‘എന്റെ മക്കൾക്ക് പിതാവിനെ തിരിച്ചുതരൂ’- തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന താരം അറ്റ്സുവിനെ കണ്ടെത്താൻ സഹായം തേടി പങ്കാളി

കഴിഞ്ഞ തിങ്കളാഴ്ച തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കാണാതായ ഘാന ദേശീയ ഫുട്ബാൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനായി തിരച്ചിൽ ഊർജിതമാക്കാൻ സഹായം ആവശ്യപ്പെട്ട് പങ്കാളി. ‘‘ഇപ്പോഴും പ്രാർഥനയിലാണ്. ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു’’- ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ താമസിക്കുന്ന ​െക്ലയർ റുപിയോ പറഞ്ഞു. ‘ഹതായ്സ്​പോർ ക്ലബ്, തുർക്കി അധികൃതർ, ബ്രിട്ടീഷ് സർക്കാർ എന്നിവരോടൊക്കെയും ഞാൻ സഹായം ചോദിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ, പ്രത്യേകിച്ച് എന്റെ കുട്ടികളുടെ പിതാവിനെ പുറത്തെത്തിക്കാൻ ആവശ്യമായ ഉപകരണങ്ങൾ അയച്ചുകൊടുക്കണം. അടിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഉപകരണങ്ങൾ വേണം. സമയം തീർന്നുപോകുകയാണ്’- ക്ലയർ വിലപിക്കുന്നു.

കാൽലക്ഷത്തോളം പേരുടെ ജീവനെടുത്ത തുർക്കി ഭൂകമ്പത്തിൽ കുടുങ്ങിയ ക്രിസ്റ്റ്യൻ അറ്റ്സുവിനെയും സ്​പോർട്സ് ഡയറക്ടർ താനിർ സാവുതിനെയും ഇതുവരെയും പുറത്തെത്തിക്കാനായിട്ടില്ല. തകർന്നുവീണ കെട്ടിടത്തിനടയിൽ തിരച്ചിൽ നടത്താൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതാണ് കുഴക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്നുതരിപ്പണമായത്. ആളുകൾ ഉറങ്ങിക്കിടക്കുന്ന നേരമായതിനാൽ ഇറങ്ങിയോടാൻ പോലും അവസരം ലഭിക്കാതെയായിരുന്നു ദുരന്തമെത്തിയത്. ഭൂചലനത്തിന് തലേദിവസം വരെ മൈതാനത്ത് ഗോളടിച്ച് നിറഞ്ഞുനിന്ന താരമായിരുന്നു അറ്റ്സു. താരത്തെ കണ്ടെത്തിയെന്നും ആശുപത്രിയിലെത്തിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ക്ലബ് തന്നെ പിന്നീട് നിഷേധിച്ചു. ഇനിയും താരത്തെ ജീവനോടെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ക്ലബിൽനിന്ന് ലഭിച്ച തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഞെട്ടിച്ചെന്ന് അറ്റ്സുവിന്റെ പങ്കാളി പറയുന്നു. ‘‘ജീവനോടെ കണ്ടെത്തിയെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമായിരുന്നു ക്ലബ് സ്ഥിരീകരിച്ചത്. എന്നാൽ, 11 മണിക്കൂർ കഴിഞ്ഞ് റേഡിയോയിൽ കേൾക്കുന്നത് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ്. അദ്ദേഹത്തിന്റെ ഏജന്റ് സ്ഥലത്തുണ്ട്. കണ്ടെത്താൻ അവർ പരമാവധി ശ്രമം തുടരുകയും ചെയ്യുന്നുണ്ട്. വിശ്വസിക്കാവുന്ന വാർത്ത ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

31കാരനായ അറ്റ്സു കരിയറിലേറെയും ഇംഗ്ലീഷ് ലീഗുകളിലാണ് പന്തുതട്ടിയിരുന്നത്. ന്യൂകാസിൽ നിരയിൽ 107 മത്സരങ്ങളിലിറങ്ങിയ താരം ചെൽസി, എവർടൺ, ബേൺസ്മൗത്ത് എന്നിവക്കൊപ്പവും കളിച്ചു. ഇതിനൊടുവിലാണ് തുർക്കി ടീമിൽ ചേർന്നിരുന്നത്. 

Tags:    
News Summary - Turkey-Syria earthquake: Christian Atsu partner calls for equipment to aid rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.