2000ത്തിലാണ് അർജന്‍റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിൽനിന്ന് ലയണൽ മെസ്സി സ്പെയിനിലേക്ക് പറക്കുന്നത്. വളര്‍ച്ചാ ഹോര്‍മോണിന്‍റെ അപര്യാപ്തത കാരണം കുഞ്ഞു മെസ്സിയുടെ ചികിത്സക്ക് രക്ഷിതാക്കൾ നന്നേ പ്രയാസപ്പെട്ടിരുന്ന കാലം. അങ്ങനെ 12ാം വയസില്‍ വെറുമൊരു നാപ്കിന്‍ പേപ്പറില്‍ ലഭിച്ച ബാഴ്സയുടെ കരാറാണ് അന്നത്തെ കുഞ്ഞു പയ്യനെ ഇന്ന് നമ്മള്‍ കാണുന്ന ഫുട്‌ബാള്‍ രാജാവാക്കി മാറ്റിയത്.
മെസ്സിയുടെ അന്നത്തെ ഏജന്‍റ് ഹൊറാസിയോ ഗാഗിയോലിയും ബാഴ്‌സലോണയുടെ ടെക്‌നിക്കല്‍ സെക്രട്ടറി ചാര്‍ളി റെക്‌സാച്ചും ചേർന്നാണ് ഒരു നാപ്കിന്‍ പേപ്പറില്‍ മെസ്സിക്ക് ആദ്യ കരാര്‍ സമ്മാനിക്കുന്നത്. മെസ്സിയുടെ ചികിത്സാ ചെലവും മറ്റും ക്ലബ് ഏറ്റെടുത്തു. അവിടുന്നാണ് ഫുട്ബാൾ ലോകത്തെ അസൂയാവഹമായ നേട്ടങ്ങള്‍ ഓരോന്നോരോന്നായി മെസ്സി തന്‍റെ കീൽക്കീഴിലാക്കിയത്. 2003 നവംബര്‍ 16ന് 17ാം വയസിലാണ് ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. എഫ്.സി പോര്‍ട്ടോയുമായുള്ള ബാഴ്‌സയുടെ സൗഹൃദ മത്സരത്തില്‍ പകരക്കാരനായിട്ടായിരുന്നു ആദ്യ മത്സരം.
റൊസാരിയോയില്‍ ജനിച്ച ആ ഫുട്‌ബാള്‍ മാന്ത്രികന്‍ ഇന്നും കളി തുടരുകയാണ്. അന്ന് ബാഴ്സ അധികൃതരുമായി മെസ്സി കരാർ ഒപ്പിട്ട നാപ്കിൻ പേപ്പർ ലേലത്തിന് വെക്കുകയാണ്. ഗാഗിയോലി 24 വർഷമായി കൈയിൽ സൂക്ഷിക്കുന്ന നാപ്കിൻ പ്രമുഖ ബ്രിട്ടീഷ് സ്ഥാപനമായ ബോൺഹാംസാണ് മാർച്ച് 18നും 27നുമായി ലേലത്തിൽ വെക്കുന്നത്. 3.15 കോടി മുതൽ 5.26 കോടി രൂപവരെയാണ് അധികൃതർ ലേലത്തിൽ പ്രതീക്ഷിക്കുന്ന തുക. ഫുട്ബാൾ ലോകത്ത് ഏറെ ചരിത്ര പ്രധാന്യമുള്ള നാപ്കിൻ ആരു സ്വന്തമാക്കുമെന്ന കാത്തിരിപ്പിലാണ് മെസ്സി ആരാധകർ.
നേരത്തെ, ബാഴ്സലോണയിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ പൊട്ടിക്കരയുന്നതിനിടെ കണ്ണീർ തുടക്കാൻ മെസ്സി ഉപയോഗിച്ച ടിഷ്യു ഒരു മില്യൺ ഡോളറിന് വിൽപനക്ക് വെച്ചിരുന്നു. വിടവാങ്ങൽ പ്രസംഗത്തിൽ, ക്ലബ് വിടുന്നതിന്‍റെ വിഷമത്തിൽ കണ്ണീരടക്കാനാകാതെ വന്നപ്പോൾ മെസ്സിക്ക് ഭാര്യ അന്‍റോണെല്ല കണ്ണുനീർ തുടക്കാൻ നൽകിയതായിരുന്നു ഈ ടിഷ്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.