ഫ്രീടൗൺ (സിയറ ലിയോൺ): ഫുട്ബാളിൽ ഒരു മത്സരം 95-0ന് ജയിക്കുകയെന്നാൽ അതേറെ സംശയാസ്പദം തന്നെ. ഒരേ സമയം മറ്റൊരു മത്സരം ഏറക്കുറെ അതേ സ്കോറിന് അവസാനിച്ചാലോ? ഒത്തുകളിയെന്ന് ചിന്തിക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ് ലോക ഫുട്ബാളിനെത്തന്നെ അമ്പരിപ്പിച്ച ഈ റിസൽട്ട്. രാജ്യത്തെ ഫസ്റ്റ് ഡിവിഷൻ ലീഗിലേക്ക് സ്ഥാനക്കയറ്റം തേടിയെത്തുന്ന ടീമുകളെ നിർണയിക്കുന്ന ലീഗ് മത്സരത്തിലാണ് 180 മിനിറ്റിനിടെ 187 ഗോളുകൾ പിറന്നത്!
ഗൾഫ് എഫ്.സിയും കോക്വിമ ലെബനോനും തമ്മിലുള്ള മത്സരത്തിൽ ഗൾഫ് ടീം ജയിച്ചത് 91-1 എന്ന സ്കോറിനായിരുന്നു. അതേസമയം, കഹുൻല റേഞ്ചേഴ്സ് ഏകപക്ഷീയമായ 95 ഗോളുകൾക്ക് ലുംബേബു യുനൈറ്റഡിനെതിരെയും 'വമ്പൻ ജയം' കൊയ്തു.
മത്സരങ്ങൾക്കിറങ്ങുമ്പോൾ ഇരുടീമിനും തുല്യ പോയന്റാണ് ഉണ്ടായിരുന്നത്. ഫസ്റ്റ് ഡിവിഷനിലെത്തുന്ന ടീമിനെ നിർണയിക്കാൻ ഗോൾ ശരാശരി പരിഗണിക്കുമെന്ന അവസ്ഥയിലാണ് കളിയുടെ കണക്കുകൂട്ടലുകളെ കീഴ്മേൽ മറിച്ച സ്കോർനില. ഇടവേളക്ക് പിരിയുമ്പോൾ ഗൾഫ് 7-1നാണ് ലീഡ് ചെയ്തിരുന്നത്. കഹുൻലയാകട്ടെ 2-0ത്തിന് മുന്നിലായിരുന്നു. ഇതിന് ശേഷമാണ് 'ഗോൾമഴ' പെയ്തത്.
എതിർടീമിന് ഗോളടിക്കാൻ തങ്ങളുടെ ഗോൾമുഖം തുറന്നിട്ടുകൊടുക്കുകയായിരുന്നു തോറ്റ രണ്ടു ടീമുകളും. ഏറെ പരിഹാസ്യമായ രീതിയിൽ കളിയുടെ ഗതി മാറുന്നതിൽ പ്രതിഷേധിച്ച് റഫറിമാരിൽ ഒരാൾ മൈതാനത്തുനിന്ന് കയറിപ്പോയതായി 'കൊറീറേ ഡെല്ലോ സ്പോർട്ട്' ദിനപത്രം റിപ്പോർട്ട് ചെയ്തു. രണ്ടു മത്സരങ്ങളുടെയും ഫലം സംശയാസ്പദമായതിനാൽ ഇതേക്കുറിച്ച് അന്വേഷണത്തിന് സിയറ ലിയോൺ ഫുട്ബാൾ അസോസിയേഷൻ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്ക് കർശന ശിക്ഷ നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് തോമസ് ഡാഡി ബ്രിമ പറഞ്ഞു. ഗിന്നസ് ബുക്ക് പ്രകാരം 2002ൽ മഡഗാസ്കറിൽ എ.എസ്. അഡീമ 149-0ത്തിന് എസ്.ഒ എമിർനെയെ കീഴടക്കിയതാണ് നിലവിൽ ഏറ്റവും വലിയ വിജയത്തിനുള്ള റെക്കോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.