ന്യൂഡൽഹി: തന്നെ ഏകപക്ഷീയമായി പുറത്താക്കിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ, കരാർ അനുശാസിക്കുന്ന തരത്തിലുള്ള തുക പത്ത് ദിവസത്തിനകം പൂർണമായും തന്നില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്ന് ഇഗോർ സ്റ്റിമാക്. ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ പല തവണ കരാർ ലംഘനം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2023 ഒക്ടോബർ അഞ്ചിനാണ് സ്റ്റിമാക്കുമായി മൂന്ന് വർഷത്തേക്ക് കരാർ പുതുക്കിയത്. രണ്ട് വർഷത്തിലധികം ബാക്കിയിരിക്കെ പരിശീലകനെ പുറത്താക്കുകയായിരുന്നു. ഇക്കാരണത്താൽ ഫിഫ അനുശാസിക്കുന്ന തരത്തിൽ, കരാർ മൂല്യപ്രകാരം ആറു കോടി രൂപയെങ്കിലും ഫെഡറേഷൻ സ്റ്റിമാക്കിന് നൽകണം. അല്ലാത്തപക്ഷം, ഫിഫ ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണ് സ്റ്റിമാക്കിന്റെ ഭീഷണി.
സ്റ്റിമാക് പുറത്ത്; ഇനിയാര്?
ന്യൂഡൽഹി: ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കിയതോടെ പുതിയ പരിശീലകനെത്തേടി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. സ്റ്റിമാക്കിനു കീഴിൽ കഴിഞ്ഞ 12 മത്സരങ്ങളിൽ ഒമ്പതിലും തോറ്റിരുന്നു നീലപ്പട. രണ്ടെണ്ണം സമനിലയായി. എ.എഫ്.സി ഏഷ്യൻ കപ്പിലെ ദയനീയ പുറത്താകലിനു പിന്നാലെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിലും തുടർതോൽവികൾ ഏറ്റുവാങ്ങി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകാതെ മടങ്ങി ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ 121ാം സ്ഥാനത്താണിപ്പോൾ. ഇതോടെയാണ് ക്രൊയേഷ്യക്കാരനെ പറഞ്ഞുവിടാൻ എ.ഐ.എഫ്.എഫ് തീരുമാനിച്ചത്.
2019ൽ ചുമതലയേറ്റെടുത്ത സ്റ്റിമാക്കിന്റെ പരിശീലനത്തിൽ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും നിർണായക കളികളിൽ കാലിടറിയത് തിരിച്ചടിയായി. ഒരുവേള ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയിരുന്നു ഇന്ത്യ. എന്നാൽ, പിന്നീട് കാര്യങ്ങൾ കൈവിട്ടു. സ്വന്തം മണ്ണിൽ അഫ്ഗാനിസ്താനോട് വരെ മുട്ടുമടക്കിയതാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ പുറത്തേക്ക് വഴി തുറന്നത്. ഇത്രയുംകാലം പരിശീലിപ്പിച്ച സ്റ്റിമാക്കിനോട് ഫുട്ബാൾ ഫെഡറേഷൻ നന്ദി പറഞ്ഞു.
പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
സമീപകാലത്ത് ഇന്ത്യൻ സംഘത്തെ പരിശീലിപ്പിച്ചവരിലധികവും വിദേശികളാണ്. ബൂബ് ഹൂട്ടൻ (ഇംഗ്ലണ്ട്) 2006 മുതൽ 11വരെയും വിം കോവർമാൻസ് (നെതർലൻഡ്സ്) 2012 മുതൽ 14വരെയും സ്റ്റീഫൻ കോൺസ്റ്റന്റൈൻ (ഇംഗ്ലണ്ട്) 2015 മുതൽ 19വരെയും പദവിയിലിരുന്നു. 2011-12 കാലത്ത് ഇന്ത്യക്കാരായ അർമാൻഡോ കൊളാസോയും സാവിയോ മെദെയ് രയും പരിശീലകരായി. സ്വദേശ പരിശീലകരെ ഒരിക്കൽക്കൂടി പരീക്ഷിക്കാൻ എ.ഐ.എഫ്.എഫ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. നിലവിലെ സഹപരിശീലകൻ മഹേഷ് ഗാവ്ലിയും ജാംഷഡ്പുർ എഫ്.സി കോച്ച് ഖാലിദ് ജമീലുമാണ് സാധ്യതകളിൽ മുന്നിൽ.
ഇന്ത്യൻ അണ്ടർ 23 ടീം പരിശീലകൻ ക്ലിഫോർഡ് മിറാൻഡ, റെനഡി സിങ്, ഗൂർമാംഗി സിങ് തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.