കാൽപന്തുകളിയിൽ നൂറ്റാണ്ട് തികച്ച പാരമ്പര്യം. ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത ടീമുകളിലൊന്ന്. നേട്ടങ്ങൾകൊണ്ട് സമൃദ്ധം. 1920ൽ പ്രയാണമാരംഭിച്ച ക്ലബ് മൂന്നുതവണ സൂപ്പർ കപ്പിലും 16 ഡ്യൂറന്റ് കപ്പിലും മുത്തമിട്ടിട്ടുണ്ട്. എട്ട് ഫെഡറേഷൻ കപ്പും 29 ഐ.എഫ്.എ ഷീൽഡ് അടക്കം നിരവധി കിരീടങ്ങളും സ്വന്തമാക്കി. ദേശീയതല ക്ലബ് മത്സരങ്ങളിലെ സജീവ സാന്നിധ്യമായ ഈസ്റ്റ് ബംഗാൾ 2020-21 സീസണിലാണ് ഐ.എസ്.എലിലെത്തുന്നത്.
എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗ് ടീമിന് നൽകിയത് നല്ല തുടക്കമായിരുന്നില്ല. ടീം ഇത്തവണ ഒരുങ്ങുന്നതും മികച്ച പല മാറ്റങ്ങളും വരുത്തിയാണ്. 2021-22 സീസണിലെ ഗോൾഡൻ ഗ്ലൗ വിന്നർ പ്രബ്സുഖൻ ഗില്ലിനെ ടീമിലെത്തിച്ചതോടെ ഗോൾവലക്ക് താഴെ സുരക്ഷ ശക്തമാണ്.
ബ്ലാസ്റ്റേഴ്സിൽ നിന്ന് ടീമിലെത്തിച്ച ഹർമൽജോത് കബ്രയും മലയാളി താരം അതുൽ ഉണ്ണികൃഷ്ണനും നിഷുകുമാറും ആസ്ട്രേലിയൻ താരം ജോർദാൻ എൽസിയും നയിക്കുന്ന പിൻനിര കടക്കാൻ എതിരാളിക്ക് അൽപം വിയർക്കേണ്ടി വരും. പുതുതായി ടീമിലെത്തിച്ച സ്പാനിഷ് ഫോർവേഡ് ജാവിയർ സിവറിയോയും ബ്രസീൽ സ്ട്രൈക്കർ ക്ലിറ്റൺ സിൽവയും മലയാളി താരം വിപി സുഹൈറും തന്നെയാണ് ടീമിന്റെ കുന്തമുനകൾ.
പരിശീലകനായി മുൻ ബാഴ്സലോണ താരവും സ്പാനിഷുകാരനുമായ കാൾസ് ക്വാഡ്ററ്റ് അടക്കം 16 പേരെയാണ് ടീം പുതുതായി സ്വന്തം പാളയത്തിലെത്തിച്ചത്. ഈ വർഷത്തെ ഡ്യൂറന്റ് കപ്പ് ഫൈനലിലെത്തിയ ഈസ്റ്റ് ബംഗാൾ വലിയ പ്രതീക്ഷയിലാണ് ഐ.എസ്.എലിനെത്തുന്നത്.
എതിരാളികളുടെ പോരായ്മകളെ ടീമിന്റെ കരുത്താക്കുന്ന കുശാഗ്രബുദ്ധിക്കാരൻ, ബാഴ്സലോണയുടെ മടിത്തട്ടിൽ കളിച്ചും കളി പഠിപ്പിച്ചും കരിയറിൽ പിൻബലമുണ്ടാക്കിയ സമർഥൻ. തന്ത്രപരമായ കളിപാടവംകൊണ്ട് പരിശീലന രംഗത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ കാൾസ് ക്വാഡ്ററ്റ് ഇത്തവണ കളിയൊരുക്കുന്നത് ഈസ്റ്റ് ബംഗാളിന്റെ കളിത്തട്ടിലിലാണ്.
ഫിസിക്കൽ എജുക്കേഷനിലും സ്പോർട്സ് സയൻസിലും ബിരുദമുള്ള കാൾസ് പൊസിഷനിങ്ങിലും ഡിഫൻസിവ് ഗെയിമിലുമാണ് ശ്രദ്ധ ചെലുത്താറ്. 2016 മുതൽ ഇന്ത്യൻ ഫുട്ബാളിന്റെ ഗതിയറിയുന്ന കാൾസ് 2018-19 സീസണിൽ ബംഗളൂരു എഫ്.സിയെ കിരീടനേട്ടത്തിലെത്തിച്ചിരുന്നു. പുതിയ സീസണിലേക്കുള്ള കാൾസിന്റെ വരവിൽ ആരാധകരും മാനേജ്മെന്റും കാണുന്ന പ്രതീക്ഷ വലുതാണ്.
സെപ്. 25 ജംഷഡ്പുർ എഫ്.സി
സെപ്. 30 ഹൈദരാബാദ് എഫ്.സി
ഒക്ടോ. 04 ബംഗളൂരു എഫ്.സി
ഒക്ടോ. 21 എഫ്.സി ഗോവ
ഒക്ടോ. 28 മോഹൻ ബഗാൻ
നവം. 04 കേരള ബ്ലാസ്സ്റ്റേഴ്സ്
നവം. 25 ചെന്നൈയിൻ എഫ്.സി
ഡിസം. 04 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
ഡിസം. 09 പഞ്ചാബ് എഫ്.സി
ഡിസം. 16 മുംബൈ സിറ്റി എഫ്.സി
ഡിസം. 22 ഒഡിഷ എഫ്.സി
ഡിസം. 29 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.