ദോഹ: 36.5 സെൻറിമീറ്റർ നീളവും 6.175 കിലോ ഭാരവുമായി 18 കാരറ്റിൽ തീർത്ത തനിതങ്കമാണ് ലോകമെങ്ങുമുള്ള കാൽപന്തുപ്രേമികളെ മോഹിപ്പിക്കുന്ന ലോകകപ്പ് ട്രോഫി. ആ കപ്പും മോഹിച്ച് ലോകം ഖത്തറിലേക്ക് ഒഴുകുമ്പോൾ ഫൈനൽ വേദിയായ ലുസൈലിൽനിന്ന് 23 കിലോമീറ്റർ അകലെ മറ്റൊരു ലോകകപ്പ് ട്രോഫി ആരാധകർക്കു മുന്നിൽ അത്ഭുതക്കാഴ്ചയായി കാത്തിരിപ്പുണ്ട്.
ഒറ്റക്കല്ലിൽ തീർത്ത, ലോകത്തെ ഏറ്റവും ഉയരംകൂടിയ ലോകകപ്പ് ഫുട്ബാൾ ട്രോഫി. ഖത്തർ ലോകകപ്പിന് ഒരുങ്ങുന്നതിനിടെ മൂന്നു വർഷം മുമ്പാണ് സ്വദേശിയായ ഹമദ് അൽസുവൈദി ഒറ്റക്കല്ലിൽ ഒരു ലോകകപ്പ് ട്രോഫി തീർക്കാൻ ഒരുങ്ങിപ്പുറപ്പെടുന്നത്.
സുഹൃത്തുകൂടിയായ തുർക്കിക്കാരൻ ശിൽപി ഹസൻ ഉസ്തൻ ദൗത്യം ഏറ്റെടുത്തപ്പോൾ എല്ലാ പിന്തുണയുമായി ഹമദ് അൽസുവൈദി ഒപ്പംനിന്നു. അങ്ങനെ, ലോകം കോവിഡിൽ അടച്ചിട്ടപ്പോൾ തുർക്കിയിലെ പണിശാലയിൽ ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ലോകകപ്പ് ട്രോഫി പണിപൂർത്തിയാവുകയായിരുന്നു.
നാലു ടൺ ഭാരവും 10 അടി ഉയരവുമുള്ള ട്രോഫി ഏതാനും ദിവസങ്ങൾ മുമ്പാണ് കടൽ കടന്ന് ദോഹയിലെത്തിയത്. ഇപ്പോൾ, അൽസുദാനിലെ വീട്ടിൽ സന്ദർശകർക്ക് കൗതുകമായി തലയുയർത്തിനിൽക്കുകയാണ് കൂറ്റൻ ശിൽപം.
ഭൂമിയെ താങ്ങിനിൽക്കുന്ന രണ്ടു മനുഷ്യരുടെ മാതൃകയിലുള്ള സ്വർണക്കപ്പിനെ അതേപോലെതന്നെ കല്ലിൽ പകർത്തിയപ്പോൾ പുതുതായൊരു നിറംപോലും നൽകേണ്ടിവന്നില്ല. സ്വർണത്തെപ്പോലെ തിളങ്ങുന്ന കല്ലിന്റെ തനത് സൗന്ദര്യം നിലനിർത്തിയാണ് കൂറ്റൻ കപ്പ് തയാറാക്കിയത്.
അഞ്ചു ടൺ ഭാരവും മൂന്നു മീറ്റർ ഉയരവുമുള്ള ഒറ്റക്കല്ലായിരുന്നു ആദ്യം. പിന്നെ, ചെത്തിയെടുത്ത് പാകപ്പെടുത്തിയപ്പോൾ നാലു ടൺ ഭാരവും 2.8 മീറ്റർ ഉയരവുമായി. ലോകകപ്പ് വേളയിൽ ഒഴുകിയെത്തുന്ന ആരാധകർക്കു മുന്നിൽ മറ്റൊരു കാഴ്ചയാവും ഹമദ് അൽസുവൈദിയുടെ സ്വന്തം ലോകകപ്പ് ട്രോഫി.
ഇപ്പോൾ, ഔദ്യോഗിക പന്തായ 'അൽ രിഹ്‍ല'യുടെ മാതൃക പണിതുയർത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. വേറിട്ട ശൈലികളിലൂടെ എന്നും ഖത്തറുകാർക്ക് പരിചിതനാണ് അൽസുവൈദി. നേരത്തേ കാർറാലികളിൽ തിളങ്ങിയ ഡ്രൈവറായിരുന്നു. മുന്തിയ ഇനം മയിലുകൾ വളർത്തൽ, ഫോസിൽ ശേഖരണം, മറ്റ് അമൂല്യ വസ്തുക്കളുടെ ശേഖരണം എന്നിങ്ങനെയും ഹോബികൾ പലതുണ്ട് ഇദ്ദേഹത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.