‘ബെൻസേമയെ അവഗണിച്ച് മെസ്സിക്ക് വോട്ട് ചെയ്തതിന് കാരണമുണ്ട്’; റയൽ ആരാധകരുടെ രോഷത്തിന് പിന്നാലെ വിശദീകരണവുമായി അലാബ

മാഡ്രിഡ്: ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ റയൽ മാ​ഡ്രിഡിലെ സഹതാരം കരീം ബെൻസേമയെ അവഗണിച്ച് ലയണൽ മെസ്സിക്ക് വോട്ട് ചെയ്തതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ റയൽ ആരാധകരുടെ രോഷത്തിനിരയായ ഡേവിഡ് അലാബ വിശദീകരണവുമായി രംഗത്ത്. വോട്ട് ചെയ്തവരുടെ വിവരങ്ങൾ ഫിഫ പുറത്തുവിട്ടതിനെ തുടർന്ന് ‘അലാബ ഔട്ട്’ എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. കൂടെ കളിക്കുന്ന താരത്തെയും ക്ലബിനെയും ചതിച്ചെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. അലാബക്കെതിരെ വംശീയാധിക്ഷേപവും ഉണ്ടായിരുന്നു.

ഇതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ആസ്ട്രിയൻ ദേശീയ ടീമിന്റെ തീരുമാനപ്രകാരമാണ് ക്യാപ്റ്റനായ താൻ മെസ്സിക്ക് വോട്ട് ചെയ്തതെന്നാണ് താരത്തിന്റെ വിശദീകരണം. ടീം ഒരു​മിച്ചെടുത്ത തീരുമാനമാണ് അതെന്നും താരം വെളിപ്പെടുത്തി.

‘‘ഞാൻ കരീം ബെൻസേമയെയും അവന്റെ പ്രകടനങ്ങളെയും എത്രമാത്രം ആദരിക്കുന്നെന്ന് എല്ലാവർക്കും അറിയാം, പ്രത്യേകിച്ച് കരീമിന്. അവൻ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്ന് ഞാൻ പലപ്പോഴും നേരിട്ട് പറഞ്ഞിട്ടുണ്ട്. അത് ഇപ്പോഴും അങ്ങനെതന്നെയാണ്, സംശയമില്ല’’, താരം പറഞ്ഞു.

2021ൽ ബയേൺ മ്യൂണിക്കിൽനിന്നാണ് അലാബ റയൽ മാഡ്രിഡിൽ എത്തിയത്. താരത്തിന്റെ രണ്ടാം വോട്ട് ബെൻസേമക്കായിരുന്നു. മെസ്സിക്കും എംബാപ്പെക്കും പിന്നിൽ മൂന്നാമനായിരുന്നു ബെൻസേമ. മെസ്സിക്ക് 52, എംബാപ്പെ​ക്ക് 44, ബെൻസേമക്ക് 34 എന്നിങ്ങനെയാണ് പോയന്റ് ലഭിച്ചത്. ലോകത്തെ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർക്കും പരിശീലകർക്കും മാധ്യമപ്രവർത്തകർക്കും ​ആരാധകർക്കുമായിരുന്നു വോട്ടെടുപ്പിൽ പ​ങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. 

Tags:    
News Summary - 'There's a reason he voted for Messi over Benzema'; Alaba came up with an explanation after the fury of Real fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.