യുവേഫ നേഷൻസ് ലീഗ്: ഡെന്മാർക്കിൽ വീണ് ഫ്രാൻസ്

പാരിസ്: നിലവിലെ ചാമ്പ്യൻ ഫ്രാൻസിനെ എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ച് ഡെന്മാർക്ക്. അടുത്ത വർഷത്തെ നേഷൻസ് ലീഗ് ഫൈനൽസിലെത്താൻ ജയം നിർബന്ധമാണെന്ന തിരിച്ചറിവിൽ മൈതാനം നിറഞ്ഞുകളിച്ചാണ് ഡാനിഷ് പട കരുത്തരെ വീഴ്ത്തിയത്. എന്നിട്ടും നിർണായകമായ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി ക്രൊയേഷ്യ ഒരു പോയന്റ് അധികം നേടി ഫൈനൽസ് ടിക്കറ്റ് നേടി. ഗ്രൂപ് എ1ൽ ക്രൊയേഷ്യ 13 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ 12 ഉള്ള ഡെന്മാർക്ക് രണ്ടാമന്മാരായി. ഗ്രൂപ് ചാമ്പ്യന്മാർക്കാണ് ഫൈനൽസ് യോഗ്യത. പട്ടികയിൽ ഏറെ പിറകിലുള്ള ഫ്രാൻസാകട്ടെ, അഞ്ചു പോയിന്റുമായി മൂന്നാമതാണ്. അവസാന സ്ഥാനത്തുള്ള ഓസ്ട്രിയ തരംതാഴ്ത്തപ്പെട്ടു.

കഴിഞ്ഞ വർഷം കലാശപ്പോരിൽ സ്പെയിനിനെ കടന്ന് നേഷൻസ് ലീഗ് കപ്പിൽ മുത്തമിട്ട ലോക ചാമ്പ്യന്മാരെ ഒരു ഘട്ടത്തിലും വാഴാൻ വിടാതെയായിരുന്നു ഡെന്മാർക്കിന്റെ മത്സരം. കിലിയൻ എംബാപ്പെ മുന്നിൽനിന്ന് നയിച്ച ഫ്രഞ്ചു പടയെ അതേ നാണയത്തിൽ പിടിച്ച് ക്രിസ്റ്റ്യൻ എറിക്സന്റെ ഡെന്മാർക്ക് ഒരു പടി മുന്നിൽനിന്നു. ആദ്യ പകുതിയിൽ ഡോൾബെർഗും സ്കോവ് ഒൾസെനുമായിരുന്നു ഡാനിഷ് ഗോളുകൾ കുറിച്ചത്. ഫ്രഞ്ച് ഗോൾവല കാത്ത് അൽഫോൺസ് അരിയോല നടത്തിയ സേവുകളാണ് മാർജിൻ കൂട്ടാതെ കാത്തത്. ഡെന്മാർക്ക് ഗോളി കാസ്പർ ഷ്മിഷേൽ മൂന്നു തവണയാണ് എംബാപ്പെ നീക്കങ്ങൾ കൈകളിൽ ഏറ്റുവാങ്ങി അവസാനിപ്പിച്ചത്.

ബെൽജിയം കടന്ന് ഡച്ചുകാർ

കരുത്തർ മുഖാമുഖം നിന്ന ആവേശപ്പോരിൽ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് നെതർലൻഡ്സ് നേഷൻസ് ലീഗ് ഫൈനൽസ് യോഗ്യത ഉറപ്പാക്കി. യൊഹാൻ ക്രൈഫ് അറീനയിൽ ലിവർപൂൾ താരം വാൻ ഡൈക് തലവെച്ചു നേടിയ ഗോളിലായിരുന്നു ഡച്ചുവിജയം. ഇതോടെ ഗ്രൂപ്പിൽ ആറു പോയന്റ് ലീഡുമായാണ് നെതർലൻഡ്സ് യോഗ്യത കടന്നത്.

Tags:    
News Summary - UEFA Nations League: Denmark defeated France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.