2022 നവംബര്‍ 11, ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങളിലേക്ക് ഊളിയിടുന്ന സമയം. ഉച്ചയോടെ ദോഹയുടെ ഹൃദയഭൂമിയായ കോര്‍ണിഷില്‍ ഒരു മനുഷ്യക്കടല്‍ രൂപപ്പെടുന്നു. അര്‍ജന്റീനയുടെ ആകാശനീലയും ബ്രസീലിന്റെ മഞ്ഞയും പോര്‍ച്ചുഗലിന്റെ ചുവപ്പുമൊക്കെയണിഞ്ഞ് ആയിരക്കണക്കിന് ഫുട്ബാള്‍ ആരാധകര്‍ നിരത്തുകള്‍ നിറഞ്ഞു.
ഖത്തറില്‍ ലോകകപ്പ് ഒരുചലനവും ഉണ്ടാക്കില്ലെന്ന് വിധിയെഴുതിയ പാശ്ചാത്യമാധ്യമങ്ങള്‍ക്കും ലോബികള്‍ക്കും മുഖത്തേറ്റ അടിയായിരുന്നു അത്. ലോകകപ്പ് ഫുട്ബാളിന് ആതിഥേയരാകാന്‍ ഖത്തറിന് നിയോഗം ലഭിച്ചത് മുതല്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവര്‍ ആരാധകരുടെ ഈ ആവേശവും ആയുധമാക്കി. ഇത്തവണ ആരോപണങ്ങളുടെ മുന പ്രവാസി മലയാളികള്‍ക്കു നേരെയും ഉയര്‍ന്നു. ഖത്തര്‍ പണം നല്‍കി ഇന്ത്യക്കാരെ വിലക്കെടുത്ത് റാലി നടത്തി എന്നായി കഥകള്‍. ക്രിക്കറ്റ് മാത്രം കാണുന്ന ഇന്ത്യക്കാര്‍ക്ക്, ഇന്ത്യ കളിക്കാത്ത ലോകകപ്പില്‍ എന്തുകാര്യം എന്നായിരുന്നു ചോദ്യം. ഫുട്ബാളിനെ ഹൃദയത്തിലേറ്റിയ, ലോകത്തെവിടെ പന്തുരുണ്ടാലും അതിന് പിന്നാലെ സഞ്ചരിക്കുന്ന മലയാളികള്‍ക്ക് അത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അന്നുവരെ പാശ്ചാത്യമാധ്യമങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളോടെല്ലാം മിതമായി പ്രതികരിച്ച് കര്‍മഭൂമിയില്‍ സജീവമാകുകയായിരുന്നു ഖത്തറിന്റെ രീതി. പക്ഷേ പന്തുരുളാന്‍ നാലുദിവസം മാത്രം ശേഷിക്കെ ലോകകപ്പ് ഫുട്ബാളിന്റെ സി.ഇ.ഒ നാസര്‍ അല്‍ ഖാതിര്‍ ‘മീഡിയ വണു’മായി ബന്ധപ്പെടുന്നു. സാധാരണനിലയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അങ്ങനെയൊരാള്‍ ജീവിതത്തിലെ തിരക്കേറിയ സമയങ്ങളിലൊന്നില്‍ മീഡിയവണിനോട് സംസാരിക്കാന്‍ താല്‍പര്യമറിയിക്കുന്നു. അരമണിക്കൂറിനകം ദോഹ എക്സിബിഷന്‍ സെന്ററില്‍ മീഡിയവണിനും ‘ഗൾഫ് മാധ്യമ’ത്തിനുമായി അഭിമുഖം അനുവദിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ നാസര്‍ അൽ ഖാതിര്‍ പേരെടുത്ത് പറഞ്ഞ് മലയാളി ഫുട്ബാള്‍ ആരാധകരെ സംരക്ഷിക്കുന്നു. ഇവിടുത്തെ ഓരോ പ്രവാസി സംഘടനകളും സമയം കിട്ടുമ്പോഴെല്ലാം നടത്തുന്ന അനേകം ഫുട്ബാള്‍ ടൂര്‍ണമെന്റുകളെ ഉദാഹരണമാക്കി മലയാളികളുടെ ഫുട്ബാള്‍ ആവേശത്തിന് പത്തരമാറ്റിന്റെ പരിശുദ്ധി ഉറപ്പാക്കുന്നു. ലോകകപ്പ് ഫുട്ബാളെന്ന മഹാലക്ഷ്യത്തിലേക്ക് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യക്കാരനെ ഒരു യൂറോപ്യനും തട്ടിക്കളിക്കാന്‍ ഇട്ടുകൊടുക്കില്ലെന്ന ഖത്തറിന്റെ പ്രഖ്യാപനമായിരുന്നു അത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തോട് സംവദിക്കാന്‍ ലോകകപ്പ് സംഘാടകര്‍ മീഡിയവണിനെ തന്നെ തെരഞ്ഞെടുത്ത നിമിഷത്തെ അഭിമാനപൂര്‍മാണ് സ്മരിക്കുന്നത്. ഒരു എക്സ്ക്ളൂസീവ് ഇന്റര്‍വ്യൂ എന്നതിനപ്പുറം ലോകകപ്പുമായി ബന്ധപ്പെട്ട വേദികളിലെല്ലാം കൊട്ടിയും പാടിയും ആവേശക്കടല്‍ തീര്‍ത്ത മലയാളി ഫുട്ബാള്‍ ആരാധകരുടെ ആത്മാഭിമാനം ആകാശത്തോളം ഉയര്‍ത്തിയ വാക്കുകള്‍ക്ക് സാക്ഷിയായതിലുള്ള ചാരിതാര്‍ഥ്യമായിരുന്നു കൂടുതല്‍. ഗാലറികളിലെ ആവേശത്തിന്റെ ബാക്കിപത്രമായി കിരീട വിജയത്തിന് ശേഷം മെസ്സിയും സംഘവും സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞതോടെ യൂറോപ്പിന്റെ ആരോപണങ്ങള്‍ നനഞ്ഞ പടക്കമെന്ന് ലോകം വിധിയെഴുതി
അറബ് സംസ്കാരം ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണ് ലോകകപ്പെന്ന് ഖത്തര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അത് സാധൂകരിക്കുന്നതായിരുന്നു ലോകകപ്പ് കാലത്തെ പ്രധാന ആഘോഷ കേന്ദ്രങ്ങളായിരുന്ന സൂഖ് വാഖിഫിലേയും ലുസൈല്‍ ബൊലേവാഡിലെയും കാഴ്ചകള്‍. ആഘോഷക്കൂട്ടങ്ങളില്‍ ലോകകപ്പ് കളിക്കുന്ന 32 രാജ്യങ്ങള്‍ക്കൊപ്പം ഒരു പതാകകൂടി പാറിപ്പറന്നു, ഭൂപടത്തില്‍ അടയാളമില്ലാതായിക്കൊണ്ടിരിക്കുന്ന ഫലസ്തീനിന്റെ പതാക. ഫലസ്തീന്‍ കഫിയകളും കൊടികളുമായി ഫലസ്തീന്‍ യുവത്വം തങ്ങളുടെ അസ്തിത്വം ലോകത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിന്നു.
ഇന്നിപ്പോള്‍ ഗസ്സ കത്തിയെരിയുമ്പോള്‍ ആ കാഴ്ചകള്‍ വീണ്ടും മനസ്സിലേക്ക് തികട്ടിയെത്തുന്നു. ഇന്ത്യ ടൂര്‍ണമന്റില്‍ കളിക്കാത്തതിനാല്‍ നമ്മളെല്ലാം വിവിധ രാജ്യങ്ങളുടെ ജഴ്സിയും പതാകയും പിടിച്ചാണ് ലോകകപ്പ് ആഘോഷിച്ചത്. ലോകകപ്പ് കളിക്കാത്ത നിങ്ങള്‍ എന്തിന് ഫലസ്തീനുവേണ്ടി ആരവങ്ങള്‍ മുഴക്കുന്നു എന്ന് അവരോട് ചോദിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളെ അടയാളപ്പെടുത്താന്‍ ഇതിലും വലിയൊരു വേദിയില്ലെന്നായിരുന്നു ഫലസ്തീന്‍ യുവത്വത്തിന്റെ പ്രതികരണം. സൂഖില്‍ രാവ് പുലരുവോളം ഫലസ്തീനിന്റെ ആശകളും പ്രതീക്ഷകളും പങ്കുവെക്കുന്ന പാട്ടുകളും കളികളുമായി അവര്‍ ഒത്തൂകൂടി.
അവര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരാധകര്‍ ചുവടുവെച്ചു. ശബ്ദമില്ലാത്തവന്റെ ശബ്ദമായി കൂടി മാറുകയായിരുന്നു ഖത്തര്‍ ലോകകപ്പ്. ഇന്ന് ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ദോഹയിലെ പ്രതിഷേധ സംഗമങ്ങളില്‍ കണ്ഠമിടറി മുദ്രാവാക്യം വിളിക്കുന്നവരിലും അതേ ചെറുപ്പക്കാരെ കാണുമ്പോള്‍ നെഞ്ചിനകത്തൊരു നീറ്റല്‍ അനുഭവപ്പെടുന്നു.
ഒരു സാധാരണ ഫുട്ബാള്‍ ആരാധകന്റെ ഏറ്റവും വലിയ മോഹങ്ങളിലൊന്നാകും ഒരു ലോകകപ്പ് മത്സരം നേരില്‍ കാണണം, അക്കാലത്തെ സൂപ്പര്‍ താരങ്ങളെ കാണണം എന്നൊക്കെ. നമ്മുടെ കാലത്ത് അത് മെസ്സിയും റൊണാള്‍ഡോയും നെയ്മറുമൊക്കെയാണ്. 2004 മുതല്‍ മനസ്സിലിട്ടു നടക്കുന്ന ആഗ്രഹമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കാണണമെന്നത്. ഒരുപക്ഷേ ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ചിന്തിക്കുന്നതിനുമുമ്പ് പൂവിട്ട ആ ആഗ്രഹം യാഥാര്‍ഥ്യമായത് 18 വര്‍ഷങ്ങള്‍ക്കിപ്പുറം ദോഹയിലാണ്. ഇങ്ങനെ ഒരായിരം സ്വപ്നങ്ങള്‍ സഫലമായതിന്റെ കഥപറയാനുണ്ട് ഖത്തറിലെത്തിയ ഓരോ മനുഷ്യര്‍ക്കും. ലോകകപ്പ് കാലത്ത് പരിശീലന വേദികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരക്കേറിയ ഇടങ്ങള്‍ അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും പരിശീലന കേന്ദ്രങ്ങളായിരുന്നു. മെസ്സിയും റൊണാള്‍ഡോയും തന്നെയായിരുന്നു അതിനു കാരണം. പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് മലയാളി ആരാധകരോടുള്ള പുച്ഛം മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരിട്ടും അനുഭവിച്ചിട്ടുണ്ട്. ഫ്രഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇത് അല്‍പം കൂടുതല്‍. ഫ്രഞ്ച് ടീമിന്റെ പരിശീലനം ഷൂട്ട് ചെയ്യുന്നതിനിടെ ഫ്രാന്‍സില്‍നിന്നുള്ള ഒരു ചാനല്‍ പ്രതിനിധി അവിടെ അവര്‍ക്ക് കാമറ വയ്ക്കണം എന്ന ആവശ്യവുമായി എത്തുന്നു. കാര്യം നടക്കില്ലെന്ന് വന്നപ്പോള്‍ ഒരു ഇന്ത്യന്‍ ടി.വി ചാനല്‍ ഇതൊക്കെ എടുത്ത് എവിടെ കാണിക്കാന്‍ എന്നായിരുന്നു പരിഹാസം. അതേസമയം ലാറ്റിനമേരിക്കന്‍ ടീമുകളുടെ ക്യാമ്പുകളില്‍ വളരെ സൗഹാര്‍ദപൂര്‍വമായ പെരുമാറ്റവുമുണ്ടായി. ബ്രസീലിയന്‍ ടീം ലൈനപ്പിനെ കുറിച്ചൊക്കെ വളരെ കൃത്യമായ വിവരങ്ങള്‍ അറിയുന്ന മാധ്യമസുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. ഇതിനെല്ലാമുപരി ചെല്ലുന്നിടത്തെല്ലാം സഹായിക്കാന്‍ നിറഞ്ഞ ചിരിയുമായി ഓടിയെത്തുന്ന ഒരു മലയാളി ഉണ്ടായിരുന്നു എന്നതാണ് ഖത്തര്‍ ലോകകപ്പിലെ മധുരിക്കുന്ന ഓര്‍മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.