ദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ പ്രധാന വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം അമീർ കപ്പ് ഫൈനൽ പോരാട്ടത്തിന് സജ്ജമായതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഖത്തറിലെ പ്രധാന ഫുട്ബാൾ ടൂർണമെൻറുകളിലൊന്നായ അമീർ കപ്പിെൻറ 49ാമത് കലാശപ്പോരാട്ടത്തിന് അൽ തുമാമ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുമ്പോൾ മിഴി തുറക്കുന്നത് ലോകകപ്പിനുള്ള പ്രധാന വേദി കൂടിയായിരിക്കും. കരുത്തരായ അൽ സദ്ദുമും റയ്യാനും തമ്മിൽ തുമാമ സ്റ്റേഡിയത്തിൽ പോരിനിറങ്ങുമ്പോൾ ക്ലാസിക് പോരാട്ടത്തിന് തന്നെയാകും സാക്ഷ്യം വഹിക്കുക. ലോകകപ്പിന് മുമ്പായി ഫിഫ അറബ് കപ്പിലെ പ്രധാന മത്സരങ്ങൾക്കും തുമാമ സ്റ്റേഡിയം വേദിയാകും.
അമീർ കപ്പ് ഫൈനലിന് മുമ്പായി പ്രാദേശിക മാധ്യമങ്ങൾക്കായി സുപ്രീം കമ്മിറ്റി കഴിഞ്ഞദിവസം സ്റ്റേഡിയത്തിെൻറ കവാടങ്ങൾ തുറന്നുകൊടുത്തിരുന്നു. സ്റ്റേഡിയത്തിലെ മുഴുവൻ സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ അധികൃതർ പ്രദർശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. സ്റ്റേഡിയവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി ടൂർണമെൻറ് എക്സ്പീരിയൻസ് ചീഫ് ഖാലിദ് അൽ മവ്ലാവി, അൽ തുമാമ സ്റ്റേഡിയം പ്രോജക്ട് എൻജിനീയർ മുഹമ്മദ് ഖലീൽ അൽ അബ്ദുല്ല എന്നിവർ മാധ്യമ പ്രവർത്തകർക്ക് മുമ്പാകെ വിശദീകരിച്ചു. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും മത്സരം കാണാനെത്തുന്നവർക്കും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്ന സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനവും അത്യാധുനിക ലൈറ്റിങ് സംവിധാനവും സുസജ്ജമാണ്.
കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി പൂർണ ശേഷിയിൽ കാണികളെ സ്വീകരിക്കുന്ന പ്രഥമ സ്റ്റേഡിയവും തുമാമയായിരിക്കും. 40,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിെൻറയും ഗൾഫ് മേഖലയുടെയും പാരമ്പര്യത്തെയും പൈതൃകത്തെയും അലങ്കരിക്കുന്ന സ്റ്റേഡിയം വാസ്തുശിൽപ വൈദഗ്ധ്യവും പ്രകടമാക്കുന്നു.
മത്സരം നേരിൽ വീക്ഷിക്കുന്നതിന് ഖത്തറിലെ സ്വദേശികളെയും വിദേശികളെയുമുൾപ്പെടെ ക്ഷണിക്കുകയാണെന്നും എല്ലാവരും അവരുടെ ഇരിപ്പിടങ്ങൾ എത്രയും വേഗത്തിൽ ഉറപ്പുവരുത്തണമെന്നും അൽ മവ്ലാവി വ്യക്തമാക്കി. സ്റ്റേഡിയത്തിന് പുറത്ത് വിശാലമായ ഫാൻസോണിൽ നിരവധി കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ കൂടി രാജ്യത്തെ സ്റ്റേഡിയങ്ങൾ പൂർണാർഥത്തിൽ നിറയാനിരിക്കുകയാണെന്നും കോവിഡിന് ശേഷം കാണികൾ പൂർണമായെത്തുന്ന പ്രഥമ സ്റ്റേഡിയമായി തുമാമ മാറുമെന്നും സുപ്രീം കമ്മിറ്റി കമ്യൂണിക്കേഷൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു. ലോകകപ്പിന് ഒരു വർഷത്തിലധികം സമയം ബാക്കിയിരിക്കെയാണ് അൽ തുമാമ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതെന്നും ലോകകപ്പ് ടൂർണമെൻറിന് മുമ്പായി ലോകകപ്പിനുള്ള വേദികൾ സമയബന്ധിതമായി തയാറാക്കുന്നതിലെ ഖത്തറിെൻറ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും ഫത്മ അൽ നുഐമി കൂട്ടിച്ചേർത്തു.
അടുത്ത മാസം ആരംഭിക്കുന്ന ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് റാസ് അബൂ അബൂദ് സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യപ്പെടുമെന്നും ഇതോടെ ലോകകപ്പിന് വർഷം മുമ്പുതന്നെ ഏഴ് സ്റ്റേഡിയങ്ങൾ ടൂർണമെൻറിനായി സജ്ജമാകുമെന്നും അവർ വിശദീകരിച്ചു. ഫിഫ ലോകകപ്പിെൻറ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടമെന്നും അവർ ചൂണ്ടിക്കാട്ടി.
ഫിഫ മുന്നോട്ടുവെക്കുന്ന എല്ലാ മാനദണ്ഡങ്ങളും ലോകകപ്പ് വേദികൾക്കാവശ്യമായ മുഴുവൻ നിബന്ധനകളും പാലിച്ചാണ് തുമാമ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.
50,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് സ്റ്റേഡിയമുൾപ്പെടെ നിർമിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന് പുറമേ, പാർക്കുകളും പാർക്കിംഗ് സൗകര്യങ്ങളും പ്രാദേശിക ചെടികളും മരങ്ങളുമുൾപ്പെടുന്ന ഹരിത പ്രദേശവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ചെടികളുടെ ജലസേചനത്തിനായി സ്റ്റേഡിയത്തിൽനിന്നുതന്നെയുള്ള സംസ്കരിച്ച ജലമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.