യുവേഫ പുരസ്കാരം: ബെൻസേമ, കർട്ടുവ, ഡി ബ്രുയിൻ പട്ടികയിൽ

സൂറിച്ച്: യുവേഫയുടെ ഈ വർഷത്തെ താരമാകാനുള്ള ചുരുക്കപ്പട്ടികയിൽ ലാ ലിഗ ചാമ്പ്യന്മാരായ റയൽ മഡ്രിഡിൽനിന്ന് രണ്ടുപേർ. ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ കരീം ബെൻസേമ, ഗോളി തിബോ കർട്ടുവ എന്നിവരാണ് ചാമ്പ്യൻ ടീമിൽനിന്ന് ഇടം പിടിച്ചവർ. മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിനാണ് മൂന്നാമൻ. കോച്ചുമാരും തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരുമടങ്ങിയ പാനലാണ് അവസാന മൂന്നു പേരെ തെരഞ്ഞെടുത്തത്.

പരിശീലകരുടെ പട്ടികയിൽ മഡ്രിഡിന്റെ അഞ്ചലോട്ടി, ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്, സിറ്റിയുടെ ഗാർഡിയോള എന്നിവരാണുള്ളത്. ആഗസ്റ്റ് 25ന് തുർക്കി നഗരമായ ഇസ്തംബുളിലാകും വിജയികളെ പ്രഖ്യാപിക്കൽ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിലെ നറുക്കെടുപ്പും അന്ന് നടക്കും.

ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ ടീമാണ് റയൽ മഡ്രിഡ്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിലപ്പെട്ട മൂന്നെണ്ണമടക്കം 15 ഗോൾ കുറിച്ച ബെൻസേമ ചാമ്പ്യൻസ് ലീഗ് സീസൺ താരമായിരുന്നു. യൂറോപ്യൻ സൂപ്പർകപ്പിൽ കഴിഞ്ഞ ദിവസം ഫ്രാങ്ക്ഫർട്ട് ടീമിനെതിരെ രണ്ടാം ഗോൾ നേടിയതോടെ 324 എണ്ണവുമായി റയലിനായി ഏറ്റവും കൂടുതൽ ഗോൾ കുറിച്ച രണ്ടാമത്തെ താരമായും ബെൻസേമ മാറി.

ക്രിസ്റ്റ്യാനോയാണ് മുന്നിൽ. ഫൈനലിൽ ലിവർപൂളിനെ ഒരുഗോളിന് വീഴ്ത്തിയ മത്സരത്തിൽ അത്യപൂർവ മികവുമായി കർട്ടുവയായിരുന്നു കളിയിലെ താരം. സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചതിനാണ് ഡി ബ്രുയിൻ പട്ടികയിലെത്തിയത്. ലിവർപൂളിൽനിന്ന് ഇത്തവണ ആരുമില്ലെന്നതും ശ്രദ്ധേയമാണ്. റോബർട്ട് ലെവൻഡോവ്സ്കി നാലാമനായി.

Tags:    
News Summary - UEFA award: Benzema, Courtois, De Bruyne on the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.