ഫുട്ബാളിൽ വീണ്ടും നാണക്കേടിന്റെ ‘കളി’; ഡച്ച് ലീഗിനിടെ ഗ്രൗണ്ടിലും ഗാലറിയിലും തീയിട്ട് അയാക്സ് ആരാധകർ

ആംസ്റ്റർഡാം: ഡച്ച് ലീഗിനിടെ ഗ്രൗണ്ടിലും ഗാലറിയിലും തീയിട്ട് അയാക്സ് ആംസ്റ്റർഡാം ആരാധകരുടെ വിളയാട്ടം. യോഹാൻ ക്രൈഫ് അറീനയിൽ ബദ്ധവൈരികളായ ഫെയെനൂർദുമായുള്ള മത്സരത്തിൽ അയാക്സ് മൂന്ന് ഗോളിന് പിന്നിലായതോടെയാണ് കാണികൾ പ്രകോപിതരായത്. ആദ്യം ഗാലറിയിൽ തീയിട്ട ആരാധകർ ഗ്രൗണ്ടിലേക്കും തീയെറിഞ്ഞതോടെ 56ാം മിനിറ്റിൽ മത്സരം അവസാനിപ്പിക്കാൻ റഫറി തീരുമാനിക്കുകയായിരുന്നു.

ആരാധകർ തീയിട്ടതോടെ ഇത് നിരോധിച്ചതാണെന്ന മുന്നറിയിപ്പ് ബിഗ് സ്ക്രീനിൽ അധികൃതർ നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതിരുന്ന അവർ മത്സരശേഷവും അക്രമം തുടർന്നു. പൊലീസിന് നേരെ കല്ലെറിയുകയും സ്റ്റേഡിയത്തിലെ ഓഫിസുകളും മറ്റും തകർക്കുകയും ചെയ്തു. കണ്ണീർ വാതകവും മറ്റും പ്രയോഗിച്ചാണ് ഇവരെ പൊലീസ് പിരിച്ചുവിട്ടത്. അക്രമികൾ പിരിഞ്ഞുപോകുകയും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് ഫെയെനൂർദ് താരങ്ങളും സ്റ്റാഫും ഡ്രസിങ് റൂമിൽനിന്ന് പുറത്തിറങ്ങിയത്.

36 തവണ ഡച്ച് ലീഗ് ചാമ്പ്യന്മാരായ ക്ലബാണ് അയാക്സ്. 18 ടീമുള്ള ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയ അയാക്സ് അഞ്ച് പോയന്റുമായി നിലവിൽ 14ാം സ്ഥാനത്താണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതിലും ടീം പരാജയപ്പെട്ടിരുന്നു. ആരാധകരുടെ നടപടിയിൽ ക്ലബ് അധികൃതർ മാപ്പപേക്ഷിച്ചു. ക്ലബിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്നായിരുന്നു കോച്ച് മൗറിസ് സ്റ്റൈനിന്റെ പ്രതികരണം.

മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ ബുധനാഴ്ച പുനരാരംഭിക്കും. ഇതിൽ ആരാധകരെ പ്രവേശിപ്പിക്കില്ല. ബുധനാഴ്ച എഫ്.സി വോളൻഡാമിനെതിരായ അയാക്സിന്റെ മത്സരം നീട്ടിവെച്ചിട്ടുണ്ട്. മത്സരത്തിരക്കുള്ള ഗ്രൗണ്ടിൽ ബുധനാഴ്ച കളി വീണ്ടും നടത്താനുള്ള തീരുമാനത്തോട് വിയോജിക്കുന്നതായും നിയമനടപടികൾ പരിഗണിക്കുന്നതായും അയാക്‌സ് പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മത്സരം നീട്ടിവെച്ച തീരുമാനത്തിൽ എഫ്.സി വോളൻഡാമും അതൃപ്തി അറിയിച്ചു.

Tags:    
News Summary - The 'game' of shame again in football; Ajax fans set fire to the ground and gallery during the Dutch league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.