ദോഹ: 1990നുശേഷം ആദ്യമായൊരു ലോകകപ്പ് എന്ന വലിയ സ്വപ്നം പോലെതന്നെ ഇമാറാത്തിന് വിശേഷപ്പെട്ടതായിരുന്നു അയൽനാട്ടിലെ ലോകകപ്പ് വേദിയിൽ പന്തുതട്ടുകയെന്ന മോഹവും. കളത്തിൽ അലി മബ്കൂതും ഹാരിബ് അബ്ദുല്ലയും കായ് കനിഡോയും ഉൾപ്പെടെ സൂപ്പർ താരങ്ങൾ അധ്വാനിക്കുമ്പോൾ, ഗാലറിയിൽ ആവശേമാവാൻ അതിർത്തി കടന്ന് ഇമാറാത്തികളും ഒഴുകിയെത്തി.
റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ ഗാലറിയുടെ വലതുവശത്തെ ഇരിപ്പിടങ്ങൾ തൂവെള്ള കുപ്പായത്തിൽ നിറഞ്ഞുകൊണ്ട് അവർ കളത്തിന് ആവേശം പകർന്നു. കിക്കോഫ് രാത്രി ഒമ്പതിനായിരുന്നെങ്കിലും എട്ട് മണിക്കുതന്നെ ഗാലറിയിലേക്ക് കാണികൾ ഒഴുകിയെത്തിയിരുന്നു. യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ ബുക്ക് ചെയ്ത 5000ത്തോളം ടിക്കറ്റുകളുമായി അവർ പ്രിയപ്പെട്ട താരങ്ങൾക്ക് പിന്തുണ നൽകി. മറുനിരയിൽ മഞ്ഞക്കുപ്പായമണിഞ്ഞ് സോക്കറൂസിന്‍റെ ആരാധകപ്പടയുമെത്തി. മെൽബണിൽനിന്നും സിഡ്നിയിൽ നിന്നും കളികാണാനായെത്തിയ ട്രാവലിങ് ഫാൻസായിരുന്നു സോക്കറൂസിന്‍റെ കരുത്ത്. കളിയുടെ തുടക്കത്തിൽ പന്ത് മുഴുവൻ സമയവും യു.എ.ഇയുടെ പകുതിയിലായിരുന്നു കണ്ടത്. ജാക്സൺ ഇർവിനും ക്രെയ്ഗ് ഗുഡ്വിനും വിങ്ങിലൂടെ നടത്തിയ മുന്നേറ്റങ്ങളിൽ യു.എ.ഇ വല ഏതുനിമിഷവും കുലുങ്ങുമെന്ന പ്രതീതിയായി. എന്നാൽ, മുഹമ്മദ് ഉമർ അത്താസും ഖലിഫ മുബാറകും ക്യാപ്റ്റൻ വലിദ് അബ്ബാസും തീർത്ത കരുത്തുറ്റ പ്രതിരോധത്തിൽ ആദ്യ 30 മിനിറ്റ് ശക്തമായി ചെറുത്തുനിന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളിലൂടെയാണ് യു.എ.ഇ തിരിച്ചടിച്ചത്. പക്ഷേ, ഗോൾവലക്കുകീഴിൽ സ്പാനിഷ് ടീമായ റയൽ സൊസിഡാഡിന്‍റെ ഗോൾകീപ്പർ മാത്യു റ്യാൻ സോക്കറൂസിന്‍റെ രക്ഷകനായി. രണ്ടാം പകുതിയിലാണ് കളി മാറിയത്. ഇരു നിരയും ഇഞ്ചോടിഞ്ച് മുന്നേറ്റത്തിലൂടെ ഏതുനിമിഷവും ഗോളടിക്കുമെന്ന അവസ്ഥയിലേക്ക് മാറിയ അങ്കത്തിനൊടുവിൽ 53ാം മിനിറ്റിൽ ഓസീസും 57ാം മിനിറ്റിൽ യു.എ.ഇയും സ്കോർ ചെയ്തു.
ഒടുവിൽ 84ാം മിനിറ്റിൽ മഞ്ഞപ്പട വിജയ ഗോൾ കുറിച്ച് പ്ലേ ഓഫിന് ടിക്കറ്റുറപ്പിച്ചു. നിർണായകമായ ചില സബ്സ്റ്റിറ്റ്യൂഷനുകൾ യു.എ.ഇക്ക് ഊർജമായെങ്കിലും അന്തിമ വിജയം എതിരാളികൾക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.