കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളിന് നൈജീരിയയെയാണ് ‘ആനപ്പട’ കീഴടക്കിയത്. ആ​ഫ്കോണിൽ അവരുടെ മൂന്നാം കിരീട നേട്ടമാണിത്. 1992ലും 2015ലുമാണ് മുമ്പ് ചാമ്പ്യന്മാരായത്.

മത്സരത്തിന്റെ തുടക്കം മുതൽ അവസരങ്ങളേറെ തുറന്നെടുത്തെങ്കിലും ആതിഥേയർക്ക് ആദ്യ പകുതിയിൽ എതിർവല കുലുക്കാനായില്ല. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 60,000 കാണികളെ നിശ്ശബ്ദരാക്കി നൈജീരിയ ആദ്യം ലീഡ് പിടിക്കുകയും ചെയ്തു. 38ാം മിനിറ്റിൽ അവർക്കനുകൂലമായി ലഭിച്ച കോർണർ കിക്ക് ഹെഡറി​ലൂടെ വലയിലേക്ക് വഴിതിരിച്ചുവിട്ട് ക്യാപ്റ്റൻ വില്യം ട്രൂസ്റ്റ് ഇകോങ്ങാണ് നിർണായക ലീഡ് സമ്മാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഐവറി കോസ്റ്റ് ആക്രമിച്ചുകയറിയെങ്കിലും ഗോൾകീപ്പറും പ്രതിരോധ താരങ്ങളും വഴിമുടക്കി. എന്നാൽ, 62ാം മിനിറ്റിൽ ആതിഥേർ കാത്തിരുന്ന സമനില ഗോൾ പിറന്നു. അഡിൻഗ്ര എടുത്ത കോർണർ കിക്കിൽനിന്നുള്ള ഫ്രാങ്ക് കെസ്സിയുടെ തകർപ്പൻ ഹെഡർ നൈജീരിയൻ വലയിൽ കയറുകയായിരുന്നു. 81ാം മിനിറ്റിൽ വിജയഗോളുമെത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ അഡിൻഗ്ര നൽകിയ ഉശിരൻ ക്രോസ് സെബാസ്റ്റ്യൻ ഹാലർ പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുകയായിരുന്നു. ഇതോടെ സ്റ്റേഡിയം ​ആവേശത്താൽ പൊട്ടിത്തെറിച്ചു. തുടർന്ന് തിരിച്ചടിക്കാനുള്ള നൈജീരിയൻ ശ്രമങ്ങളൊന്നും വിജയം കാണാതിരുന്നതോടെ സ്വപ്ന കിരീടത്തിൽ ഐവറി കോസ്റ്റ് ഒരിക്കൽ കൂടി മുത്തമിട്ടു.

ഇക്വട്ടോറിയൽ ഗിനിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതോടെ പ്രാഥമിക റൗണ്ടിൽ പുറത്താകലിന്റെ വക്കിൽനിന്നാണ് കിരീടത്തിലേക്കുള്ള ഐവറി കോസ്റ്റിന്റെ കുതിപ്പ്. നിർണായക മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ സെനഗലിനെയും മാലിയെയും സെമിയിൽ കോംഗോയേയും കീഴടക്കിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ​

Tags:    
News Summary - The 'elephants' attacked; Ivory Coast wins Africa Cup of Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.