ദേശീയ ടീമിന്റെ ​േപ്ലയിങ് ഇലവനെ നിശ്ചയിച്ചിരുന്നത് ജോത്സ്യൻ, കോച്ച് സ്റ്റിമാക് വിവരങ്ങൾ കൈമാറി; ഇന്ത്യൻ ഫുട്ബാളിൽ വിവാദം കത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിലും ജ്യോത്സ്യന്റെ ‘കളി’. ഇന്ത്യൻ ഫുട്ബാൾ ടീമിനെ തെരഞ്ഞെടുത്തിരുന്നത് ജ്യോത്സ്യന്റെ ഉപദേശപ്രകാരമായിരുന്നെന്നും മത്സരങ്ങൾ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പരിശീലകൻ ഇഗോർ സ്റ്റിമാക് കളിക്കാരുടെ വിവരങ്ങൾ ഇയാൾക്ക് കൈമാറിയിരുന്നുമെന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ​ഡൽഹിയിലുള്ള ബുപേഷ് ശർമ എന്ന ജ്യോത്സ്യനാണ് ഇന്ത്യൻ പരിശീലകൻ വിവരങ്ങൾ കൈമാറിയിരുന്നത്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ വഴിയാണ് സ്റ്റിമാക് ഇയാളുമായി ബന്ധപ്പെട്ടതെന്നാണ് വിവരം.

2022 ജൂൺ 11ന് അഫ്ഗാനിസ്താനെതിരായ ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുമ്പ് ജ്യോത്സ്യന് അയച്ചതടക്കമുള്ള സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘പ്രിയ സുഹൃത്തേ, ജൂൺ 11ന് കളിക്കുന്നവരുടെ വിവരങ്ങൾ ചാർട്ടിൽനിന്ന് പരിശോധിക്കാം. കിക്ക് ഓഫ് സമയം 20.30’ എന്നായിരുന്നു സന്ദേശം. ഓരോ കളിക്കാരന്റെയും പേരിന് നേരെ ജ്യോത്സ്യൻ അഭിപ്രായ പ്രകടനവും നടത്തുന്നുണ്ട്. രണ്ട് താരങ്ങളുടെ പ്രകടനം മോശമായിട്ടും ജ്യോതിഷിയുടെ അഭിപ്രായം മാനിച്ച് അവരെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

2022 മേയ്-ജൂൺ മാസങ്ങൾക്കിടയിൽ മുൻ ക്രൊയേഷ്യൻ താരം കൂടിയായ സ്റ്റിമാകും ജ്യോത്സ്യനും തമ്മിൽ നൂറോളം സന്ദേശങ്ങൾ പരസ്പരം കൈമാറിയിട്ടുണ്ട്. നാല് മത്സരങ്ങളാണ് ഇതിനിടെ ഇന്ത്യക്കുണ്ടായിരുന്നത്. ജോർദനെതിരെ സൗഹൃദ മത്സരവും കമ്പോഡിയ, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നിവർക്കെതിരെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുമായിരുന്നു ഇത്. ഇതിൽ ഓരോ മത്സരത്തിന് മുമ്പും സ്റ്റിമാക് ശർമയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പരിക്കിന്റെ വിവരങ്ങളും പകരക്കാരെ ഇറക്കുന്നത് സംബന്ധിച്ചുമെല്ലാമുള്ള വിവരങ്ങൾ കോച്ച് കൈമാറിയിട്ടുണ്ട്.

എ.ഐ.എഫ്.എഫിന്റെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന കുശാൽ ദാസാണ് സ്റ്റിമാകിനെ ജ്യോത്സ്യനുമായി ബന്ധപ്പെടുത്തിയത്. ‘ശർമ നിരവധി ടെലികോം കമ്പനികൾക്കും ബോളിവുഡ് താരങ്ങൾക്കുമെല്ലാം തന്റെ സേവനം നൽകുന്നുണ്ട്. ഇത് ശരിയായ തീരുമാനമെടുക്കാൻ അവർക്ക് സഹായകവുമാകുന്നു. ആ സമയത്ത് ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നതിൽ ഞാൻ ആശങ്കാകുലനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം യോഗ്യത നേടുകയായിരുന്നു പ്രധാനം. അതിനാൽ ശർമയെ കണ്ട് കോച്ചുമായി ബന്ധപ്പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. രണ്ട് മാസത്തെ സേവനത്തിന് 12 മുതൽ 15 ലക്ഷം രൂപ വരെയാണ് ജ്യോത്സ്യന് നൽകിയത്. ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയപ്പോൾ അതൊരു വലിയ തുകയായി തോന്നിയില്ല’ കുശാൽ ദാസ് വെളിപ്പെടുത്തി. മറ്റുള്ളവരുമായി ആലോചിച്ചാണ് ബുപേഷ് ശർമയുമായി ബന്ധപ്പെടാൻ തീരുമാനമെടുത്തതെന്ന് സ്റ്റിമാക് പറഞ്ഞു.

സംഭവം സംബന്ധിച്ച് വിശദീകരണം തേടിയപ്പോൾ നിലവിലെ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയും ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും പ്രതികരിക്കാൻ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിലെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്നും പുറത്തുള്ള ഒരാൾക്ക് കളിക്കാരുടെ വിവരം കൈമാറുമ്പോൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

Tags:    
News Summary - The playing eleven of the national team was determined by the astrologer and coach Stimac passed on the information; Controversy is burning in Indian football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.