മഡ്രിഡ്: പരാജയം ശീലമായിക്കഴിഞ്ഞ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ യുവന്‍റസിനെതിരായ മത്സരത്തിലും ഫലം തിരുത്താനായില്ല. 2-0നാണ് ഇംഗ്ലീഷ് വമ്പന്മാരെ യുവന്‍റസ് കെട്ടുകെട്ടിച്ചത്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലുമായി അവസാന 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സിറ്റിക്ക് ജയം കാണാനായത്.
യുവന്‍റസിനെതിരെ മികച്ച മത്സരം കാഴ്ചവെക്കാനായെങ്കിലും ഗോളിലേക്ക് വഴിയൊരുക്കാൻ സിറ്റിക്കായില്ല. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു യുവന്‍റസിന്‍റെ രണ്ട് ഗോളുകളും. 53ാം മിനിറ്റിൽ ദുസാൻ വ്ലാഹോവിച്, 75ാം മിനിറ്റിൽ വെസ്റ്റൺ മക്കെന്നി എന്നിവരാണ് ഗോൾ നേടിയത്.
മത്സരത്തിൽ 69 ശതമാനം സമയവും പന്ത് സിറ്റിയുടെ കാലിലായിരുന്നു. പന്തടക്കത്തിലും പാസ്സുകളിലുമെല്ലാം സിറ്റി ഏറെ മുന്നിലായിരുന്നെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഇതോടെ, പെപ് ഗ്വാർഡിയോളക്കും സംഘത്തിനും വീണ്ടുമൊരു പരാജയത്തിന്‍റെ കയ്പുനീർ കൂടി.
സീസണിലെ അവസാന പത്ത് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാൻ കഴിഞ്ഞത്. ഇതോടെ ചാമ്പ്യൻസ് ലീഗിലും ടീമിന്റെ ഭാവി തുലാസിലായി. തോൽവിയോടെ പോയിന്റ് ടേബിളിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും സമനിലയും തോൽവിയുമായി എട്ട് പോയിന്റിൽ 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറിൽ ആറും ജയിച്ച ലിവർപൂളാണ് പോയിന്‍റ് ടേബിളിൽ മുകളിൽ.
ചാമ്പ്യൻസ് ലീഗിലെ മറ്റ് മത്സരങ്ങളിൽ ആഴ്സണൽ 3-0ന് മൊണാക്കോയെയും, ബാഴ്സലോണ 3-2ന് ബൊറൂസ്സിയയെയും, അത്ലറ്റിക്കൊ മഡ്രിഡ് 3-1ന് സ്ലോവൻ ബ്രാട്ടിസ്ലാവയെയും തോൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.