ലോകകപ്പിനിടെ വനിത താരത്തെ ചുംബിച്ച സംഭവം; സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ മുൻ പ്രസിഡന്റിന് മൂന്ന് വർഷത്തെ വിലക്ക്

മാഡ്രിഡ്: ​സ്​പെയിൻ വനിത ടീം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിനിടെ മുന്നേറ്റ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ച് വിവാദത്തിലായ മുൻ സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയേൽസിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി ഫിഫ. നേരത്തെ റുബിയേൽസിന് 90 ദിവസത്തെ സസ്​പെൻഷൻ പ്രഖ്യാപിച്ചിരുന്നു. ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും മൂന്ന് വർഷത്തേക്ക് വിലക്കുന്നതാണ് പുതിയ നടപടി.

സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റായിരുന്ന റുബിയേൽസ് വിവാദത്തെ തുടർന്ന് പ്രസിഡന്റ് സ്ഥാനവും യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനവും നേരത്തെ രാജിവെച്ചിരുന്നു. 46കാരനെതിരെ ജെന്നി ഹെർമോസോ പരാതിയുമായി എത്തിയതോടെയാണ് കൂടുതൽ നടപടിയുണ്ടായത്.

ആസ്‌ട്രേലിയയിലെ സിഡ്‌നി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-സ്‌പെയിൻ കലാശപ്പോരിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് സ്‌പെയിൻ ജേതാക്കളായപ്പോൾ സമ്മാനദാന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം. സ്പാനിഷ് താരങ്ങൾ പോഡിയത്തിലെത്തി കിരീടം ഏറ്റുവാങ്ങിയ ശേഷം ലൂയിസ് റുബിയേൽസ് ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. ചുംബനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നടപടി ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ ലൈവ് വിഡിയോയിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വൈകീട്ടോടെ താരം നിലപാട് മയപ്പെടുത്തി. ആ സന്തോഷനിമിഷത്തിൽ യാദൃച്ഛികമായി സംഭവിച്ചതാണെന്നും പരസ്പരസമ്മതത്തോടെയാണെന്നും അവർ വിശദീകരിച്ചു. എന്നാൽ, റുബിയേൽസിനെതിരെ വ്യാപക വിമർശനമുയരുകയും തനിക്ക് പിന്തുണയുമായി നിരവധി പേർ എത്തുകയും ചെയ്തതോടെ താരം നിലപാട് മാറ്റുകയും പരാതി നൽകുകയും ചെയ്തു.

സംഭവത്തിൽ വിമർശനവുമായെത്തിയ സ്​പെയിനിലെ ഉപപ്രധാനമന്ത്രി, ഫെഡറേഷൻ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ഐറിൻ മൊണ്ടേരൊ അടക്കമുള്ളവരും റുബിയേൽസിനെതിരെ രംഗത്തെത്തി. ‘ഞങ്ങൾ സ്ത്രീകൾ ദിവസവും അനുഭവിക്കുന്ന ലൈംഗികാതിക്രമത്തിന്റെ ഒരു രൂപമാണിത്. ഇതിനെ ഒരു സാധാരണ സംഭവമായി കാണാനാവില്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, സംഭവത്തെ വിവാദമാക്കിയവരെ വിഡ്ഢികളെന്നാണ് റുബിയേൽസ് ആദ്യം വിശേഷിപ്പിച്ചത്. ജെന്നിയെ ചുംബിച്ചതാണോ പ്രശ്‌നം? ഒരു ആഘോഷത്തിനിടെ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ചുംബനമായിരുന്നു അത്. ഇത്തരം വിഡ്ഢികളായ മനുഷ്യരെ അവഗണിക്കണമെന്നും നല്ല കാര്യങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ, പിന്നീട് മാപ്പപേക്ഷയുമായി രംഗത്തെത്തി. ‘തീർച്ചയായും എനിക്ക് തെറ്റുപറ്റി, അത് ഞാൻ അംഗീകരിക്കുന്നു. വലിയ ആവേശമുണ്ടായപ്പോൾ മോശം ഉദ്ദേശ്യത്തോടെയല്ലാതെ ചെയ്തതാണത്’, എന്നിങ്ങനെയായിരുന്നു ഫെഡറേഷൻ പുറത്തിറക്കിയ വിഡിയോയിലെ വിശദീകരണം.

മുൻ ബാഴ്‌സലോണ താരമായ ജെന്നി ഹെർമോസോ അവർക്ക് വേണ്ടിയും സ്​പെയിനിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. നിലവിൽ മെക്‌സിക്കൻ ഫുട്‌ബാൾ ലീഗായ ലിഗ എം.എക്‌സ് ഫെമെനിലിൽ സി.എഫ് പചൂകക്ക് വേണ്ടിയാണ് കളിക്കുന്നത്.

Tags:    
News Summary - The incident of kissing female player during the World Cup; Former Spanish Football Federation president banned for three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.