യു.എ.ഇയിലെ ഫുട്ബാൾ ആരാധകർ ആകെ ത്രില്ലിലാണ്. അടുത്തയാഴ്ച അവരുടെ പ്രിയതാരം സാക്ഷാൽ ലയണൽ മെസ്സിയെ നേരിൽ കാണാനുള്ള ആകാംക്ഷയിലാണവർ. കളി മാത്രമല്ല, മെസ്സിയുടെ പരിശീലനം കാണാനും അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലേക്കും അൽ നഹ്യാൻ സ്റ്റേഡിയത്തിലേക്കും ഫുട്ബാൾ ആരാധകർ ഒഴുകിയെത്തുമെന്നുറപ്പ്.

നവംബർ 13ന് അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിലാണ് അർജന്‍റീനയുടെ ഒരുക്കങ്ങൾ നടക്കുന്നത്. സ്കലോണിയുടെ നേതൃത്വത്തിൽ മെസിയും ഡി മരിയയുമെല്ലാം പരിശീലിക്കുന്നത് കാണാനുള്ള അവസരം മുതലാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ അടക്കമുള്ള ആരാധകർ. പരിശീലനം കാണുന്നതിന് 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം ആറിന് മെസ്സി മൈതാനത്തെത്തും. എത്ര സമയം പരിശീലനമുണ്ടാകും എന്ന് വ്യക്തമാക്കിയിട്ടില്ല.

മറ്റ് ദിവസങ്ങളിലും പരിശീലനം നടക്കുന്നുണ്ടെങ്കിലും കാണികൾക്ക് പ്രവേശനം ഒരു ദിവസം മാത്രമേയുള്ളൂ. ലോകകപ്പിന് മുൻപുള്ള പരിശീലനമായതിനാൽ കൂടുതൽ സമയം താരങ്ങൾ ഗ്രൗണ്ടിൽ ചിലവഴിക്കുമെന്നാണ് പ്രതീക്ഷ. ആരവങ്ങൾക്ക് നടുവിലായിരിക്കും പരിശീലനം. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ പരിശീലനം കാണാൻ ടിക്കറ്റെടുത്തിട്ടുണ്ട്. മത്സരം കാണുന്ന അതേ ആരവങ്ങളോടെയായിരിക്കും മെസ്സിയുടെ ഓരോ ടച്ചും ഗാലറി ഏറ്റെടുക്കുക. എക്സ്പോ 2020യുടെ അംബാസഡറായിരുന്ന മെസി എക്സ്പോ നഗരിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

നവംബർ 16നാണ് യു.എ.ഇയുമായി പരിശീലന മത്സരം കളിക്കുക. ഈ മത്സരത്തിന്‍റെ ടിക്കറ്റ് പൂർണമായും വിറ്റഴിഞ്ഞിരുന്നു. ടിക്കറ്റ് കിട്ടാത്തവർ പരിശീലനം കാണാൻ ടിക്കറ്റെടുത്തിട്ടുണ്ട്. ലോകകപ്പിന് തൊട്ടുമുൻപുള്ള മത്സരമായതിനാൽ മെസ്സി ഉൾപെടെയുള്ള താരങ്ങൾ കുറച്ച് സമയമെങ്കിലും ഗ്രൗണ്ടിലുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ. ഈ മത്സരം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം ടീം ഖത്തറിലേക്ക് തിരിക്കും. ഖത്തറിലെത്തി അർജന്‍റീനയെ കാണാൻ കഴിയാത്തവരും അബൂദബിയിൽ കളി കണ്ട് ആശ തീർക്കും. 

Tags:    
News Summary - To welcome Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.