താരങ്ങൾക്കെതിരെ പത്രസമ്മേളനം വിളിച്ച കോച്ചിനെ പറഞ്ഞുവിട്ട് ടോട്ടൻഹാം

സ്വന്തം ടീമംഗങ്ങളുമായി നല്ല ബന്ധം തുടരാനാകാത്ത കോച്ചിനെ പുറത്താക്കി ടോട്ടൻഹാം ഹോട്സ്പർ. താരങ്ങൾ സ്വന്തം കാര്യം നോക്കുന്നവരാണെന്ന് കുറ്റപ്പെടുത്തിയും ക്ലബിനെ മൊത്തമായി അവഹേളിച്ചും പത്രസമ്മേളനം വിളിച്ചതോടെയാണ് അന്റോണിയോ കോണ്ടെക്ക് പുറത്തേക്ക് വഴി തുറന്നത്. പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതുള്ള ടീം സമീപകാലത്ത് മറ്റെല്ലാ പോരാട്ടങ്ങളിൽനിന്നും പുറത്തായിരുന്നു. ഇതിനെതിരെ ആരാധക രോഷം ഉയർന്നതിനു പിന്നാലെയായിരുന്നു പരിധി വിട്ട പ്രതികരണം. പരസ്പര സമ്മതത്തോടെയാണ് കോണ്ടെ പുറത്തുപോകുന്നതെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു. ഏറ്റവുമൊടുവിൽ സതാംപ്ടണെതിരെ 3-3ന് ടോട്ടൻഹാം സമനില പാലിച്ച കളിക്കൊടുവിലാണ് വാർത്താസമ്മേളനത്തിൽ താരങ്ങൾക്കെതിരെ രൂക്ഷ വിമ​ർശനവുമായി കോണ്ടെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. 

ഇതുവരെയും സഹപരിശീലകനായിരുന്ന ക്രിസ്റ്റ്യൻ സ്റ്റെല്ലിനി ആകും സീസൺ അവസാനം വരെ ടീമിനെ പരിശീലിപ്പിക്കുക. മുൻ ഹോട്സ്പർ മിഡ്ഫീൽഡർ റിയാൻ മേസൺ സഹായിയായുണ്ടാകും.

‘‘പ്രിമിയർ ലീഗിൽ ഇനിയും 10 മത്സരങ്ങൾ ബാക്കിയുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇടം നിലനിർത്താൻ അതുവഴി സാധ്യമായേക്കും. എല്ലാം ഒന്നിച്ചുനിർത്തുകയാണ് ഇനി വേണ്ടത്. ഓരോരുത്തരും രംഗത്തിറങ്ങി ക്ലബിന് മികച്ച നേട്ടത്തോടെ സീസൺ അവസാനിപ്പിക്കാനാകണം’’- ക്ലബ് ചെയർമാൻ ഡാനിയൽ ലെവി പറഞ്ഞു.

കോണ്ടെ പടിയിറങ്ങിയതോടെ നാലു വർഷത്തിനിടെ പുതിയതായി നാലാം പരിശീലകനു പിന്നാലെയാണ് ക്ലബ്. ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനോട് തോറ്റ ടീം എഫ്.എ കപ്പിൽ ഷെഫീൽഡ് യുനൈറ്റഡിനു മുന്നിലും വീണു. മുമ്പ് ചെൽസി, യുവന്റസ്, ഇന്റർ മിലാൻ ടീമുകളുടെ ചുമതല വഹിച്ച കോണ്ടെ ഇവയെ ക്ലബ് കിരീടത്തിലെത്തിച്ചിരുന്നു. ഇതിന്റെ ബലത്തിലാണ് ടോട്ടൻഹാമിലെത്തിയതെങ്കിലും കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. 

എന്നല്ല, കഴിഞ്ഞ ഫെബ്രുവരിയിൽ പിത്താശയ ശസ്ത്രക്രിയക്കായി അവധിയിൽ പോയതും ടീമിന് തിരിച്ചടിയായി. അതിനിടെ, ഏറ്റവുമടുത്ത മൂന്ന് സുഹൃത്തുക്കൾ വിടപറഞ്ഞതും കോണ്ടെയെ തളർത്തി. 

Tags:    
News Summary - Tottenham end unhappy relationship with Conte

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.