മാച്ച് ടിക്കറ്റും വിമാനടിക്കറ്റും എടുത്ത് ലോകകപ്പിനായി ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്നവരെ കാത്തിരിക്കുന്നത് ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മാന്ത്രികപ്രകടനങ്ങൾ മാത്രമായിരിക്കില്ല. കളിക്കപ്പുറം വർണക്കാഴ്ചകൾ പകരുന്ന ഉത്സവകാലംകൂടി അണിയറയിൽ ഒരുങ്ങിയതായി സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിക്കുന്നു.
സാംബാതാളവും മെക്സികൻ അലയൊലികളും ആഫ്രിക്കൻ നൃത്തച്ചുവടുകളും കളിക്കളത്തിൽ പ്രണയിച്ച കാൽപന്ത് ആരാധകർക്ക് തെരുവിലുമുണ്ടാവും വർണവൈവിധ്യങ്ങൾ. തെക്കൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, അറബ് തുടങ്ങി വിവിധ രാജ്യങ്ങളുടെ പരമ്പരാഗത സംഗീത, നൃത്ത, കരകൗശല, കലാപ്രകടനങ്ങൾ കോർത്തിണക്കിയാവും ലോകകപ്പ് കാലത്ത് ഖത്തർ ആഗോളഫുട്ബാൾ പ്രേമികളെ വരവേൽക്കുന്നത്.
ലോകകപ്പിന് കിക്കോഫ് കുറിക്കുന്ന നവംബർ 20 മുതൽ ഫൈനൽ ദിനമായ ഡിസംബർ 18വരെ നീളുന്നതാണ് ആഘോഷപരിപാടികൾ. ഗാലറിയിലെ പച്ചപ്പുൽ മൈതാനിയിലെ പെരുങ്കളിയാട്ടത്തിന് പുറമെ, ആരാധകർക്കായി ഒരുക്കിയത് രാവും പകലും ഉത്സവം പകരുന്ന വിനോദവേളകളെന്ന് ചുരുക്കം. സ്റ്റേഡിയ പരിസരങ്ങളും ഫാൻസോണുകളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 ഇടങ്ങളിലായിരിക്കും കലാപരിപാടികൾ അരങ്ങേറുന്നത്. 6000ത്തോളം കലാകാരന്മാരെ ഇതിനായി തിരഞ്ഞെടുത്തതായി അധികൃതർ വ്യക്തമാക്കി.
ഖത്തറിന്റെ ഹൃദയമായി, ഗൾഫ് കടലിനോട് ചുംബിച്ച് ആറ് കി.മീ ദൈർഘ്യത്തിൽ നീണ്ടുകിടക്കുന്ന ദോഹ കോർണിഷ് സംഗമങ്ങളുടെ കേന്ദ്രമായിമാറും. ഒരേസമയം 1.20 ലക്ഷം പേരെ ഉക്കൊള്ളാൻശേഷിയുള്ള കോർണിഷ് അലങ്കാരപ്പണികൾ പൂർത്തിയാക്കി ലോകോത്തര തെരുവായി ഇതിനകം മാറിക്കഴിഞ്ഞു.
40,000 പേർക്ക് ഒന്നിച്ചിരുന്ന് കളികാണാനുള്ള സൗകര്യത്തോടെ കോർണിഷിനരികിലെ അൽ ബിദ്ദ പാർക്ക്, രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഇൻഡസ്ട്രിയൽ ഏരിയ, അൽ ഖോർ എന്നിവിടങ്ങളിലും ഫാൻ സോണുകൾ സജ്ജമാണ്. മറ്റ് പ്രധാന ഫാൻ സോണുകളുടെ വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.