ബോംബറുകളും പീരങ്കിയും ജീവനറ്റ മനുഷ്യശരീരങ്ങളും കഥപറഞ്ഞ രണ്ടാം ലോകയുദ്ധം. ഹിറ്റ്ലറുടെ വീഴ്ചയും, ജർമനിയുടെ തകർച്ചയും സംഭവിച്ച 1945നു ശേഷം, അതുവരെ ചെയ്ത്കൂട്ടിയ പാപങ്ങളുടെ ശിക്ഷ അനുഭവിക്കുകയായിരുന്നു ജർമനി. കത്തിച്ചാമ്പലായ നഗരങ്ങളും ഫാക്ടറികളും തൊഴിലിടങ്ങളും. യുദ്ധവേദിയായതിന്‍റെ ശേഷിപ്പുകൾപേറിയ കൃഷിസ്ഥലങ്ങൾ വർഷങ്ങളോളം തിരശുഭൂമികളായി.

നാട്ടിലെ പുരുഷന്മാരും മുതിർന്നവരുമെല്ലാം സോവിയറ്റ് -ബ്രിട്ടീഷ് സേനകളുടെ പിടിയിലോ തടവറകളിലോഅകപ്പെട്ടു. നാട്ടിൻപുറങ്ങളിലെ വീടുകളിൽ വിധവകളായ സ്ത്രീകളും അനാഥകളായ കുട്ടികളും മാത്രമായി. അവർക്ക് കൂട്ട് പട്ടിണിയും തൊഴിലില്ലായ്മയും. സോവിയറ്റ്, ബ്രീട്ടിഷ് ഭരണകൂടങ്ങൾ റേഷനായി നൽകുന്ന അരക്കഷ് ണം റൊട്ടിയിൽ വിശപ്പടക്കാൻ ശീലിച്ച ജന്മങ്ങൾ. ഹിറ്റ്ലറുടെ യുദ്ധക്കൊതി ജർമനിക്ക് സമ്മാനിച്ചത് ഇതൊക്കെയായിരുന്നു. ഐക്യ ജർമനിയെന്ന സ്വപ്നത്തിൽ നിന്നും ആ രാജ്യം നെടുകെ പിളർന്ന് നാലു ചീന്തുകളായി മാറി. ലോക

ത്തിന്‍റെ ബഹിഷ്കരണവും ഒറ്റപ്പെടലും കാരണം ജർമനിക്കാരൻ എന്ന് പറയാൻ ആ നാട്ടുകാർ ഭയപ്പെട്ടിരുന്ന കാലം. ഇതിനിടയിൽ 1950 ലോകകപ്പ് ബ്രസീലിൽ അരങ്ങേറിയെങ്കിലും ജർമനി ഫിഫയുടെ വിലക്കായിരുന്നു. അന്ന് കളിയേക്കാൾ അവരുടെ ചിന്ത പട്ടിണിയെയും തൊഴിലില്ലായ്മയെയും തരണംചെയ്ത് എങ്ങനെ ജീവിക്കുമെന്നായതിനാൽ ലോകകപ്പ് വിലക്കൊന്നും പ്രശ്നമല്ലാതായി.

എന്നാൽ, നാലുകൊല്ലത്തിനിപ്പുറം ജർമനിക്കും ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കാൻ ഫിഫ അനുവദിച്ചു. നിഷ്പക്ഷ വേദിയെന്ന നിലയിൽ ആതിഥേയരായ സ്വിറ്റ്സർലൻഡിന്‍റെ കൂടി കാരുണ്യത്തിലായിരുന്നു ജർമനിക്ക് അനുവാദം നൽകിയത്. ഫ്രാൻസിന്‍റെ അധീനതയിലായിരുന്ന സാർ പ്രൊട്ട്രേറ്റ്, വെസ്റ്റ് ജർമനി എന്നിവർ യോഗ്യതാ റൗണ്ടിൽ കളിക്കാനിറങ്ങി. പേരിന് പോലു

മൊരു ദേശീയ ടീമോ, താരങ്ങളോ ഇല്ലാതെയായിരുന്നു അവരുടെ വരവ്. നാസി ജർമനിയുടെ കാലത്ത് ദേശീയ ടീം പരിശീലകനായി പ്രവർത്തിച്ച സെപ് ഹെർബെഗറിനെയായിരുന്നു ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ഏൽപിച്ചത്. കളിയേക്കാൾ, തൊഴിലിന് പ്രാധാന്യം കൽപിച്ച യുവാക്കളുള്ള നാട്ടിൽ നിന്നും പ്രഫഷനൽ ടീമിനെ സംഘടിപ്പിക്കൽ കോച്ചിന് വലിയ പാടായി. ഒടുവിൽ ജർമൻ ലീഗ് ജേതാക്കളായിരുന്ന കൈസർസ്ലാട്ടേണിലെ കളിക്കാരെയെല്ലാം കൂട്ടിപ്പിടിച്ച് ഒരു ദേശീയ ടീമുണ്ടാക്കി ലോകകപ്പിനൊരുങ്ങി. അവർക്കും കളി പാർട്ട് ടൈമായിരുന്നു. ഖനികളിലും ഫാക്ടറികളിലും ഹോട്ടലുകളിലും ജോലിചെയ്യുന്നവരെ പരിശീലിപ്പിച്ച് ഒരു ടീമാക്കിയായിരുന്നു സ്വിറ്റ്സർലൻഡിലേക്ക് പുറപ്പെട്ടത്.

യോഗ്യതാ റൗണ്ടിൽ നോർവെയെയെും സാർലാൻഡിനെയും തോൽപിച്ച് വെസ്റ്റ് ജർമനി സ്വിറ്റ്സർലൻഡിലേക്ക് ടിക്കറ്റുറപ്പിച്ചു. ലോകകപ്പിന് മുമ്പ് കാര്യമായ മത്സര പരിചയമില്ല, കളിക്കാർക്കാവട്ടെ പൊസിഷനിങ്ങിലൊന്നും ധാരണകളുമില്ല. അതുകൊണ്ടു തന്നെ ലോകകപ്പിനെത്തുമ്പോൾ എതിരാളികൾക്കും നിഗൂഢമായിരുന്നു ജർമനി. ജൂൺ-ജൂലൈ മാസത്തിലെ തണുപ്പും മഴയും പെയ്തിറങ്ങുന്ന സമയം ലോകകപ്പ് വേദിയിലേക്ക് ബഹങ്ങളൊന്നുമില്ലാതെ ജർമനി തീവണ്ടികയറിയെത്തി. കൈസർസ്ലാട്ടേണിന്‍റെ പ്രതിരോധ താരം ഫ്രിറ്റ്സ് വാൾട്ടറായിരുന്നു നായകൻ. മധ്യനിരയിൽ നിലയുറപ്പിക്കുന്ന വാൾട്ടർ ഒരു കാരണവരെ പോലെ സഹതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ മിടുക്ക് ടീമിന് ഗുണമായി.

ലോകകപ്പിന് പന്തുരുണ്ട് തുടങ്ങിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഫെറങ്ക് പുഷ്കാസിന്‍റെ ഹംഗറിയിലായിരുന്നു. ഗ്രൂപ്പ് രണ്ടിൽ 9-0ത്തിന് കൊറിയയെ വീഴ്ത്തി ഹംഗറി മാലപ്പടക്കത്തിന് തിരികൊളുത്തി. അതേദിനം ജർമനി തുർക്കിയെ 4-1നും വീഴ്ത്തി. രണ്ടു ദിനം കഴിഞ്ഞ് ഹംഗറിയും ജർമനിയും മുഖാമുഖം. ഹെർബഗറിന്റെ ശിഷ്യന്മാരെ തലഉയർത്താൻ പോലും അനുവദിക്കാതെ പുഷ്കാസും സംഘവും വലയിൽ നിറച്ചത് എട്ട് ഗോളുകൾ.

നാണംകെട്ട തോൽവി വഴങ്ങിയതോടെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനു മുന്നിൽ കാത്തിരുന്ന ജർമകാർ കളി ഉപേക്ഷിച്ച് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങി. ഈ ടീമിൽ അവരുടെ പ്രതീക്ഷകൾ നശിച്ചിരുന്നു. ഒടുവിൽ േപ്ല ഓഫിൽ തുർക്കിയെ (7-2) തോൽപിച്ച് ജർമനി ഒരുവിധം ക്വാർട്ടറിൽ ഇടം പിടിച്ചു. അവിടെ യൂഗോ സ്ലാവ്യയെയും (2-0), സെമിയിൽ ഓസ്ട്രിയയെയും (6-1) വീഴ്ത്തിയതോടെയാണ് ജർമനിയിൽ നിന്നുള്ള അത്ഭുത സംഘം ഫുട്ബാൾ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

എന്നാൽ, ജൂലായ് നാലിന് ബേണിലെ വാൻഡ്രോഫ് സ്റ്റേഡിയത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് എല്ലാവരും തീർത്തുറപ്പിച്ചു. ഫെറങ്ക് പുഷ്കാസിന്‍റെ മാന്ത്രികസംഘമായിരുന്നു ഫൈനലിലെ എതിരാളികൾ. അതിനകം 25 ഗോളുകൾ അടിച്ചു കൂട്ടി ഏഴ് ഗോൾ മാത്രം വഴങ്ങിയ ഹംഗറിക്കെതിരെ ജർമനി ഗ്രൂപ്പ് റൗണ്ടിലെ നാണംകെട്ട തോൽവിയുടെ ആവർത്തനം ഉറപ്പാക്കി. ഫൈനലിനു തലേദിനത്തിലെ വാർത്താ സമ്മേളനത്തിൽ തോൽവിയുടെ മാർജിനെ കുറിച്ചായിരുന്നു ജർമൻ കോച്ചിനെതിരെ ഉയർന്ന ചോദ്യങ്ങൾ. എന്നാൽ, താൻ ഏതാനും സൂപ്പർ താരങ്ങളെയല്ല, ഒരു ടീമിനെയാണ് സൃഷ്ടിച്ചതെന്ന മറുപടിയിൽ ഹെർബഗർ വിമർശനങ്ങളുടെ മുനയൊടിച്ചു.

ടീം യോഗത്തിൽ കളിക്കാരുടെ മനസ്സിലേക്ക് ആത്മവിശ്വാസം കുത്തിനിറച്ചു. ഗ്രൂപ്പ് റൗണ്ടിൽ വഴങ്ങിയ എട്ട് ഗോളിനേക്കൾ, തിരിച്ചടിച്ച മൂന്ന് ഗോളുകൾ ഹംഗറിക്കെതിരെ ജയിക്കാനാവുന്നതിന്‍റെ സൂചനയായി അദ്ദേഹം മന്ത്രിച്ചു. ആദ്യ മത്സരത്തിൽ പുഷ്കാസിനെ ഫൗൾ ചെയ്ത് പരുക്ക് സമ്മാനിച്ച പ്രതിരോധ നിരക്കാരൻ വെർനർ ലീബ്രിഷിന് ആ ദൗത്യം തന്നെ നൽകി. അങ്ങനെ ഓരോരുത്തർക്കും ജോലികൾ ഏൽപിച്ച് ഖനിയിലേക്കിറക്കുന്ന തൊഴിലാളികളെ പോലെ ഹെർബഗർ ടീമിനെ മൈതാനത്തേക്ക് അഴിച്ചുവിട്ടു.

നിറഞ്ഞ ഗാലറിയിൽ നിറയെ പുഷ്കാസ് വിളിയിലായിരുന്നു. അവർ ആഗ്രഹിച്ചതുപോലെ സംഭവിച്ച നിമിഷങ്ങൾ. ആറാം മിനിറ്റിൽ പുഷ്കാസും എട്ടാം മിനിറ്റിൽ സോൾട്ടൻ സിബോറും നേടിയ ഗോളിൽ ഹംഗറി ഗോളടി തുടങ്ങി. സ്വന്തം കാണികൾക്ക് പോലും വിശ്വാസമില്ലാതെ ജർമൻപട നിരാശരായ നിമിഷങ്ങൾ. എന്നാൽ, മഴപെയ്ത മൈതാനിയിൽ അവർ തിരികെയെത്തി. ആദ്യ പകുതി പിരിയും മുമ്പേ മോർലോകിന്‍റെയും ഹെൽമട് റാനിന്‍റെയും ഗോളിലൂടെ മറുപടി നൽകി ഒപ്പമെത്തി. പരിക്കിന്‍റെ അവശതമാറാത്ത പുഷ്കാസിന്‍റെ പ്രതിരോധപൂട്ടിൽ പിടിച്ചുകെട്ടിയ ജർമനി ആക്രമണം കൊണ്ട് മഗ്യാർസിനെ വായുവിൽ നിർത്തി. ഒടുവിൽ, 84ാം മിനിറ്റിൽ റാനിന്‍റെ മറ്റൊരു ഗോളിലൂടെ വിജയം കുറിച്ച് ബേണിൽ മറ്റൊരു അത്ഭുതപ്പിറ തെളിയിച്ചു.

ജർമനിയുടെ വീണ്ടെടുപ്പ്

ബേണിലെ അത്ഭുത വിജയം ജർമൻകാർക്ക് വെറുമൊരു ഫുട്ബാൾ ലോകകിരീടമായിരുന്നില്ല സമ്മാനിച്ചത്. ഹിറ്റ്ലറുടെ കാലം സമ്മാനിച്ച ദുരിത ജീവിതത്തിൽ ഒറ്റപ്പെട്ട്, ആത്മവിശ്വാസം തകർന്നുപോയ ജർമനിയുടെ വീണ്ടെടുപ്പ് കൂടിയായിരുന്നു ആ ഫുട്ബാൾ കിരീടം. ബേണിൽ വിജയത്തിനു ശേഷം, താരങ്ങളുമായി പുറപ്പെട്ട തീവണ്ടി ജർമനിയിലെ ഓരോ ഗ്രാമങ്ങളിലും സ്വീകരണങ്ങളേറ്റുവാങ്ങി നീങ്ങി. കളത്തിൽ അവർ പോരാടി നേടിയ ആത്മവിശ്വാസവും ഉയിർത്തെഴുന്നേൽപ്പിനായി പൊരുതുന്ന ഓരോ ജർമൻയുവാക്കൾക്കും ആവേശം നൽകി. അങ്ങനെ, പതിറ്റാണ്ടുകളെടുത്ത് നേടേണ്ടിയിരുന്ന നേട്ടങ്ങളിലേക്ക്, ലോങ്റേഞ്ചർ ഷോട്ടിന്‍റെ വേഗത്തിൽ ജർമനി വളർന്നുവെന്നത് പിന്നീട് ലോകം കണ്ട സത്യം.

'രാഷ്ട്രീയമായോ സാമ്പത്തികമായോ കായികമായോ ഞങ്ങളെ ആരും അംഗീകരിച്ചിരുന്നില്ല. എന്നാൽ, കിരീട വിജയത്തിനു ശേഷം, വളരെ പെട്ടെന്നുതന്നെ ജർമനി സ്വീകാര്യമായി. ഹെർബെഗറുടെ ടീം ലോകചാമ്പ്യന്മാരായി എന്നല്ല, ഞങ്ങൾ ലോകം ജയിച്ചു എന്നായിരുന്നു ഓരോ ജർമൻ കാരനും പറഞ്ഞിരുന്നത്' -കിരീട വിജയം നേടിയ ടീമിലെ അംഗം ഹോസ്റ്റ് എക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

യുദ്ധാനന്തര ജർമനിയുടെ തിരിച്ചുവരവിന് ബേണിലെ വിജയം സമ്മാനിച്ചത് അസാധാരണമായൊരു ഊർജമായിരുന്നുവെന്നാണ് പിന്നീട് ലോകചാമ്പ്യൻ നായകനും പരിശീലകനുമായ ഫ്രാൻസ് ബെകൻബോവർ പറഞ്ഞത്.

ജർമൻ ഉയിർത്തെഴുന്നേൽപ്പ്

ബ്രസീലിന് ഉണങ്ങാത്ത മുറിവു സമ്മാനിച്ച മാറക്കാന ദുരന്തത്തിൻെറ ചിത്രം മാഞ്ഞു, നാലു വർഷത്തിനു ശേഷം കാൽപന്തു ലോകം സ്വീഡനിലെ സ്വിറ്റ്സർലൻഡിലേക്ക്. നിഷ്പക്ഷ വേദിയെന്ന നിലയിൽ എതിരില്ലാതെയായിരുന്നു സ്വിറ്റ്സർലൻഡിന് ലോകകപ്പ് സമ്മാനിച്ചത്. ബ്രസീൽ ലോകകപ്പി

ൻെറ ആശങ്കകളൊന്നുമില്ലാതെ ലോകം ഒന്നായി പന്തുകളിക്കാനെത്തിയ വിശ്വമേള. കൂടുതൽ ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിച്ചും, കൂടുതൽ പേർ അരങ്ങേറ്റത്തിന് അവസരമൊരുക്കിയുമെല്ലാം സ്വിറ്റ്സർലൻഡ് പുതു ലോകത്തിൻെറ നേർകാഴ്ചയായി.

16 ടീമുകളായിരുന്നു നിശ്ചയിച്ചത്. ആതിഥേയർക്ക് പുറമെ, നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായും പരീക്ഷണങ്ങളില്ലാതെ ടിക്കറ്റുറപ്പിച്ചു. ശേഷിച്ച 14ൽ 11 ബർത്ത് യൂറോപ്പിനും, രണ്ടെണ്ണം അമേരിക്കക്കും ഒന്ന് ഏഷ്യക്കുമായി വീതിച്ചു. സ്കോട്ലൻഡ്,

തുർക്കി, ദക്ഷിണ കൊറിയ എന്നിവരായിരുന്നു അരങ്ങേറ്റക്കാർ. ലോകകപ്പിൽ കളിക്കുന്ന ആദ്യ സ്വതന്ത്ര ഏഷ്യൻ രാജ്യമായി മാറി കൊറിയ. ലോകയുദ്ധത്തിൻെറ പാപഭാരം പേറി, 1950 ലോകകപ്പ് വിലക്കപ്പെട്ട ജർമനിക്കും, ജപ്പാനും യോഗ്യതക്ക് അവസരം നൽകിയതായിരുന്നു മറ്റൊരു പ്രത്യേകത. വെസ്റ്റ് ജർമനി, ഫ്രഞ്ച് അധീനതയിലുള്ള സാർലാൻഡ്, ജപ്പാൻ എന്നിവർ യോഗ്യതാ റൗണ്ടിൽ കളിച്ചു. സാർലാൻഡിനെ തോൽപിച്ച് വെസ്റ്റ് ജർമനി യോഗ്യത നേടിയപ്പോൾ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ദക്ഷിണ കൊറിയക്കു പിന്നിലായ ജപ്പാൻ പുറത്തായി.

അർജൻറീന തുടർച്ചയായ മൂന്നാം ലോകകപ്പും ബഹിഷ്കരിച്ചതായിരുന്നു ഫുട്ബാൾ പ്രേമികൾക്ക് നിരാശയായ മറ്റൊരു വാർത്ത. ലാറ്റിനമേരിക്കൻ പങ്കാളിത്തമായി ബ്രസീലും ഉറുഗ്വായും വർധിത ആവേശത്തോടെ പന്തുതട്ടി. സ്വിറ്റ്സർലൻഡിലെ ആറു നഗരങ്ങളിലായി ആറു വേദികളാണ് ടൂർണമെൻറിനായി ഒരുക്കിയത്.


ഇത്തവണ ലോകകപ്പ് ടീം ഫോർമാറ്റിലുമുണ്ടായിരുന്നു ചില പരീക്ഷണങ്ങൾ. നാല് ടീമുകളടങ്ങിയ നാല് ഗ്രൂപ്പുകളായി തിരിച്ച് പോരാട്ടം. രണ്ട് ടോപ് സീഡുകൾക്കൊപ്പം രണ്ട് അൺസീഡ് ടീമുകളെയും വിന്യസിച്ചുള്ള പുതുപരീക്ഷണമായി അത് മാറി. സീഡഡ് ടീമുകൾ പരസ്പരം ഏറ്റുമുട്ടാതെ, താഴെ നിരയിലുള്ളവരുമായി മാറ്റുരക്കുന്ന ഫോർമാറ്റ്. ഗ്രൂപ് റൗണ്ടിൽ വലിയ പുറത്താവലുകൾ ഒഴിവാക്കി, നോക്കൗട്ട് കനപ്പിക്കാനുള്ള ശ്രമങ്ങൾ പക്ഷേ, ഫലംകണ്ടില്ല.

അട്ടിമറികളും, അപ്രതീക്ഷിത മുന്നേറ്റങ്ങളും നടന്ന ഗ്രൂപ്പ് പോരാട്ടത്തിനൊടുവിൽ സീഡില്ലാത്തവർ വരെ മുന്നേറി. അങ്ങനെ കുതിച്ച് കിരീടം വിജയിച്ചവരായിരുന്ന ബേണിൽ അത്ഭുതം വിരിയിച്ച ജർമൻകാർ.

ഒന്നാം ഗ്രൂപ്പിൽ നിന്ന് ഫ്രാൻസ് പുറത്തായപ്പോൾ, ബ്രസീൽ, യൂഗോസ്ലാവ്യ മുന്നേറി. രണ്ടിൽ നിന്നും തുർക്കിയെ മടക്കി ഹംഗറിക്കു പിന്നാലെ വെസ്ററ് ജർമനി നോക്കൗട്ടിലെത്തി. ഉറുഗ്വായ്, ഓസ്ട്രിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ് ടീമുകളും ക്വാർട്ടർ കളിക്കാൻ യോഗ്യത നേടി.

വെസ്റ്റ് ജർമനി യൂഗോസ്ലാവ്യയെയും, ഓസ്ട്രിയ സ്വിറ്റ്സർലൻഡിനെയും, ഹംഗറി ബ്രസീലിനെയും ഉറുഗ്വായ് ഇംഗ്ലണ്ടിനെയും വീഴ്ത്തി സെമിയിൽ. അവിടെ ആധികാരികമായിരുന്നു വെസ്റ്റ് ജർമനി ഓസ്ട്രിയക്കെതിരെ നേടിയ വിജയം (6-1). ഹംഗറി 4-2ന് ഉറുഗ്വായെ തോൽപിച്ചും ഫൈനലിൽ പ്രവേശിച്ചു. ജൂലൈ നാലിന് ബേണിൽ കണ്ടത് ജർമനി അത്ഭുതപ്രകടനം കാഴ്ചവെച്ച ഫലവും.

News Summary - The miracle of Bern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.