ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ടോട്ടൻഹാം ഹോട്സ്പറിനും വിജയം. യുനൈറ്റഡ് 3-1ന് ബ്രെൻഡ്ഫോഡിനെ തോൽപിച്ചപ്പോൾ ഇഞ്ചുറി സമയത്ത് ഡച്ച് വിംഗർ സ്റ്റീവൻ ബെർഗ്വയ്ൻ നേടിയ രണ്ടു ഗോളുകൾക്ക് ടോട്ടൻഹാം 3-2ന് ലെസ്റ്റർസിറ്റിയെ മറികടന്നു. 19 കളികളിൽ 36 പോയന്റോടെ ടോട്ടൻഹാം അഞ്ചാം സ്ഥാനത്തും യുനൈറ്റഡ് 21 മത്സരങ്ങളിൽ 35 പോയന്റോടെ ഏഴാമതുമാണ്.
ലെസ്റ്റർസിറ്റിയുടെ കിങ് പവർ മൈതാനത്ത് കളി നിശ്ചിതസമയം പിന്നിട്ട് ഇഞ്ചുറി സമയത്തേക്ക് കടക്കുമ്പോൾ ടോട്ടൻഹാം പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. 24ാം മിനിറ്റിൽ പാറ്റ്സൺ ഡാകയുടെ ഗോളിൽ മുന്നിലെത്തിയ ലെസ്റ്ററിനെതിരെ 38ാം മിനിറ്റിൽ ഹാരി കെയ്ൻ ടോട്ടൻഹാമിന് സമനില നൽകിയെങ്കിലും 76ാം മിനിറ്റിലെ ജെയിംസ് മാഡിസണിെൻറ ഗോളോടെ നീലക്കുപ്പായക്കാർ ജയമുറപ്പിച്ചിരിക്കുകയായിരുന്നു.
എന്നാൽ, 80-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ ബെർഗ്വയ്ൻ നിമിഷനേരംകൊണ്ട് കളി മാറ്റി. 90+5, 90+7 മിനിറ്റുകളിൽ ഡച്ച്താരം സ്കോർ ചെയ്തതോടെ അന്റോണിയോ കോണ്ടെയുടെ ടീം നാടകീയ വിജയം സ്വന്തമാക്കി. ആദ്യ ഗോൾ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെയായിരുന്നുവെങ്കിൽ കെയ്നിന്റെ മനോഹരമായ ത്രൂബാൾ പിടിച്ചെടുത്ത് ഗോളി കാസ്പർ ഷ്മൈക്കലിനെയും മറികടന്നായിരുന്നു വിജയഗോൾ.
ബ്രെൻഡ്ഫോഡിനെതിരെ ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമാണ് യുനൈറ്റഡ് വിജയത്തിലെത്തിയത്. പുതുതാരം ആന്റണി എലൻഗ, മേസൺ ഗ്രീൻവുഡ്, മാർകസ് റഷ്ഫോഡ് എന്നിവരാണ് സ്കോർ ചെയ്തത്. ബ്രെൻഡ്ഫോഡിനായി ഇവാൻ ടോണി ആശ്വാസ ഗോൾ കണ്ടെത്തി.
മിലാൻ: ഇഞ്ചുറി സമയത്ത് സമനില ഗോളും അധികസമയത്ത് വിജയഗോളുമായി ഇന്റർ മിലാൻ കോപ ഇറ്റാലിയയിൽ ക്വാർട്ടർ ഫൈനലിൽ. എംപോളിയെ 3-2നാണ് ഇന്റർ കീഴടക്കിയത്. നിശ്ചിതസമയം പിന്നിടുമ്പോൾ എംപോളി 2-1ന് ജയത്തിലേക്ക് നീങ്ങുകയായിരുന്നു.
13-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസിന്റെ ഗോളിൽ മുന്നിൽ കടന്ന ഇന്ററിനെതിരെ 61-ാം മിനിറ്റിൽ നദീം ബയ്റാമിയുടെ ഗോളും 76-ാം മിനിറ്റിൽ ഗോളി ഇയോനറ്റ് റാഡുവിന്റെ സെൽഫ് ഗോളും വഴി മറികടന്ന എംപോളി ജയമുറപ്പിച്ചിരിക്കുകയായിരുന്നു.
എന്നാൽ, 90+1ൽ അന്ദ്രിയ റെനോക്കിയ ഇന്ററിനെ ഒപ്പമെത്തിച്ചു. അധികസമയത്തിന്റെ 14-ാം മിനിറ്റിൽ സ്റ്റെഫാനോ സെൻസിയിലൂടെ ഇന്റർ ക്വാർട്ടറിലേക്ക് കുതിക്കുകയും ചെയ്തു.
മഡ്രിഡ്: സ്പാനിഷ് കോപ ഡെൽറേയിൽ കരുത്തരായ അത്ലറ്റികോ മഡ്രിഡ് പുറത്തായി. പ്രീക്വാർട്ടറിൽ റയൽ സോസിഡാഡ് ആണ് 2-0ത്തിന് അത്ലറ്റികോയെ കെട്ടുകെട്ടിച്ചത്. അദ്നാൻ യാനുസാജ്, അലക്സാണ്ടർ സൊർലോത്ത് എന്നിവരാണ് ഗോൾ നേടിയത്.
അതേസമയം, ലാ ലിഗയിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യ സമനില വഴങ്ങി. വലൻസിയയാണ് 1-1ന് സെവിയ്യയെ തളച്ചത്. മൗക്തർ ദിയാഖബിയുടെ സെൽഫ് ഗോളിൽ മുന്നിൽ കടന്ന സെവിയ്യയെ ഗോൺസാലോ ഗ്വഡസിന്റെ ഗോളിലാണ് വലൻസിയ തളച്ചത്. 21 കളികളിൽ 49 പോയൻറുള്ള റയൽ മഡ്രിഡിന് പിന്നിൽ 45 പോയന്റോടെ രണ്ടാമതാണ് സെവിയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.