കൊച്ചി: വനിത ടീമിനെ താൽക്കാലികമായി ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ചുമത്തിയ നാല് കോടി രൂപ പിഴയാണ് ഇതിന് കാരണമായി ക്ലബ് അധികൃതർ വിശദീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിയുമായുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിനാണ് ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയത്. ഇതിൽ ഇളവ് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ഫെഡറേഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഫെഡറേഷൻ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിത ടീമിന്‍റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചത്.
‘ഞങ്ങളുടെ വനിത ടീമിന് താൽക്കാലികമായി ഒഴിവാക്കുന്ന വിവരം ഏറെ വേദനയോടെയാണ് അറിയിക്കുന്നത്. ഫുട്ബാൾ ഫെഡറേഷൻ ക്ലബിന് മേൽ അടുത്തിടെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടർന്നാണ് ഈ തീരുമാനം അനിവാര്യമായത്. ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ വിവിധ പ്രവർത്തനങ്ങളിൽ അത് ചെലുത്താൻ സാധ്യതയുള്ള ആഘാതത്തിൽ ഞങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നു’, വിശദീകരണ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ഐ.എസ്‍.എല്‍ സീസണില്‍ ബംഗളൂരു എഫ്.സിക്കെതിരായ എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബംഗളൂരു താരം സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം ചോദ്യംചെയ്ത് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയായിരുന്നു. കോച്ച് ഇവാന്‍ വുകുമനോവിച്ചിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. സംഭവത്തിനു പിന്നാലെ ടീമിന് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിന് പുറമെ വുകുമനോവിച്ചിന് 10 കളികളിൽ വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമിട്ടു. തുടര്‍ന്നാണ് പിഴ കുറക്കണമെന്നാവശ്യപ്പെട്ട് ക്ലബ് അധികൃതർ ഫെഡറേഷനെ സമീപിച്ചത്. എന്നാൽ, പിഴയിൽ ഇളവ് വരുത്താൻ ഫെഡറേഷൻ തയാറായില്ല. ഇതോടെയുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വനിതാ ടീമിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.